വെല്ലിങ്ടന്‍: സമീപകാലത്ത് ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങളില്‍ ഇതുപോലൊരു ബാറ്റിങ് തുടക്കം കിട്ടിയിട്ടില്ല. ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപ്പണര്‍മാരായ കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നു വെല്ലിങ്ടനില്‍ ഇന്ത്യക്ക് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയുള്ള തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്നു 130 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
ന്യൂസിലന്‍ഡ് മണ്ണിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടായും ഈ സ്‌കോര്‍ മാറി. 1990ല്‍ ഡബ്ല്യുവി രാമനും മനോജ് പ്രഭാകറും ചേര്‍ന്നു നേടിയ 149 റണ്‍സാണ് ഓപ്പണിങ് വിക്കറ്റിലെ കിവി മണ്ണിലെ ഇന്ത്യയുടെ ഏറ്റവും മികച്ച തുടക്കം. 36 കൊല്ലത്തിനു ശേഷം കിവി മണ്ണിൽ ഇന്ത്യയുടെ മികച്ച ഓപ്പണിങ് പ്രകടനവും സെഞ്ച്വറി കൂട്ടുകെട്ടും.
കഴിഞ്ഞ 17 ടെസ്റ്റുകളിലെ 30 ഇന്നിങ്‌സുകളിലായി ഇന്ത്യക്ക് ഒരു സെഞ്ച്വറി കൂട്ടുകെട്ടും ഇല്ലായിരുന്നു. ഈ വര്‍ള്‍ച്ചയ്ക്കും രാഹുല്‍- ജയ്‌സ്വാള്‍ സഖ്യം വിരാമം കുറിച്ചു. ഇതേ സഖ്യം 2024ല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 201 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.
ജയ്‌സ്വാളും രാഹുലും ചേര്‍ന്നു മിന്നും തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. യശസ്വി ആക്രമണ മൂഡിലും കെഎല്‍ രാഹുല്‍ പ്രതിരോധിച്ചും കളിച്ചതോടെ കിവി ബൗളര്‍മാര്‍ ഹതാശരായി. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 130 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെയാണ് ജയ്‌സ്വാളിന്റെ അപ്രതീക്ഷിത പുറത്താകല്‍. യശസ്വി 89 പന്തില്‍ 16 ഫോറുകള്‍ സഹിതം 85 റണ്‍സ് വാരിയാണ് മടങ്ങിയത്. താരത്തിന്റെ 14ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണിത്. മാറ്റ് ഹെന്റിയാണ് സെഞ്ച്വറിയിലേക്ക് നീങ്ങിയ ഇന്ത്യന്‍ ഓപ്പണറെ മടക്കി കിവികള്‍ക്ക് ആശ്വാസം നല്‍കിയത്.
പിന്നാലെ കെഎല്‍ രാഹുലും അര്‍ധ സെഞ്ച്വറി നേടി. കളി നിര്‍ത്തുമ്പോള്‍ രാഹുല്‍ 116 പന്തില്‍ 5 ഫോറുകള്‍ സഹിതം 52 റണ്‍സുമായി ക്രീസില്‍ തുടരുന്നു. രാഹുലിന്റെ 22ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates