Year Ender 2025 x
Sports

Year Ender 2025| കോഹ്‍ലിയുടെ ആദ്യ ഐപിഎൽ കിരീടത്തിന് സാക്ഷി, പ്രോട്ടീസിന്റെ, ബവുമയുടെ 2025

ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത് കണ്ടാണ് 2025 കടന്നു പോകുന്നത്

സമകാലിക മലയാളം ഡെസ്ക്

2025ലെ ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയ കിരീട നേട്ടങ്ങളാണ് അടയാളപ്പെട്ടത്. ഫുട്‌ബോളിലും ക്രിക്കറ്റിലും എന്‍ബിഎയിലും ഫോര്‍മുല വണിലുമൊക്കെ കുറേ ടീമുകളുടെ കിരീട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട വര്‍ഷമാണ് കടന്നു പോകുന്നത്. ചരിത്രത്തിലാദ്യമായി കിരീടം നേടിയവരേയും ഇക്കൊല്ലം കണ്ടു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ വര്‍ഷമാണിത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഇതിഹാസം വിരാട് കോഹ്‌ലിയും ആദ്യ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ വര്‍ഷം. വര്‍ണ വിവേചനങ്ങളുടെ നീണ്ട സമര പോരാട്ടങ്ങള്‍ താണ്ടിയ ദക്ഷിണാഫ്രിക്ക ഏറെ കാലത്തെ ഐസിസി കിരീടമെന്ന മോഹം സാര്‍ഥകമാക്കിയ 2025.

ഇന്ത്യന്‍ വനിതകളുടെ പോരാട്ട വീര്യം

രണ്ട് തവണ കൈവിട്ടു പോയ വനിതാ ഏകദിന വിശ്വ കിരീടമെന്ന ഇന്ത്യന്‍ ടീമിന്റെ കാത്തിരിപ്പിനു ഇത്തവണ വിരാമം സംഭവിച്ചു. ചരിത്രമെഴുതി ഹര്‍മന്‍പ്രീത് കൗറും സംഘവും ലോകകപ്പുയര്‍ത്തി. 1983ലെ പുരുഷ ടീമിന്റെ വിശ്വ വിജയത്തോളമാണ് ഇന്ത്യ ഈ കിരീട നേട്ടം കൊണ്ടാടിയത്. ഫൈനലില്‍ ഉരുക്കു കരുത്തിന്റെ പോര്‍വീര്യവുമായി എത്തിയ ദക്ഷിണാഫ്രിക്കന്‍ പടയെ തൂക്കിയെറിഞ്ഞാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തോറ്റും ജയിച്ചും പോരാടിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്.

Year Ender 2025

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തിയ മൈറ്റി ഓസീസിനെ സെമിയില്‍ കെട്ടുകെട്ടിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നിലവിലെ ചാംപ്യന്‍മാര്‍, ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ കൈവശമുള്ളവര്‍ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള ഓസ്‌ട്രേലിയന്‍ വനിതാ കരുത്തിനെ ഇന്ത്യ രണ്ടാം തവണ മുഖാമുഖം എത്തിയപ്പോള്‍ അടിച്ചു പരത്തുന്ന കാഴ്ചയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ 338 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യയുടെ ചെയ്‌സിങ് അതിഗംഭീരമായിരുന്നു. 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 48.3 ഓവര്‍ ബാറ്റ് ചെയ്ത് ഇന്ത്യ 341 റണ്‍സ് അടിച്ചാണ് മൈറ്റി ഓസീസിനെ തകര്‍ത്തത്. ജെമിമ റോഡ്രിഗ്‌സിന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായൊരു സെഞ്ച്വറി പ്രകടനം കണ്ട പോരാട്ടം. ഒപ്പം ഹര്‍മന്‍പ്രീത് കൗറിന്റെ വിലപ്പെട്ട 89 റണ്‍സും. ജെമിമ 134 പന്തില്‍ 14 ഫോറുകള്‍ സഹിതം 127 റണ്‍സുമായി പുറത്താകാതെ നിന്നു. ഹര്‍മനന്‍ 10 ഫോറും ഒരു സിക്‌സും പറത്തി.

ഫൈനലില്‍ ഷെഫാലി വര്‍മയായിരുന്നു താരം. പ്രതിക റാവലിനു പരിക്കേറ്റതിനാല്‍ മാത്രം വൈകി ടീമിലേക്കെത്തിയ ഷെഫാലി ഫൈനല്‍ എന്നേക്കും ഓര്‍ക്കാന്‍ പാകത്തില്‍ നിര്‍ത്തിയാണ് ക്രീസ് വിട്ടത്. താരം 78 പന്തില്‍ 7 ഫോറും 2 സിക്‌സും. സഹിതം 87 റണ്‍സാണ് ഷെഫാലി കണ്ടെത്തിയത്. ഒപ്പം ബാറ്റും പന്തും കൊണ്ട് ഇന്ത്യന്‍ ടീമിന്റെ പോരിനു കൂടുതല്‍ ഇന്ധനം പകര്‍ന്ന് ദീപ്തി ശര്‍മയും ഫൈനല്‍ അവിസ്മരണീയമാക്കി. താരം 58 റണ്‍സെടുത്തു. ഇരുവരുടേയും മികവില്‍ ഇന്ത്യ 298 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടിന്റെ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും ജയം കൈവിട്ടു. സൂപ്പര്‍ ബാറ്റിങ് കഴിഞ്ഞ് ദീപ്തി ശര്‍മ അടുത്ത വിസ്മയം പന്തില്‍ തീര്‍ത്തു. 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി ദീപ്തി 5 വിക്കറ്റുകള്‍ ആ രാത്രിയില്‍ വീഴ്ത്തി. ഇന്ത്യയ്ക്കും പ്രോട്ടീസ് വനിതകള്‍ക്കും ഇടയിലെ പ്രധാന വ്യത്യാസം ദീപ്തി ശര്‍മ മാത്രമായിരുന്നു. താരം നേടിയത് 58 റണ്‍സ്. ദക്ഷിണാഫ്രിക്ക തോറ്റത് 52 റണ്‍സിന്!

Year Ender 2025

അങ്ങനെ ആര്‍സിബി കപ്പുയര്‍ത്തി

നീണ്ട 18 വര്‍ഷത്തെ ഐപിഎല്‍ കിരീടത്തിനുള്ള കാത്തിരിപ്പിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും വിരാട് കോഹ്‌ലിയും അവസാനമിട്ടു. ആവേശ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയാണ് ആര്‍സിബി കപ്പുയര്‍ത്തിയത്. ആര്‍സിബി 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തില്‍ 184 വരെ എത്തി വീണു.

എന്നാല്‍ കിരീടം നേടിയ ശേഷം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വിജയാഘോഷം ദുരന്തമായത് ആര്‍സിബിയ്ക്ക് ക്ഷീണമുണ്ടാക്കി. തിക്കിലും തിരക്കിലും നിരവധി മരണങ്ങളുണ്ടായത് നേട്ടത്തിലെ കറുത്ത അധ്യായമായി.

ദക്ഷിണാഫ്രിക്കയുടെ വര്‍ഷം, ബവുമയുടേയും

ലോക ക്രിക്കറ്റിലെ നിര്‍ഭാഗ്യവാന്‍മാരെന്ന പേരുള്ളവരാണ് പ്രോട്ടീസ്. 27 വര്‍ഷമായി അവര്‍ ഒരു ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി. 1998ല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ് അവരുടെ ആദ്യ മേജര്‍ കിരീടം. 27 വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ മറ്റൊരു ട്രോഫി കൂടി ഷോക്കേസിലെത്തിച്ചു.

ക്യാപ്റ്റന്‍ ടെംബ ബവുമയുടെ വര്‍ഷം കൂടിയാണ് 2025. ടെസ്റ്റ് ടീമിനെ ഉജ്ജ്വലമായാണ് താരം നയിച്ചത്. നായകനെന്ന നിലയില്‍ ടെസ്റ്റില്‍ അനുപമമായ വിജയ ശതമാനവും താരത്തിനുണ്ട്.

Year Ender 2025

Year Ender 2025: india women's world cup win, virat kohli ipl win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

'ഇങ്ങനെ വ്യാഖ്യാനിച്ചാല്‍ എംഎല്‍എ പൊതുസേവകനല്ല'; ഉന്നാവോ കേസില്‍ ഹൈക്കോടതിക്ക് വിമര്‍ശനം

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു, 7 കോടിപ്പേര്‍ക്ക് പുതിയ സിം

ഡ്രൈവര്‍ക്ക് മാത്രമല്ല, ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

'ഡി മണിക്ക് പോറ്റി കൈമാറിയത് സ്വര്‍ണ ഉരുപ്പടികള്‍, വിഗ്രഹങ്ങളല്ല'; വ്യവസായിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

SCROLL FOR NEXT