ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ നാടകീയ സമനിലയിൽ കുരുക്കി അഫ്ഗാനിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെടുത്തപ്പോൾ വിജയം തേടിയിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ഒരു പന്ത് ബാക്കി നിൽക്കേ 252 റൺസിൽ തന്നെ അവസാനിപ്പിച്ചാണ് അഫ്ഗാൻ വിജയത്തോളം പോന്ന സമനില സ്വന്തമാക്കിയത്.
അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ ഏഴ് റൺസെന്ന നിലയായിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് കൈയിലുണ്ടായിരുന്നത്. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ഒരു ഫോർ നേടി രവീന്ദ്ര ജഡേജ വിജയ ലക്ഷ്യം കുറച്ചു. അവസാന രണ്ട് പന്തിൽ ഒരു റൺസായി നിൽക്കുന്ന ഘട്ടത്തിൽ റാഷിദിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച് ജഡേജ പുറത്തായതോടെയാണ് മത്സരം ടൈ കെട്ടിയത്.
ഫൈനലുറപ്പിച്ചതിനാൽ ക്യാപ്റ്റൻ രോഹിത് ശർമയടക്കമുള്ളവർക്ക് വിശ്രമമനുവദിച്ചാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുൻ നായകൻ മഹേന്ദ്രസിങ് ധോണി വീണ്ടും ഇന്ത്യയെ നയിച്ചു. 200ാം മത്സരത്തിലാണ് ധോണി ക്യാപ്റ്റനായി ഇറങ്ങിയത്. ഒപ്പം നീണ്ട 696 ദിവസങ്ങള്‍ക്ക് ശേഷമാണ് ധോണി വീണ്ടും ഇന്ത്യൻ ക്യാപ്റ്റനായി കളത്തിലെത്തിയത്.
253 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് കെ.എൽ രാഹുൽ- അമ്പാട്ടി റായിഡു സഖ്യം നൽകിയത്. രാഹുല്‍ (60), അമ്പാട്ടി റായിഡു (57), മൂന്നാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് (44) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. എന്നാല്‍ മൂവര്‍ക്കും ശേഷം എത്തിയവര്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. വാലറ്റത്ത് ജഡേജ (25), കേദാര്‍ ജാദവ് (19) സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും അതും വിജയം കണ്ടില്ല. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദ് ഖാന്‍, അഫ്താബ് അലം, മുഹമ്മദ് നബി എന്നിവരുടെ ബൗളിങാണ് ഇന്ത്യയെ വെട്ടിലാക്കിയത്.
നേരത്തെ ടോസ് നേടി അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ അഹമ്മദ് ഷെഹ്സാദ്, വാലറ്റത്ത് അർധ സെഞ്ച്വറിയുമായി പൊരുതിയ മുഹമ്മദ് നബി എന്നിവരുടെ ബാറ്റിങാണ് അഫ്ഗാനിസ്ഥാന് തുണയായത്. 88 പന്തില്‍ തന്റെ അഞ്ചാം സെഞ്ച്വറി കണ്ടെത്തിയ ഷെഹ്‌സാദ് 116 പന്തില്‍ 124 റണ്‍സ് നേടി പുറത്തായി. ഏഴു സിക്‌സുകളുടെയും 11 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഷെഹ്‌സാദിന്റെ ഇന്നിങ്സ്. മുഹമ്മദ് നബി 64 റണ്‍സ് നേടി.
ഷെഹ്‌സാദ് തകര്‍ത്തടിക്കുമ്പോള്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങാതിരുന്നതാണ് ശക്തമായ നിലയിലേക്ക് നീങ്ങുന്നുവെന്ന് സൂചന നല്‍കിയ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ 252 റണ്‍സിലേക്ക് ചുരുങ്ങാന്‍ കാരണം. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റും കുല്‍ദീപ് ജാദവ് രണ്ടുവിക്കറ്റും വീഴ്ത്തി. ഗൂല്‍ബാദിന്‍ നൈബിനെ പുറത്താക്കി ദീപക് ചാഹര്‍ തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി. ഷെഹ്സാദാണ് കളിയിലെ താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates