ചണ്ഡിഗഡ്: ജോലിക്ക് വേണ്ടി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെതിരെ നടപടി. പഞ്ചാബ് പൊലീസിൽ ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന ഹർമൻ പ്രീത് കൗറിനെ സർക്കാർ തരംതാഴ്ത്തി. പൊലീസിൽ കോൺസ്റ്റബിൾ ആയാണ് തരംതാഴ്ത്തിയത്. പൊലീസിൽ ജോലി ലഭിക്കുന്നതിനായി ഹർമൻ പ്രീത് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. നാല് മാസം മുമ്പാണ് അർജുന അവാർഡ് ജേതാവായ ഹർമൻ പ്രീതിനെ ഡിഎസ്പിയായി പഞ്ചാബ് സർക്കാർ നിയമിച്ചത്.
വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടെന്ന് പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് എന്നത് കണക്കിലെടുത്താണ് മൃദുസമീപനം കൈക്കൊള്ളാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് തീരുമാനിച്ചത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്ന് ഹർമൻ പ്രീത് വിശദീകരണം നൽകി.
നേരത്തെ റെയിൽവേയിൽ ജീവനക്കാരിയായിരുന്ന ഹർമൻ പ്രീത് കൗർ, ആ ജോലി രാജിവെച്ചാണ് പഞ്ചാബ് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി ജോലിയിൽ പ്രവേശിച്ചത്. പഞ്ചാബിലെ മോഗ സ്വദേശിയായ ഹർമൻപ്രീത്, മീററ്റിലെ ചൗധരി ചരണ്‍സിംഗ് സർവകലാശാലയിൽനിന്നു ബിരുദം പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റാണ്, ജോലിക്കായി സർക്കാരിന് സമർപ്പിച്ചിരുന്നത്. എന്നാൽ സൂക്ഷ്മപരിശോധനയിൽ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയത്. ഹർമൻപ്രീത് തങ്ങളുടെ വിദ്യാർഥിയായിരുന്നില്ലെന്ന് സർവകലാശാല അധികൃതരും വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates