മുംബൈ : ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസിലേക്ക് പര്യടനത്തിനൊരുങ്ങുന്നു. ഈ മാസം അവസാനമാണ് ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പുറപ്പെടുന്നത്. വെസ്റ്റിന്‍ഡീസില്‍ മൂന്ന് ട്വന്റി-20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക.
കരീബിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ ഈ മാസം 17 നോ 18 നോ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരും. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിനോട് ധോണി വിടപറയുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധോണിക്ക് പുറമേ, നായകന്‍ വിരാട് കോഹ് ലിയും വെസ്റ്റിന്‍ഡീസ് പര്യടന ടീമില്‍ ഉണ്ടായേക്കില്ല. കോഹ് ലിക്ക് വിശ്രമം നല്‍കുമെന്നാണ് സൂചന. പകരം രോഹിത് ശര്‍മ്മയാകും ട്വന്റി-20, ഏകദിന മല്‍സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി മാത്രമാകും കോഹ് ലി ടീമിനൊപ്പം ചേരുക.
കോഹ് ലിയെയും ധോണിയേയും കൂടാതെ നിരവധി താരങ്ങളും വെസ്റ്റിന്‍ഡീസിലേക്ക് പറക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബൂംറ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ഇന്ത്യന്‍ മധ്യനിരയിലെ തകര്‍ച്ച സെലക്ടര്‍മാര്‍ക്ക് തലവേദനയാണ്. ഇതിന് പരിഹാരം കണ്ടെത്തലും സെലക്ഷന്‍ കമ്മിറ്റിയുടെ ചുമലിലുണ്ട്.
ലോകകപ്പില്‍ നിറം മങ്ങിയ ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഋഷഭ് പന്ത് തുടങ്ങിയവരുടെ കാര്യവും പരുങ്ങലിലാണ്. ബാറ്റിംഗില്‍ മെല്ലെപ്പോക്കു നടത്തുന്ന കെ എല്‍ രാഹുലിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുയരുന്നുണ്ട്. യുവതാരങ്ങളായ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യര്‍, ഇയാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ പരിഗണനയിലുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരനായ രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായവും യുവതാരങ്ങളുടെ സെലക്ഷനില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനോട് ധോണി ഇപ്പോഴും മനസ്സുതുറന്നിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം മാത്രമേ ധോണി പാഡഴിക്കൂ എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ധോണിയുടെ തീരുമാനം കാത്തിരിക്കുകയാണെന്നാണ് ബിസിസിഐ അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിനെയും പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മുഖ്യ കോച്ച് രവിശാസ്ത്രി, ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരാണ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates