ഹർമൻപ്രീത്- ജെമിമ സഖ്യം ബാറ്റിങിനിടെ/ പിടിഐ 
Sports

അവസാനം വരെ പൊരുതി, പക്ഷേ... വനിതാ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്; ഓസ്‌ട്രേലിയ ഫൈനലില്‍

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 34 പന്തില്‍ 52 റണ്‍സ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കേപ് ടൗണ്‍: ഒരിക്കല്‍ കൂടി ഇന്ത്യന്‍ വനിതകളുടെ ടി20 ലോകകപ്പ് കിരീട മോഹത്തിന് തിരശ്ശീല. സെമിയില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകള്‍ പൊരുതി വീണു. അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. 

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 34 പന്തില്‍ 52 റണ്‍സ് കണ്ടെത്തി. ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് താരം കളം നിറഞ്ഞത്. ജെമിമ റോഡ്രിഗസും മികച്ച രീതിയില്‍ ബാറ്റ് വീശി. താരം 23 പന്തില്‍ 43 റണ്‍സെടുത്തു. 

വിജയം തേടിയിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 28 റണ്‍സിലെത്തുമ്പോഴേയ്ക്കും മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള സ്മൃതി മന്ധന രണ്ട് റണ്ണുമായി സഹ ഓപ്പണര്‍ ഷെഫാലി വര്‍മ ഒന്‍പത് റണ്‍സും മൂന്നാമതായി ക്രീസിലെത്തിയ യസ്തിക ഭാട്ടിയ രണ്ട് റണ്ണുമായും പുറത്തായി. 

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍- ജെമിമ റോഡ്രിഗസ് എന്നിവരുടെ ബാറ്റിങ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ഇരുവരും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

24 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 43 റണ്‍സ് അടിച്ചെടുത്ത ജെമിമ പുറത്തായതിന് പിന്നാലെ ഹര്‍മന്‍പ്രീത് ഒറ്റയ്ക്ക് തകര്‍ത്തടിച്ചു. താരം ആറ് ഫോറും ഒരു സിക്‌സും പറത്തി. സ്‌കോര്‍ 133ല്‍ നില്‍ക്കെ ഹര്‍മന്‍പ്രീത് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ റിച്ച ഘോഷും മടങ്ങി. താരം 14 റണ്‍സുമായി പുറത്തായി. 

ഹര്‍മന്‍ പുറത്തായെങ്കിലും അപ്പോഴും ഇന്ത്യക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. പിന്നീട് ഇറങ്ങിയ ദീപ്തി ശര്‍മ 17 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന് പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി. സ്‌നേഹ് റാണ (11), രാധ യാദവ് (0) എന്നിവരും പുറത്തായി. ശിഖ പാണ്ഡെ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബെത്ത് മൂണി നേടിയ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ആഷ്ലി ഗാര്‍ഡ്നര്‍ എന്നിവരുടെ മിന്നലടികളുമാണ് ഓസീസിനെ തുണച്ചത്. അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റണ്‍സാണ് ലാന്നിങ് അടിച്ചെടുത്തത്. താരം 34 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 49 റണ്‍സ് സ്വന്തമാക്കി. എല്ലിസ് പെറി രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. 

മികച്ച തുടക്കമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. എട്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ അലിസ്സ ഹീലി പുറകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 52 റണ്‍സുണ്ടായിരുന്നു. താരം 26 പന്തില്‍ 25 റണ്‍സ് എടുത്തു. സഹ ഓപ്പണര്‍ ബെത്ത് മൂണി അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തതോടെ ഓസീസ് കരുത്തോടെ കുതിച്ചു. 

ഒടുവില്‍ ശിഖ പാണ്ഡെയാണ് അലിസ്സയെ പുറത്താക്കി ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചത്. താരം 37 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്സും സഹിതം 54 റണ്‍സ് കണ്ടെത്തി. 

പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ആഷ്ലി ഗാര്‍ഡ്നര്‍ എന്നിവര്‍ തുടക്കത്തിലെ വേഗം കുറയാതെ കാത്തു. മികച്ച ബാറ്റിങുമായി നില്‍ക്കെ ഗാര്‍ഡ്നര്‍ മടങ്ങിയത് നിര്‍ണായകമായി. അഞ്ച് ഫോറുകള്‍ സഹിതം 18 പന്തില്‍ 31 റണ്‍സ് എടുത്തു നില്‍ക്കെ ദീപ്തി ശര്‍മ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഓസീസിന്റെ സ്‌കോറിങ് വേഗവും കുറഞ്ഞു. 

പിന്നാലെ എത്തിയ ഗ്രെയ്സ് ഹാരിസിനെ ശിഖ പാണ്ഡെ ക്ലീന്‍ ബൗള്‍ഡാക്കിയതും ഓസീസിനെ പ്രതിരോധത്തിലാക്കി. താരം നാല് പന്തില്‍ ഏഴ് റണ്‍സുമായി മടങ്ങി. എന്നാല്‍ അവസാന ഓവറില്‍ ഓസീസ് ക്യാപ്റ്റന്റെ മിന്നലടി ഇന്ത്യക്ക് തിരിച്ചടിയായി.

ഇന്ത്യക്കായി ശിഖ പാണ്ഡെ നാലോവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT