മഹേന്ദ്ര സിങ് ധോനി എപി
Sports

'ഒന്നും രണ്ടുമല്ല, ടീമിലെ മുഴുവൻ പേരും മോശമായി കളിക്കുന്നു, എന്തുചെയ്യും'- കടുത്ത നിരാശയില്‍ ധോനി

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 9 കളിയില്‍ ഏഴാം തോല്‍വി വഴങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന സ്ഥാനത്താണ്. അവരുടെ പ്ലേ ഓഫ് സാധ്യതകളും ഏതാണ്ട് അവസാനിച്ചു. ടീമിന്റെ പ്രകടനത്തില്‍ കടുത്ത നിരാശയിലാണ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. ടീമിലെ നിര്‍ണായക താരങ്ങളില്‍ മിക്കവരും ഫോം കിട്ടാതെ ഉഴലുമ്പോള്‍ പോസിറ്റിവായ ഫലം കിട്ടുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നു ധോനി വ്യക്തമാക്കി.

സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 5 വിക്കറ്റിനാണ് ചെന്നൈ തോറ്റത്. ഇതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 154 റണ്‍സിനു ഓള്‍ ഔട്ടായി. എസ്ആര്‍എച് 5 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്താണ് വിജയിച്ചത്.

'ഒന്നോ രണ്ടോ മേഖലകളിലാണ് ടീമിനു പ്രശ്‌നമുള്ളതെങ്കില്‍ അതു പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ കളിക്കാരില്‍ ഭൂരിഭാഗം പേരും മോശം ഫോമില്‍ കളിച്ചാല്‍ ഒന്നും ചെയ്യാനില്ല- മത്സര ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ധോനി വ്യക്തമാക്കി.'

കാലങ്ങളായി വിന്നിങ് കോമ്പിനേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്താത്ത ടീമാണ് സിഎസ്‌കെ. എന്നാല്‍ ഇത്തവണ അവര്‍ പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഒന്നും ക്ലിക്കായില്ല.

'9 മത്സരങ്ങളില്‍ 19 കളിക്കാരെയാണ് സിഎസ്‌കെ ഇത്തവണ മാറി പരീക്ഷിച്ചത്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുകയല്ലാതെ മറ്റ് രക്ഷകളൊന്നുമില്ല. മാറ്റം വരുത്താന്‍ ആഗ്രഹിച്ചാലും ആരും മികവിലേക്ക് വരുന്നില്ലെങ്കില്‍ എന്തു ചെയ്യും. താരങ്ങള്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍ കോമ്പിനേഷന്‍ തുടരെ അഞ്ചോ ആറോ മത്സരങ്ങള്‍ വരെ കൊണ്ടു പോകാം. ടീമിലെ നാലോ അഞ്ചോ താരങ്ങള്‍ തുടരെ പരാജയപ്പെട്ടാല്‍ മാറ്റം വരുത്താതെ മുന്നോട്ടു പോകാന്‍ ടീമിനു സാധിക്കില്ല.'

'ഡെവാള്‍ഡ് ബ്രെവിസ് നന്നായി ബാറ്റ് ചെയ്തു. മധ്യനിരയില്‍ അത്തരമൊരു മാറ്റം ടീമിനു അനിവാര്യമായിരുന്നു. സ്പിന്നിനെ കളിക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ വേഗതയില്‍ റണ്‍സടിച്ച് ആധിപത്യം സ്ഥാപിക്കുന്നതിന്റെ കുറവ് ടീമിനുണ്ടായിരുന്നു. കാര്യമായ റണ്‍സ് നേടേണ്ട ഘട്ടത്തില്‍ അതു വരുന്നില്ല എന്നതാണ് ടീമിന്റെ പ്രശ്‌നം. എല്ലായ്‌പ്പോഴും 180-200 റണ്‍സ് അടിക്കാനൊന്നും സാധിക്കില്ല. പക്ഷേ സാഹചര്യം നോക്കി റണ്‍സടിക്കാന്‍ സാധിക്കണം.'

'പിച്ചിന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പിച്ച് ബാറ്റിങിനു അനുകൂലമായിരുന്നു. എന്നാല്‍ ടീമിനു മികച്ച സ്‌കോര്‍ നേടാനായില്ല.'

'155 റണ്‍സ് ന്യായീകരിക്കാവുന്ന സ്‌കോറല്ല. കുറച്ചു റണ്‍സ് കൂടി ഞങ്ങള്‍ നേടണമായിരുന്നു. ടീമിന്റെ ബൗളിങ് പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. എന്നാല്‍ അന്തിമ വിജയത്തിലേക്ക് ഞങ്ങള്‍ക്ക് 20 റണ്‍സിന്റെ കുറവെങ്കിലും വന്നു'- ധോനി വ്യക്തമാക്കി.

സിഎസ്‌കെയുടെ സമീപ കാലത്തെ ഏറ്റവും മോശം ഐപിഎല്ലാണിത്. ഏഴ് തോല്‍വികളില്‍ നാലും സ്വന്തം തട്ടകമായി ചെപ്പോക്കില്‍ തന്നെയാണ് അവര്‍ വഴങ്ങിയത് എന്നതും ടീമിനു ക്ഷീണമായി.

ഡോവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, സാം കറന്‍ തുടങ്ങിയ വിദേശ താരങ്ങളും രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, വിജയ് ശങ്കര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും വമ്പന്‍ പരാജയമായി മാറി. മധ്യ ഓവറുകളില്‍ ബാറ്റര്‍മാര്‍ക്കും സ്പിന്നിനെ ഫലപ്രദമായി നേരിടാന്‍ സാധിക്കാത്തതും ടീമിന്റെ തിരിച്ചടിക്കു വേഗം കൂട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT