Sports

ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്; പ്ലേ ഓഫ് സാധ്യത അവസാനിച്ചു, എവേ മത്സരത്തില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ചെങ്കിലും ഗോവയോട് തോറ്റു

എവേ മത്സരത്തില്‍ എഫ് സി ഗോവയ്‌ക്കെതിരെ തോല്‍വി നേരിട്ടതോടെ, ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. എവേ മത്സരത്തില്‍ എഫ് സി ഗോവയ്‌ക്കെതിരെ തോല്‍വി നേരിട്ടതോടെ, ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. ശനിയാഴ്ച ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ് സി ഗോവയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. സീസണിലെ ആറാം തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് 14 പോയിന്റുമായി എട്ടാം സ്ഥാനത്തു തന്നെയാണ്. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. 

രണ്ടു ഗോള്‍ പിന്നില്‍നിന്ന ശേഷം ഒപ്പമെത്തി മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കീഴടങ്ങല്‍. മെസ്സിയും ഓഗ്‌ബെച്ചെയും ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളുകളും ജാക്കിചന്ദ് സിങ്ങിന്റെ ഗോളും ഗോവയ്ക്ക് ജയമൊരുക്കി. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി ഗോവ വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 

26-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ ഗോവ മുന്നിലെത്തി. ഗോവയുടെ ആക്രമിച്ചുള്ള മുന്നേറ്റത്തിന് അര്‍ഹിച്ച നേട്ടം എന്ന നിലയിലാണ് ഗോള്‍. ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ് ചിപ് ചെയ്ത് നല്‍കിയ പന്തില്‍ മന്ദര്‍ റാവു ദേശായിയുടെ ക്രോസ് ഗോളിലേക്കു തിരിച്ചുവിടേണ്ട കാര്യമേ ബോമസിനുണ്ടായുള്ളൂ. 

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ജാക്കിചന്ദ് സിങ് ഗോവയുടെ ലീഡുയര്‍ത്തി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഫെറാന്‍ കോറോയുടെ ക്രോസ് ജാക്കിചന്ദ് ഗോളിലേക്കു തിരിച്ചുവിടുന്നത് കണ്ടുനില്‍ക്കാനേ ഗോള്‍കീപ്പര്‍ രഹനേഷിന് സാധിച്ചുള്ളൂ. 

എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെയാണ് കണ്ടത്. ഇതിന് 53-ാം മിനിറ്റില്‍ ഫലവും ലഭിച്ചു. ഓഗ്‌ബെച്ചെ ചിപ്പ് ചെയ്ത് നല്‍കിയ പന്ത് മെസ്സി ബൗളി വലയിലെത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് 69ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. കോര്‍ണര്‍ കിക്ക് ഓഗ്‌ബെച്ചെ വലയിലെത്തിക്കുമ്പോള്‍ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ ഗോവന്‍ താരങ്ങളാരും തന്നെ ഉണ്ടായിരുന്നില്ല. 

പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വിജയഗോളിനായുള്ള പോരാട്ടത്തിലായിരുന്നു. പക്ഷേ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് വീണ്ടും പിഴച്ചപ്പോള്‍ 83-ാം മിനിറ്റില്‍ ബോമസ് തന്റെ രണ്ടാം ഗോളും കണ്ടെത്തി ഗോവയ്ക്ക് ജയമൊരുക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT