Sports

ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരേ ലൈംഗിക ആരോപണവുമായി മൂന്ന് യുവതികള്‍ കൂടി; പ്രതികരിക്കാതെ താരം

അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ സമാന ആരോപണങ്ങളുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ സമാന ആരോപണങ്ങളുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. 2009ല്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ പരാതിയില്‍ പൊലീസ് പുനരന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മൂന്ന് സ്ത്രീകള്‍ കൂടി താരത്തിനെതിരെ രംഗത്തെത്തിയത്. നിലവില്‍ ആരോപണത്തിന്റെ നിഴലില്‍ ഉള്ള ക്രിസ്റ്റ്യാനോയ്ക്ക് പുതിയ സ്ത്രീകളുടെ രംഗപ്രവേശം അഴിയാക്കുരുക്കായി മാറിയേക്കും.

കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് അടുത്തിടെ റൊണാള്‍ഡോക്കെതിരെ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്. സമാനമായ പരാതി തന്നെയാണ് മറ്റൊരു സ്ത്രീയും ആരോപിച്ചിരിക്കുന്നതെന്ന് മയോര്‍ഗയുടെ അഭിഭാഷക ലെസ്ലി സ്‌റ്റൊവാള്‍ വെളിപ്പെടുത്തി. തന്നെ ഫോണ്‍ വിളിച്ചാണ് മൂന്ന് യുവതികള്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് അഭിഭാഷക അവകാശപ്പെട്ടു. 

2009ല്‍ ഒരു സ്വകാര്യ പാര്‍ട്ടിക്ക് ശേഷം റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്നാണ് ഒരു യുവതി ആരോപിച്ചിരിക്കുന്നത്. താരത്തിനെതിരെ രംഗത്തുവന്ന മറ്റൊരു സ്ത്രീ, റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ താരത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടോയെന്ന കാര്യം അഭിഭാഷക വെളിപ്പെടുത്തിയിട്ടില്ല. റൊണാള്‍ഡോയുമായി ഒരു രഹസ്യ കരാര്‍ ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട് ഒരു അമേരിക്കന്‍ യുവതിയാണ് മൂന്നാമത് ഫോണ്‍ ചെയ്തതെന്നും മൂവരുടേയും വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്നും അഭിഭാഷക വ്യക്തമാക്കി. 

കാതറിന്‍ മയോര്‍ഗയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2009 ജൂണ്‍ 13ന് ലാസ്‌വെഗാസിലെ ഒരു ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കാതറിന്റെ ആരോപണം. ഇത് പുറത്തറിയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

ആരോപണം പുറത്തുവന്നതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സ്‌പോണ്‍സര്‍ഷിപ്പിലും മാര്‍ക്കറ്റിങ് ഇടപാടുകളിലും കാര്യമായ ചലനം ഉണ്ടാക്കിയിരുന്നു. റൊണാള്‍ഡോയുമായി ആജീവനാന്ത കരാറുളള നൈക്കി സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ബലാത്സംഗ ആരോപണം വന്നതോടെ കമ്പനിയുടെ ഓഹരികളിലും നഷ്ടം രേഖപ്പെടുത്തിയിരുന്നു. 

അതേസമയം ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും തന്റെ കളിയെ ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറ്റാലിയന്‍ സീരി എയിലും താരം ഗോളുകള്‍ അടിച്ചൂകൂട്ടുകയാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം