ബ്യു വെബ്സ്റ്ററുടെ വിക്കറ്റെടുത്ത ലുൻ​ഗി എൻ​ഗിഡിയുടെ ആഘോഷം (WTC Final 2025) pti
Sports

ലോര്‍ഡ്‌സ്, ബൗളര്‍മാരുടെ 'പറുദീസ'; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലില്‍ എന്തും സംഭവിക്കാം!

വീരോചിത ചെറുത്തു നില്‍പ്പുമായി അലക്‌സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബാറ്റര്‍മാരുടെ ശവപ്പറമ്പായി ലോര്‍ഡ്‌സ് മൈതാനം. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ (WTC Final 2025) മൂന്നാം ദിനമായ നാളെ അവസാനിച്ചാലും അത്ഭുതമില്ല. ഒന്നാം ഇന്നിങ്‌സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങി. രണ്ടാം ദിനമായ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. എങ്കിലും നിലവില്‍ അവര്‍ക്ക് 218 റണ്‍സ് ലീഡുണ്ട്. നാളെ പരമാവധി പിടിച്ചു നിന്ന് റണ്‍സ് കണ്ടെത്തുകയായിരിക്കും ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.

കളി നിര്‍ത്തുമ്പോള്‍ 47 പന്തുകള്‍ ചെറുത്ത് 16 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും, ഒരു റണ്ണുമായി നതാന്‍ ലിയോണുമാണ് ക്രീസില്‍.

74 റണ്‍സിന്റെ നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസ് 28 റണ്‍സ് വരെ വലിയ പ്രശ്‌നമില്ലാതെ പോയി. എന്നാല്‍ 28 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് വിക്കറ്റുകള്‍ കൊഴിയുന്ന കാഴ്ചയായിരുന്നു. ഒരു ഘട്ടത്തില്‍ ഓസീസ് 100 കടക്കുമോ എന്നു പോലും സംശയിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം അതിവേഗം മടങ്ങിയപ്പോള്‍ അവര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി.

എന്നാല്‍ എട്ടാം വിക്കറ്റിലെ വീരോചിത ചെറുത്തു നില്‍പ്പുമായി അലക്‌സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നു പോരാട്ടം പ്രോട്ടീസ് പാളയത്തിലേക്ക് നയിച്ചതോടെ ഓസീസിനു അല്‍പ്പം ആശ്വാസമായി. സഖ്യം സ്‌കോര്‍ 100 കടത്തുകയും ലീഡ് 200 കടത്തിയുമാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്നു ഉയര്‍ത്തിയത് 61 റണ്‍സിന്റെ വിലപ്പെട്ട റണ്‍സുകള്‍.

സ്‌കോര്‍ 134ല്‍ നില്‍ക്കെ അലക്‌സ് കാരി മടങ്ങി. താരം 43 റണ്‍സാണ് എടുത്തത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോററും കാരിയാണ്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറി നേടാന്‍ കാരിക്കു സാധിച്ചില്ല. ഓപ്പണര്‍ മര്‍നസ് ലാബുഷെയ്‌നാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 22 റണ്‍സെടുത്തു മടങ്ങി.

ആദ്യ ഇന്നിങ്‌സില്‍ 5 ഓസീസ് വിക്കറ്റുകള്‍ പിഴുത കഗിസോ റബാഡ രണ്ടാം ഇന്നിങ്‌സില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി നേട്ടം എട്ടാക്കി ഉയര്‍ത്തി. റബാഡയ്‌ക്കൊപ്പം രണ്ടാം ഇന്നിങ്‌സില്‍ ലുന്‍ഗി എന്‍ഗിഡിയും ഓസീസിനെ വിറപ്പിച്ചു. താരവും 3 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ യാന്‍സന്‍, വ്യാന്‍ മള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മാരക പേസുമായി കളം വാണപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ മുതലാക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. കമ്മിന്‍സ് വെറും 28 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹെയ്സല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി. കേശവ് മഹാരാജ് റണ്ണൗട്ടായി.

ഓസീസിനെ 212 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്. ആദ്യ ദിനത്തില്‍ 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ടെംബ ബവുമയും ഡേവിഡ് ബഡിങ്ഹാമും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെയാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്.

രണ്ടാം ദിനത്തിലെ ആദ്യ സെഷനിലും ഇരുവരും കരുതലോടെ നീങ്ങി. സ്‌കോര്‍ 94ല്‍ നില്‍ക്കെ കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. കമ്മിന്‍സ് ബവുമയെ മടക്കി. ബവുമ- ബെഡിങ്ഹാം സഖ്യം അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ മികച്ച കൂട്ടുകെട്ടും ഇതുതന്നെ.

ബഡിങ്ഹാമാണ് ടോപ് സ്‌കോറര്‍. താരം 111 പന്തില്‍ 45 റണ്‍സെടുത്തു. ബവുമ 84 പന്തില്‍ 36 റണ്‍സും കണ്ടെത്തി. 16 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടന്‍, 13 റണ്‍സെടുത്ത കെയ്ല്‍ വരെയ്ന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസീസിനെ ഒന്നാം ഇന്നിങ്സില്‍ കഗിസോ റബാഡയാണ് വെള്ളം കുടിപ്പിച്ചത്. പ്രോട്ടീസിനായി റബാഡ 5 വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റുകളും നേടി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരായ കേശവ് മഹാരാജും എയ്ഡന്‍ മാര്‍ക്രവും നേടി.

മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ദിനത്തില്‍ വീണ 14ല്‍ 12 വിക്കറ്റുകളും പേസ് ബൗളര്‍മാര്‍ സ്വന്തമാക്കി

ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനായി ബ്യു വെബ്സ്റ്ററും മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറികള്‍ നേടി. മറ്റാരും കാര്യമായി പൊരുതിയില്ല. വെബ്സ്റ്റര്‍ 72 റണ്‍സും സ്മിത്ത് 66 റണ്‍സും കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT