വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം. ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് ആതിഥേയർ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡ് നോർവേയെ നേരിടും. വൈകീട്ട് 3.30ന് ഓസ്‌ട്രേലിയ-അയർലൻഡ് മത്സരവും നടക്കും. ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. 10 വേദികളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ ഓഗസ്റ്റ് 20ന് സിഡ്‌നിയിലെ ഒളിമ്പിക് പാർക്കിൽ നടക്കും.
'ടസുനി' എന്ന പെൻഗ്വിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം. ഓസ്ട്രേലിയ-ന്യൂസീലൻഡ് രാജ്യങ്ങൾക്കിടയിലുള്ള ടാസ്‌മൻ കടലിന്റെ പേരിൽ നിന്നാണ് ടസുനിക്ക് പേരുകിട്ടിയത്. 32 ടീമുകളാണ് മത്സരത്തിന് ഒരുങ്ങുന്നത്. നാല് കിരീടങ്ങൾ സ്വന്തമാക്കിയ യുഎസ് ആണ് നിലവിലെ ചാമ്പ്യന്മാർ. 1991, 1999, 2015, 2019 എന്നീ വർഷങ്ങളിലാണ് യുഎസ് കപ്പ് നേടിയത്.
ഗ്രൂപ്പ് ഇയിൽ നെതർലൻഡ്‌സ്, പോർച്ചുഗൽ, വിയറ്റ്‌നാം എന്നിവരാണ് യുഎസ്സിന്റെ എതിരാളികൾ. ഫിഫാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണെന്നതും ടീമിന്റെ ആത്മവിശ്വാസം കൂട്ടും. 22-കാരിയായ മുന്നേറ്റതാരം സോഫിയ സ്മിത്താണ് യുഎസ് കരുത്ത്. ജർമനി, സ്വീഡൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ എന്നിവരാണ് ലോകകപ്പിൽ പ്രധാന ടീമുകൾ. ജർമനി രണ്ടു തവണയും നോർവേയും ജപ്പാനും ഓരോ തവണയും ലോകകപ്പ് കിരീടമണിഞ്ഞു.
എന്നാൽ പുരുഷ ഫുട്ബോളിൽ മികച്ചു നിൽക്കുന്ന അർജന്റീനയ്‌ക്കും ബ്രസീലിനും വനിതാ ഫുട്ബോളിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ബ്രസീൽ 2007-ൽ രണ്ടാം സ്ഥാനത്തും 1999-ൽ മൂന്നാമതുമെത്തിയിട്ടുണ്ട്. ബ്രസീലിന്റെ സൂപ്പർതാരം മാർത്ത ഇക്കുറിയും ലോകകപ്പ് കളിക്കും. ആറാം തവണയാണ് മാർത്ത ലോകകപ്പിന് ബ്രസീലിന്റെ ജേഴ്‌സിയണിയുന്നത്. 37കാരിയായ താരം ഇത്തവണ കൂടിയെ ലോകകപ്പ് കളിക്കൂ എന്ന് അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഫുട്‌ബോൾ താരങ്ങളിലൊരാളാണ് മാർത്ത. ലോകകപ്പിൽ ഇതുവരെ 17 ഗോളടിച്ചു. 24ന് പാനമയുമായാണ് ബ്രസീലിന്റെ ആദ്യകളി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates