കിങ്സ്റ്റണ്‍: ഹാട്രിക്കടക്കം ആറ് വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രിത് ബുമ്‌റ കൊടുങ്കാറ്റായി വീശിയപ്പോള്‍ വെസ്റ്റിന്‍ഡീസ് നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 416 റണ്‍സില്‍ അവസാനിച്ചിരുന്നു. മൂന്ന് വിക്കറ്റുകള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിന് ഇനിയും 329 റണ്‍സ് കൂടി വേണം. ഇന്നിങ്‌സ് ജയം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് മുന്നില്‍ തുറന്ന് കിട്ടിയിരിക്കുന്നത്.
വിന്‍ഡീസ് സ്‌കോര്‍ 13ല്‍ നില്‍ക്കെ എട്ടാം ഓവര്‍ എറിയാനെത്തിയ ബുമ്‌റ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോ (നാല്), മൂന്നാം പന്തില്‍ ബ്രൂക്‌സ് (പൂജ്യം), നാലാം പന്തില്‍ റോസ്റ്റന്‍ ചെയ്‌സ് (പൂജ്യം) എന്നിവരെ വീഴ്ത്തിയാണ് ഹാട്രിക്ക് തികച്ചത്. ടെസ്റ്റില്‍ ഹാട്രിക്ക് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ബുമ്‌റ. 9.1 ഓവര്‍ എറിഞ്ഞ ബുമ്‌റ മൂന്ന് മെയ്ഡനടക്കം വെറും 16 റണ്‍സ് മാത്രം വഴങ്ങിയാണ് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ വിന്‍ഡീസ് ബാറ്റിങിന് ഇറങ്ങി 22 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി കഴിഞ്ഞിരുന്നു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെറ്റ്‌മെയര്‍- ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ സഖ്യം അവര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 34 റണ്‍സെടുത്ത ഹെറ്റ്‌മെയറെ മുഹമ്മദ് ഷമിയും 18 റണ്‍സെടുത്ത ഹോള്‍ഡറെ ബുമ്‌റയും മടക്കി ഈ കൂട്ടുകെട്ടും പൊളിച്ചതോടെ വിന്‍ഡീസ് ഹതാശരായി.
കളി അവസാനിക്കുമ്പോള്‍ രണ്ട് റണ്‍സുമായി ഹാമില്‍ട്ടനും നാല് റണ്‍സുമായി കോണ്‍വാളുമാണ് ക്രീസില്‍. വിന്‍ഡീസ് നിരയില്‍ ബ്രൂക്‌സ്, റോസ്റ്റന്‍ ചെയ്‌സ് എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി കൂടാരം കയറി. ഓപണര്‍ ബ്രത്‌വെയ്റ്റ് പത്ത് റണ്‍സുമായി മടങ്ങി. കാംപല്‍ രണ്ട് റണ്‍സില്‍ പുറത്തായി.
നേരത്തെ കന്നി സെഞ്ച്വറിയുമായി ഹനുമ വിഹാരിയും കന്നി അര്‍ധ സെഞ്ച്വറിയുമായി പേസര്‍ ഇഷാന്ത് ശര്‍മയും കളം നിറഞ്ഞപ്പോഴാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സ്വന്തമാക്കാനായത്.
തന്റെ ആറാം ടെസ്റ്റിനിറങ്ങിയ ഹനുമ വിഹാരി മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞാണ് കന്നി ശതകം കുറിച്ചത്. 225 പന്തുകള്‍ നേരിട്ട് 16 ഫോറുകളുമായി താരം 111 റണ്‍സെടുത്ത് പുറത്തായി. മികച്ച പിന്തുണയുമായി ഇഷാന്ത് ശര്‍മയും തന്റെ ഭാഗം ഭംഗിയാക്കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നത്. ഇഷാന്ത് 69 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് 50 റണ്‍സിലെത്തിയത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണ് ഇഷാന്ത് കുറിച്ചത്. 31 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. 57 റണ്‍സുമായി ഇഷാന്ത് പുറത്തായി.
മായങ്ക് അഗര്‍വാള്‍ (55), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (76) എന്നിവരും നേരത്തെ ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. കെഎല്‍ രാഹുല്‍ (13), ചേതേശ്വര്‍ പൂജാര (ആറ്), അജിന്‍ക്യ രഹാനെ (24), ഋഷഭ് പന്ത് (27), ജഡേജ (16), മുഹമ്മദ് ഷമി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ബുമ്‌റ പുറത്താകാതെ നിന്നു.
വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കോണ്‍വാള്‍ മൂന്ന് വിക്കറ്റുകളും കെമര്‍ റോച്ച്, ക്രെയ്ഗ് ബ്രാത്‌വയ്റ്റ് ഒരോ വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates