മൗണ്ട് മോൻഗനൂയി: ബാറ്റിങിൽ ഫോമിലല്ലാതിരുന്ന സമയത്തും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ തുരുപ്പുചീട്ട് സ്റ്റംപിങായിരുന്നു. മിന്നൽ സ്റ്റംപിങ്ങുകളിലൂടെ ധോണി പല മത്സരങ്ങളുടേയും ഗതി തന്നെ മാറ്റാറുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിനെത്തി തന്റെ ബാറ്റങ് മികവ് തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നാലെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലും മുൻ ക്യാപ്റ്റൻ ഫോമിൽ തന്നെ.
ഇപ്പോഴിതാ ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി മഹേന്ദ്ര സിങ് ധോണിയുടെ മറ്റൊരു തകർപ്പൻ സ്റ്റംപിങ്. ന്യൂസിലൻഡിന്റെ വെറ്ററൻ താരം റോസ് ടെയ്‌ലറെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ് വീഡിയോ ട്വിറ്ററിലും ഇപ്പോൾ വൈറലാണ്. 25 പന്തിൽ രണ്ട് ബൗണ്ടറി സഹിതം 22 റൺസുമായി ടെയ്‌ലർ നിലയുറപ്പിച്ചു വരുമ്പോഴായിരുന്നു നിമിഷാർധം കൊണ്ടുള്ള ധോണിയുടെ കിടിലൻ പ്രകടനം.
ഇന്ത്യ ഉയർത്തിയ 325 റൺസ് വിജയ ലക്ഷ്യത്തിലേക്ക് കിവികൾ ബാറ്റ് വീശവേ 17 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സെടുത്തു നിൽക്കെയാണ് ധോണിയുടെ മിന്നൽ നീക്കം അവരെ പിന്നോട്ടടിച്ചത്. 18–ാം ഓവർ ബൗൾ ചെയ്യാനെത്തിയത് കേദാർ ജാദവ്. ക്രീസിൽ റോസ് ടെയ്‌ലറും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ടോം ലാതവും. സ്റ്റംപിന് കണക്കാക്കി ജാദവ് എറിഞ്ഞ പന്ത് ടെയ്‌ലറിന്റെ പ്രതിരോധം തകർത്ത് ബാറ്റിനും കാലിനും ഇടയിലൂടെ ധോണിയുടെ കൈകളിലേക്ക്. മിന്നൽ വേഗത്തിൽ ധോണി സ്റ്റംപിളക്കി. ധോണിയും ചാഹലും അപ്പീൽ ചെയ്തതോടെ തീരുമാനം തേർഡ് അംപയറിന്.
സ്ലോ മോഷനിൽ പരിശോധിച്ചപ്പോഴാണ് മനസിലായത് ടെയ്ലറിന്റെ കാൽപ്പാദം വായുവിലായിരുന്നുവെന്ന്. ജാദവിന്റെ പന്ത് പ്രതിരോധിക്കാനുള്ള ആയാസത്തിനിടെ ടെയ്‌ലറിന്റെ കാൽപ്പാദം ഒരു സെക്കൻഡ് വായുവിലുയർന്നു. കൃത്യമായി ഈ സമയത്താണ് ധോണി സ്റ്റംപിളക്കിയത്. ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം തേർഡ് അംപയറിന്റെ തീരുമാനമെത്തി ടെയ്‌ലർ പുറത്ത്.
നിലവിൽ ന്യൂസിലൻഡ് ടീമിൽ സ്ഥിരത പുലർത്തുന്ന താരമാണ് ടെയ്‌ലർ. മികച്ച ഫോമിൽ നിൽക്കുന്ന താരത്തിന്റെ വിക്കറ്റ് ഇന്ത്യക്ക് നിർണായകമായിരുന്നു. ധോണിയുടെ സൂക്ഷ്മതയ്ക്ക് മുന്നിൽ ടെയ്ലറും നമിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates