ന്യൂഡൽഹി: ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര തോൽവി വൻ വിവാദങ്ങൾക്കാണ് വഴിയിട്ടിരിക്കുന്നത്. പരിശീലകൻ രവി ശാസ്ത്രിക്കെതിരേ മുൻ ഇന്ത്യൻ താരങ്ങൾ വളരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിനെല്ലാം മറുപടിയുമായി ശാസ്ത്രി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പരിഹാസവുമായി മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗും.
വിദേശ മണ്ണിൽ വലിയ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ ശേഷിയുള്ള ടീമാണെങ്കിൽ അതു കളിച്ചു കാണിക്കണമെന്നും, ഡ്രസിങ് റൂമിലിരുന്ന് വാചകമടിച്ചിട്ട് കാര്യമില്ലെന്നും സെവാഗ്. വിദേശത്ത് മികച്ച നേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ളവരാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമെന്ന മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെ പരാമർശത്തിന് മറുപടിയായാണ് സെവാഗിന്റെ പരിഹാസം. ഇംഗ്ലണ്ട് പര്യടനത്തിന് പോകും മുൻപും ശാസ്ത്രി ഇത്തരത്തിൽ തന്നെ പ്രതികരിച്ചിരുന്നു.
അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ കരയ്ക്കിരുന്ന് എത്ര വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം. എന്നാൽ, കളത്തിലാണ് അതു കാണേണ്ടത്. കരയ്ക്കിരുന്ന് നമ്മൾ സംസാരിക്കുന്നതിനു പകരം കളത്തിൽ ബാറ്റും ബോളുമാണ് സംസാരിക്കേണ്ടത്. അതില്ലെങ്കിൽ വിദേശത്തു മികച്ച റെക്കോർഡൊന്നും നേടാൻ ഒരു ടീമിനുമാകില്ല. വിദേശത്തെ പ്രകടനത്തിന്റെ കാര്യത്തിൽ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്തുനിന്ന് ഇന്ത്യയ്ക്ക് ഒട്ടും വളരാൻ സാധിച്ചിട്ടില്ലെന്നും സേവാഗ് അഭിപ്രായപ്പെട്ടു. വിദേശത്ത് ഒരു ടെസ്റ്റ് മൽസരമൊക്കെ ജയിക്കാനുള്ള വിരുത് ഗാംഗുലിയുടെ കാലത്തുതന്നെ നമ്മൾ സ്വന്തമാക്കിയതാണ്. അന്നും പക്ഷേ പരമ്പര നേടാൻ സാധിച്ചില്ല. ആ പ്രശ്നം ഇന്നും അതുപോലെ തുടരുന്നു. അന്ന് ബാറ്റ്സ്മാൻമാർക്ക് റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ ബൗളർമാർക്ക് ഒരു മത്സരത്തിൽ 20 വിക്കറ്റ് വീഴ്ത്താൻ സാധിക്കാത്തതായിരുന്നു പ്രശ്നം. ഇന്ന് ഇത് നേരെ തിരിഞ്ഞു. ബൗളർമാർ ഒരു മൽസരത്തിൽ 20 വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും ബാറ്റ്സ്മാൻമാർക്ക് റൺസ് സ്കോർ ചെയ്യാൻ സാധിക്കുന്നില്ല.
കഴിഞ്ഞ കുറച്ചു ടെസ്റ്റുകളായി ഒരു ഇന്നിങ്സിൽ 300 റൺസ് പോലും സ്കോർ ചെയ്യാൻ ഇന്ത്യൻ ടീമിന് സാധിക്കുന്നില്ലെന്ന് സെവാഗ് ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ തവണയാണ് നമ്മൾ 300 കടന്നിട്ടുള്ളത്. ‘ഞങ്ങൾ ശ്രമിക്കുന്നുണ്ട്’, ‘ഞങ്ങൾക്ക് ലക്ഷ്യം കാണാനായില്ല’, ‘അടുത്ത പരമ്പരയിൽ ഞങ്ങൾ ശ്രമിക്കും’ എന്നൊക്കെ പറയാൻ എളുപ്പമാണ്. ഇത് വർഷങ്ങളായി നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നിട്ടും ഇക്കാലയളവിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പരമ്പരകളൊന്നും ജയിക്കാൻ നമുക്കായിട്ടില്ലെന്നും സെവാഗ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates