Sports

ഇന്ത്യക്ക് സമ്മർദ്ദം; ഇനി പ്രതീക്ഷ രഹാനെ, വിഹാരി എന്നിവരില്‍

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയില്‍. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 39 റണ്‍സ് കൂടി വേണം. 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 165 റണ്‍സിന് പുറത്താക്കിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 348 റണ്‍സാണ് കണ്ടെത്തിയത്. ഇന്ത്യ 183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ അജിന്‍ക്യ രഹാനെ 25 റണ്‍സുമായും ഹനുമ വിഹാരി 15 റണ്‍സുമായി ക്രീസിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷയാണ്. 113 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായത്. ഓപണര്‍മാരായ പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, നായകന്‍ വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ടെസ്റ്റിലെ നാലാമത്തെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. 75 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് മായങ്കിന്റെ അര്‍ധസെഞ്ചുറി. 58 റണ്‍സെടുത്ത മായങ്കിനെ ടിം സൗത്തി പുറത്താക്കി. വാട്‌ലിംഗാണ് ക്യാച്ചെടുത്തത്.

പൃഥ്വി ഷാ 14 റണ്‍സും പൂജാര 11 റണ്‍സും എടുത്ത് പുറത്തായി. പൃഥ്വിയെയും പൂജാരയെയും ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. ബോള്‍ട്ടിന്റെ പന്തില്‍ പൂജാര ക്ലീന്‍ ബൗള്‍ഡായി. പൂജാര ലീവ് ചെയ്ത പന്താണ് ഓഫ് സ്റ്റംപിളക്കിയത്. 30 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതമാണ് പൃഥ്വി 14 റണ്‍സെടുത്തത്. 43 പന്തില്‍ 19 റണ്‍സെടുത്ത കോഹ്‌ലിയെ ബോള്‍ട്ട് കീപ്പര്‍ വാട്‌ലിംഗിന്റെ കൈകളിലെത്തിച്ചു.

നേരത്തെ, അഞ്ചിന് 216 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസിലന്‍ഡിന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. ഒരേയൊരു അര്‍ധ സെഞ്ച്വറി മാത്രം പിറന്ന ഇന്നിങ്‌സില്‍ 100.2 ഓവറിലാണ് കിവീസ് 348 റണ്‍സെടുത്തത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (74 പന്തില്‍ 43), കൈല്‍ ജയ്മിസന്‍ (45 പന്തില്‍ 44), ട്രെന്റ് ബോള്‍ട്ട് (24 പന്തില്‍ 38) എന്നിവരാണ് വാലറ്റത്ത് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു