Sports

ഇന്ത്യൻ സൂപ്പർ ലീ​ഗ്, ഐ ലീഗ് ട്രോഫികള്‍ ഇനി ഒറ്റ ഷോക്കേസില്‍! എടികെയ്ക്ക് മൂന്നാം ഐഎസ്എല്‍ കിരീടം

ഇന്ത്യൻ സൂപ്പർ ലീ​ഗ്, ഐ ലീഗ് ട്രോഫികള്‍ ഇനി ഒറ്റ ഷോക്കേസില്‍! എടികെയ്ക്ക് മൂന്നാം ഐഎസ്എല്‍ കിരീടം

Author : സമകാലിക മലയാളം ഡെസ്ക്

ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരിക്കല്‍ കൂടി കൊല്‍ക്കത്തന്‍ ആരവം. ഈ സീസണിലെ ഐഎസ്എല്‍ കിരീടം എടികെ സ്വന്തമാക്കി. ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് എടികെ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. 

എടികെയ്ക്കായി ജാവി ഹെര്‍ണാണ്ടസ് ഇരട്ട ഗോളുകള്‍ നേടി. എഡു ഗാര്‍ഷിയയാണ് മറ്റൊരു ഗോള്‍ വലയിലാക്കിയത്. നെര്‍ജസ് വല്‍സ്‌കിസാണ് ചെന്നൈയിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 

ഐഎസ്എല്ലിലെ പ്രഥമ ചാമ്പ്യന്‍മാരായ എടികെ 2016ല്‍ രണ്ടാം കിരീട നേട്ടം ആഘോഷിച്ചിരുന്നു. കന്നി സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച അന്റോണിയോ ഹെബ്ബാസിനെ പരിശീലകനായി തിരിച്ചെത്തിച്ചാണ് അവര്‍ ഒരിക്കല്‍ കൂടി മുത്തമിട്ടത്. മൂന്ന് തവണ ഐഎസ്എല്‍ കിരീടം നേടുന്ന ടീമായും ഇതോടെ അവര്‍ മാറി. 

എടികെയുടെ കിരീട നേട്ടത്തോടെ മറ്റൊരു അപൂര്‍വതയും സംഭവിച്ചു. ഐ ലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ ഇനി എടികെയില്‍ ലയിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ ഇന്ത്യയിലെ രണ്ട് പ്രധാന ലീഗുകളുടേയും ഒരു സീസണിലെ കിരീടം എടികെയുടെ ഷോക്കേസിലേക്ക് പോകുകയാണ്. ഈ സീസണിലെ ഐ ലീഗ് കിരീടം മോഹന്‍ ബഗാന്‍ ഉറപ്പിച്ചു കഴിഞ്ഞു. 

കാണികളുടെ ആരവമില്ലെങ്കിലും ഒന്നാം പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി എടികെ സുരക്ഷിതമായാണ് കളിച്ചത്. 10ാം മിനുട്ടില്‍ സ്പാനിഷ് താരം ജാവി ഹെര്‍ണാണ്ടസിന്റെ ഗോളിലാണ് എടികെ ലീഡെടുത്തത്. ഈ സീസണില്‍ ജാവി ഹെര്‍ണാണ്ടസിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. 

ആദ്യ പകുതിയില്‍ മികച്ച പാസും പന്തടക്കവും എല്ലാം ചെന്നൈയിനായിരുന്നു. എന്നാല്‍ ഗോളടിച്ചത് കൊല്‍ക്കത്തയാണ്. അതിനിടെ 39ാം മിനുട്ടില്‍ എടികെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യന്‍ വംശജനും ഫിജി താരവും എടികെയുടെ നായകനുമായ റോയ് കൃഷ്ണയ്ക്ക് പരുക്കേറ്റ് പുറത്ത് പോകേണ്ടി വന്നു. 

റോയ് കൃഷ്ണയുടെ അഭാവത്തിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എടികെ ലീഡുയര്‍ത്തി. എഡു ഗാര്‍ഷിയ 48ാം മിനുട്ടില്‍ ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. എന്നാല്‍ തളരാതെ തിരിച്ചടിക്ക് കോപ്പ് കൂട്ടിയ ചെന്നൈയിന്‍ 69ാം മിനുട്ടില്‍ വല്‍സ്‌കിസിലൂടെ ഒരു ഗോള്‍ മടക്കി. എന്നാല്‍ കളി ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ ജാവി ഹെര്‍ണാണ്ടസ് തന്റെ രണ്ടാം ഗോളിലൂടെ കളി എടികെയുടെ കൈകളില്‍ ഭദ്രമാക്കിയതോടെ ചെന്നൈയിന്റെ അവസാന പ്രതീക്ഷയും അസ്ഥാനത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ​ഗുണങ്ങൾ

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഇൻസ്‌ട്രക്ടർ ഒഴിവുകൾ; ദിവസവേതനം 1,120 രൂപ !

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO