പോർട്ട് ഓഫ് സ്പെയ്ൻ: തനിക്ക് കോവിഡ് ബാധിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. താൻ കോവിഡ് പരിശോധനയ്ക്ക് വിധേയനായി എന്ന കാര്യം അദ്ദേഹം സമ്മതിച്ചു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ലാറ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി ലാറ തന്നെ തന്റെ ട്വിറ്റർ പേജിലൂടെ ആവശ്യപ്പെട്ടു.
തെറ്റായ ഈ വാർത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ല. എന്നാൽ തനിക്ക് വേണ്ടപ്പെട്ടവരിൽ അത് പരിഭ്രാന്തിയുണ്ടാകാൻ കാരണമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിയാളുകളാണ് ലാറ കോവിഡ് ബാധിതനാണെന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
എനിക്ക് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് പ്രചരിക്കുന്ന എല്ലാ കിംവദന്തികളും ശ്രദ്ധയിൽപ്പെട്ടു. ഈ വിവരം തെറ്റാണെന്ന വസ്തുത ഞാൻ വ്യക്തമാക്കുന്നു. അത് പ്രചരിപ്പിക്കാതിരിക്കുകയും വേണം- ലാറ കുറിച്ചു.
വെസ്റ്റിൻഡീസിനായി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ച ലാറ, ടെസ്റ്റിൽ 11,953 റൺസും ഏകദിനത്തിൽ 10,405 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിലെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ലാറയുടെ പേരിലാണ്. 2004ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റൺസും 1994ൽ എഡ്ജ്ബാസ്റ്റണിൽ ഡർഹാമിനെതിരേ വാർവിക്ഷെയറിനായി നേടിയ 501 റൺസും. 2007ൽ ലാറ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates