മദ്യപാനം തുടങ്ങിയതിനെ കുറിച്ചും നിയന്ത്രണമില്ലാതെ അത് തുടർന്നതും പിന്നീട് ഉപേക്ഷിച്ചതുമായി കാര്യങ്ങൾ തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ഒരാളാണ് ചഹൽ. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മദ്യപാനം അടക്കമുള്ള ദുശ്ശീലങ്ങളും അതു നിർത്തിയതിനെക്കുറിച്ചും ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് യുസി തുറന്നുപറഞ്ഞത്.
'ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഉറ്റ സുഹൃത്തുക്കളും കുടുംബവുമാണ് ഒപ്പം നിന്നത്. മദ്യപാനം അതിന്റെ എല്ലാ സീമകളും കടന്ന് എന്റെ ക്രിക്കറ്റ് ജീവിതത്തെ പോലും ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഞാൻ ഇംഗ്ലണ്ടിൽ കൗണ്ടി കളിച്ചിരുന്നു. അതിനു ശേഷമാണ് ഞാൻ മദ്യത്തിന് വല്ലാതെ അടിപ്പെട്ടത്. ഒടുവിൽ ഒരു റിഹാബ് സെന്ററിൽ ചികിത്സയിലായിരുന്നു. 26 ദിവസം അവിടെ കഴിഞ്ഞു. ഇപ്പോൾ കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു എനിക്കറിയാം. മദ്യപാനം ഉപേക്ഷിക്കാൻ എടുത്ത തീരുമാനം എന്റെ വ്യക്തി ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. എന്റെ പക്വത വർധിച്ചു. എന്റെ വികാരങ്ങളെ ഇപ്പോൾ സന്തുലിതമായി നിർത്താൻ എനിക്ക് സാധിക്കുന്നു.'
'2026ലെ ഐപിഎൽ സീസണിലെ ഒരു 30കാരന്റെ മനോഭാവത്തോടെ കളിക്കാൻ എനിക്ക് സാധിച്ചു. ജിം വർക്കുകൾ, ഫീൾഡിങ് ഡ്രില്ലുകൾ, കൃത്യമായ പരിശീലനം എന്നിവയെല്ലാം ചെയ്യാൻ സാധിച്ചു.'
'2011ലാണ് ഞാൻ ആദ്യമായി ഐപിഎൽ കളിക്കാൻ ഇറങ്ങുന്നത്. അന്ന് പാർട്ടികളൊക്കെ ഉണ്ടായിരുന്നു. അക്കാലത്താണ് മദ്യപാനം തുടങ്ങുന്നത്. ജീവിതത്തിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് എബി ഡിവില്ല്യേഴ്സ് അന്ന് എന്നോട് പറഞ്ഞിരുന്നു. കേൾക്കാൻ എളുപ്പമുള്ള കാര്യമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ജീവിതത്തിൽ അതുപാലിക്കുക എന്നത് അത്ര എളുപ്പമല്ല.'
'പിന്നീട് വിവാഹിതനായി. വലിയ താമസമില്ലാതെ വിവാഹമോചനവും സംഭവിച്ചു. അതോടെ കാര്യങ്ങൾ എന്റെ കൈയിൽ നിന്നു പോയി. എന്റെ മാനസികാവസ്ഥ അന്ന് അത്ര നല്ലതായിരുന്നില്ല. മദ്യാപാനം കൂടി. എന്നാൽ പിന്നീട് എനിക്ക് തോന്നി ഞാൻ മദ്യത്തിന്റെ വഴിക്ക് തന്നെ പോയാൽ ഏറെ സ്നേഹിക്കുന്ന ക്രിക്കറ്റിനെ അതു നശിപ്പിക്കുമെന്നു മനസിലായി. അതോടെയാണ് മദ്യം കഴിക്കുന്നത് അവസാനിപ്പിച്ചത്. ഇപ്പോൾ ഞാൻ കൂടുതൽ സന്തോഷവാനാണ്. മികച്ച അവസ്ഥയിലുമാണ്'- ചഹൽ വ്യക്തമാക്കി.
ഐപിഎല്ലിൽ 188 മത്സരങ്ങളിൽ നിന്നു 233 വിക്കറ്റുകൾ ചഹൽ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കായി 72 ഏകദിനങ്ങൾ കളിച്ച ചഹൽ 121 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 80 ടി20 മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചു. 96 വിക്കറ്റുകൾ നേട്ടം. ഇന്ത്യയ്ക്കായി താരം ഇതുവരെ ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates