ഭുവനേശ്വർ: ഒഡിഷയ്ക്കായി സന്തോഷ് ട്രോഫി കളിച്ച ഫുട്ബോൾ താരം നരേഷ് ഔലയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഭാര്യമാർ തമ്മിൽ തർക്കം. കഴിഞ്ഞ ദിവസമാണ് നരേഷ് ഔല (35) മരിച്ചത്. ഒഎൻജിസിയുടെ മധ്യനിര താരമായ നരേഷിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനാണ് ഭാര്യമാർ തമ്മിൽ പോരടിച്ചത്.
ഒഡിഷയ്ക്കായി സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുള്ള നരേഷ് ഔല മരിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്ന വിവരം ആദ്യ ഭാര്യ ആരതിയും രണ്ടാം ഭാര്യ ലാൽ മുവാൻ കുയീയും അറിയുന്നത്. ഒടുവിൽ രേഖകളിൽ ഭാര്യയുടെ സ്ഥാനത്ത് ലാൽ മുവാന്റെ പേരാണെന്നതിനാൽ ഒഎൻജിസി അധികൃതർ മൃതദേഹം അവർക്ക് വിട്ടുകൊടുത്തു. ആദ്യ ഭാര്യ ആരതിക്കും നരേഷിന്റെ കുടുംബാംഗങ്ങൾക്കും സംസ്കാരച്ചടങ്ങുകൾ വീഡിയോ കോളിലൂടെ കാണാനും അവസരമൊരുക്കി.
2006, 2007, 2008 വർഷങ്ങളിലാണ് ഒഡിഷയ്ക്കായി നരേഷ് ഔല സന്തോഷ് ട്രോഫി ടൂർണമെന്റിൽ ബൂട്ടുകെട്ടിയത്. ഇടയ്ക്ക് മഹാരാഷ്ട്ര സംസ്ഥാന ടീമിനായും കളിച്ചിരുന്നു. ഐ ലീഗിൽ ഒഎൻജിസിക്കായും കളിച്ചു. 2009ൽ മുതൽ ഒഎൻജിസിയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു നരേഷ്.
അസമിലായിരുന്ന നരേഷ് ഔല, ഒഡിഷയിൽ താമസിക്കുന്ന തന്റെ കുടുംബാംഗങ്ങളെ മരിക്കുന്നതിന് തലേന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ദീർഘനാളായി നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, ഈ സമയത്ത് നാട്ടിലേക്കു വന്നാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന് മൂത്ത സഹോദരൻ ബിഷ്ണു ഔല അറിയിച്ചതോടെ വരവ് നീട്ടിവച്ചു. എന്നാൽ, പിറ്റേന്ന് സിൽചാറിലെ ആശുപത്രിയിൽ നരേഷ് മരിച്ച വിവരമാണ് കുടുംബാംഗങ്ങൾ അറിയുന്നത്.
‘മരണ വാർത്തയറിഞ്ഞ് ഞങ്ങൾ ഒഎൻജിസി അധികൃതരുമായി ബന്ധപ്പെട്ട് നരേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള താത്പര്യം അറിയിച്ചു. എന്നാൽ, മിസോറാമിൽ നിന്നുള്ള ലാൽ മുവാൻ കുയീ എന്നൊരു സ്ത്രീയും നരേഷിന്റെ മൃതദേഹത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയായി അവർ അറിയിച്ചു. മാത്രമല്ല, ഒഎൻജിസിയിലെ ഔദ്യോഗിക രേഖകളിലെല്ലാം അവരുടെ പേരാണ് ഭാര്യയുടെ സ്ഥാനത്ത് ഉള്ളതെന്നും വ്യക്തമാക്കി. 2012ൽ വിവാഹം കഴിച്ച നരേഷിന് ആ ബന്ധത്തിൽ ഒരു പെൺ കുഞ്ഞുമുള്ളതാണ്. അവൾക്ക് നാല് വയസ് മാത്രമാണ് പ്രായം. ഇതിനിടെയാണ് മറ്റൊരു ഭാര്യയുണ്ടെന്ന് അറിയുന്നത്’ – ബിഷ്ണു ഔല വിശദീകരിച്ചു.
ഇതിനു പിന്നാലെ ബിഷ്ണു ഔലയും കുടുംബവും നരേഷിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഒഎൻജിസിയുടെ മാതൃവകുപ്പായ പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചു. ‘മൃതദേഹം വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നണ് അവർ അറിയിച്ചത്. ഇതിനു പിന്നാലെ നരേഷിന്റെ ആദ്യ വിവാഹത്തിന്റെ വീഡിയോയും മകളുടെ ചിത്രവും ഞങ്ങൾ പെട്രോളിയം മന്ത്രാലയത്തിലെ അധികൃതർക്ക് അയച്ചു നൽകി. എന്നാൽ, നരേഷിന്റെ മൃതദേഹം മിസോറമിലേക്ക് അയച്ചതായി ജൂൺ 11ന് അറിയിപ്പു കിട്ടി. കാരണം അവരുടെ പേരാണ് ഔദ്യോഗിക രേഖകളിലുണ്ടായിരുന്നത്’ – ബിഷ്ണു വിവരിച്ചു.
എന്നാൽ, നരേഷിന്റെ കുടുംബാംഗങ്ങൾക്കും ആദ്യ ഭാര്യയ്ക്കും സംസ്കാര ചടങ്ങുകൾ വീഡിയോ കോളിലൂടെ കാണാൻ അവസരമൊരുക്കുകയും ചെയ്തു. നരേഷിന് ഒരു ഭാര്യ കൂടിയുള്ള വിവരം നാലു വർഷം മുൻപ് സഹതാരങ്ങളിൽ ചിലർ സൂചിപ്പിച്ചിരുന്നതായി ബിഷ്ണു വെളിപ്പെടുത്തി. എന്നാൽ അതേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി. കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലേക്കു വരാതായതോടെ സംശയം ഇരട്ടിച്ചു. എന്നാൽ, മറ്റൊരു ഭാര്യയുണ്ടെന്ന് ഉറപ്പായത് ഇപ്പോൾ മാത്രമാണ് ബിഷ്ണു പറഞ്ഞു. എന്തായാലും ഈ വിഷയത്തിൽ നീതി തേടി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനെ സമീപിക്കാനൊരുങ്ങുകയാണ് നരേഷിന്റെ കുടുംബം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates