ഫോട്ടോ: ട്വിറ്റർ 
Sports

സഞ്ജുവിന്റെ അർധ സെഞ്ച്വറി വീണ്ടും പാഴായി; ജേസൻ റോയിയുടെ വെടിക്കെട്ട് ഫലം നിർണയിച്ചു; സൺറൈസേഴ്സിന് വിജയം

സഞ്ജുവിന്റെ അർധ സെഞ്ച്വറി വീണ്ടും പാഴായി; ജേസൻ റോയിയുടെ വെടിക്കെട്ട് ഫലം നിർണയിച്ചു; സൺറൈസേഴ്സിന് വിജയം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിൽ വിജയം അനിവാര്യമായ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് തോൽവി. സൺറൈസേഴ്‌സ് ഹൈദരാബാദ് ഏഴ് വിക്കറ്റിന് രാജസ്ഥാനെ കീഴടക്കി. 165 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് 18.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം പിടിച്ചു. 

സ്‌കോർ: രാജസ്ഥാൻ 20 ഓവറിൽ അഞ്ചിന് 164. സൺറൈസേഴ്‌സ് 18.3 ഓവറിൽ മൂന്നിന് 167. സൺറൈസേഴ്‌സിന്റെ സീസണിലെ രണ്ടാമത്തെ മാത്രം വിജയമാണിത്. 

അർധ സെഞ്ച്വറി നേടിയ ജേസൺ റോയിയും നായകൻ കെയ്ൻ വില്യംസനുമാണ് സൺറൈസേഴ്‌സിന് വിജയം സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി 82 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് ഒരിക്കൽ കൂടി പാഴായി. തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. ഡേവിഡ് വാർണർക്ക് പകരം ജേസൺ റോയിയെ കൊണ്ടുവന്ന സൺറൈസേഴ്‌സിന്റെ തീരുമാനം മത്സരത്തിൽ നിർണായകമായി. 

165 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും വൃദ്ധിമാൻ സാഹയും ചേർന്ന് നൽകിയത്. ആദ്യ അഞ്ചോവറിൽ ഇരുവരും ചേർന്ന് 57 റൺസ് അടിച്ചെടുത്തു. കിട്ടിയ അവസരം ശരിക്കും മുതലെടുത്ത റോയ് ആയിരുന്നു കൂടുതൽ അപകടകാരി. 

എന്നാൽ ആറാം ഓവറിലെ ആദ്യ പന്തിൽ തന്നെ സാഹയെ മടക്കി മഹിപാൽ ലോംറോർ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. കയറിയടിക്കാൻ ശ്രമിച്ച സാഹയെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കി. 11 പന്തുകളിൽ നിന്ന് 18 റൺസെടുത്താണ് താരം മടങ്ങിയത്. സാഹയ്ക്ക് പകരം എത്തിയ നായകൻ വില്യംസനും നന്നായി കളിക്കാൻ തുടങ്ങിയതോടെ ജേസൺ റോയിയുടെ ആത്മവിശ്വാസം വർധിച്ചു. രാജസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് റോയ് അപകടകാരിയായി. സൺറൈസേഴ്‌സിനായി അരങ്ങേറ്റ മത്സരം കുറിച്ച താരം 36 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി കണ്ടെത്തി. .

എന്നാൽ റോയിയെ മടക്കി ചേതൻ സക്കരിയ രാജസ്ഥാന് ആശ്വാസം പകർന്നു. പിന്നിലോട്ട് ഷോട്ട് കളിക്കാൻ ശ്രമിച്ച റോയിയുടെ ശ്രമം പാളി. പന്ത് ബാറ്റിലുരസി സഞ്ജുവിന്റെ കൈയിലെത്തി. വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ 50ാം ഐപിഎൽ ക്യാച്ചാണിത്. 42 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 60 റൺസെടുത്താണ് റോയ് താരം മടങ്ങിയത്. 

പിന്നാലെ വന്ന പ്രിയം ഗാർഗിനും പിടിച്ചുനിൽക്കാനായില്ല. ആദ്യ പന്തിൽ തന്നെ മുസ്താഫിസുർ റഹ്മാന് വിക്കറ്റ് നൽകി താരം പവലിയനിലേക്ക് മടങ്ങി. ഇതോടെ സൺറൈസേഴ്‌സിന്റെ റൺറേറ്റ് കുറഞ്ഞു. ഗാർഗിന് ശേഷം ക്രീസിലെത്തിയ അഭിഷേക് ശർമയെ കൂട്ടുപിടിച്ച് വില്യംസൺ സ്‌കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ ഇരുവരെയും തളച്ചു.

അവസാന നാലോവറിൽ 26 റൺസായിരുന്നു സൺറൈസേഴ്‌സിന് വേണ്ടിവന്നത്. മുസ്താഫിസുർ എറിഞ്ഞ 17-ാം ഓവറിൽ വെറും നാല് റൺസ് മാത്രമാണ് സൺറൈസേഴ്‌സിന് നേടാനായത്. ഇതോടെ വിജയ ലക്ഷ്യം മൂന്നോവറിൽ 22 റൺസായി. 

എന്നാൽ 18-ാം ഓവറെറിഞ്ഞ സക്കരിയയുടെ ആദ്യ പന്തിൽ തന്നെ സിക്‌സ് നേടി അഭിഷേക് ശർമ സൺറൈസേഴ്‌സിന്റെ സമ്മർദം കുറച്ചു. പിന്നാലെ വില്യംസൺ ബൗണ്ടറി കൂടി നേടിയതോടെ മത്സരം സൺറൈസേഴ്‌സിന്റെ കൈയ്യിലായി. തൊട്ടടുത്ത ഓവറിൽ വില്യംസൺ ടീമിനായി വിജയ റണ്ണും നേടി. ഒപ്പം അർധ സെഞ്ച്വറിയും കുറിച്ചു. 41 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 51 റൺസെടുത്ത വില്യംസനും 16 പന്തുകളിൽ നിന്ന് 21 റൺസിച്ച അഭിഷേക് ശർമയും പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. 

രാജസ്ഥാന് വേണ്ടി മുസ്താഫിസുർ റഹ്മാൻ, മഹിപാൽ ലോംറോർ, ചേതൻ സക്കറിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ തകർത്തടിച്ച നായകൻ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തത്.

57 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സുകളുടെയും ഏഴ് ഫോറുകളുടെയും അകമ്പടിയോടെ 82 റൺസെടുത്ത സഞ്ജുവിന്റെ ഒറ്റയ്ക്കുള്ള പോരാട്ടമാണ് രാജസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഈ ഇന്നിങ്‌സിന്റെ ബലത്തിൽ റൺവേട്ടക്കാരുടെ പട്ടികയിൽ സഞ്ജു ധവാനെ മറികടന്ന് ഒന്നാമതെത്തി. പത്ത് മത്സരങ്ങളിൽ നിന്ന് 433 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഒപ്പം ഐപിഎല്ലിൽ 3000 റൺസ് മറികടക്കുകയും ചെയ്തു.

23 പന്തിൽ 36 റൺസെടുത്ത് യശസ്വി ജയ്‌സ്വാൾ, 28 പന്തിൽ പുറത്താകാതെ 29 റൺസുമായി മഹിപാൽ ലോംറോർ എന്നിവരും തിളങ്ങി. 

ഹൈദരാബാദിനായി സിദ്ധാർത്ഥ് കൗൾ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സന്ദീപ് ശർമ, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

SCROLL FOR NEXT