Sports

മഞ്ഞുരുകുമോ? കോഹ്‌ലി- രോഹിത് ഭിന്നത പരിഹരിക്കാൻ ബിസിസിഐ; പ്രശ്നങ്ങൾ പറഞ്ഞു തീർക്കും

ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പിന്റെ സെമി തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഇടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രശ്നത്തിൽ ഇടപെടാൻ ബിസിസിഐ ഒരുങ്ങുകയാണ്.

ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിന് ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിയെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാ​ഗമായി അദ്ദേഹം അടുത്തയാഴ്ച യുഎസിലേക്കു പോകുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾ യുഎസിലാണ് നടക്കുന്നത്. ഇവിടെ വച്ച് ജോഹ്റി ഇരുവരെയും കണ്ടു ചർച്ച നടത്തും. മഹേന്ദ്ര സിങ് ധോനിയിൽ നിന്ന് വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഘട്ടത്തിൽ പ്രശ്നങ്ങളൊന്നുമില്ലാതെ കാര്യങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ പരിശീലകൻ രവി ശാസ്ത്രിയുടെ സാന്നിധ്യത്തിലാകും ചർച്ചകൾ.

ഇന്നത്തെ കാലത്ത് രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നം അവരെ പിന്തുണയ്‍ക്കുന്നവർ കൂടി ഏറ്റെടുത്താൽ വഷളാകാൻ സാധ്യതയേറെയാണെന്ന് ബിസിസിഐ വ്യക്തമാക്കി. കോഹ്‌ലിയും രോഹിതും പക്വതയുള്ള വ്യക്തികളാണ്. ഇരുവരോടും സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നും ബിസിസിഐ കൂട്ടിച്ചേർത്തു. അതേസമയം, കോഹ്‌ലിക്കും രോഹിത്തിനുമിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നുമാണ് ഇപ്പോഴും ബിസിസിഐയുടെ പരസ്യ നിലപാട്. 

അതിനിടെ, വിദേശ പര്യടനങ്ങൾക്കു പുറപ്പെടും മുൻപ് പതിവുള്ള വാർത്താ സമ്മേളനം ഇത്തവണ കോഹ്‌ലി നടത്തില്ല എന്ന് ആദ്യം സൂചനയുണ്ടായിരുന്നു. പിന്നീട് ക്യാപ്റ്റൻ മാധ്യമങ്ങളെ കാണുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. രോഹിത് ശർമയും കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ, വിൻഡീസ് പര്യടനത്തിനു മുന്നോടിയായുള്ള ക്യാപ്റ്റന്റെ വാർത്താ സമ്മേളനത്തെ ഇന്ത്യൻ ആരാധകർ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. ഇന്ത്യൻ ടീമിലെ പടലപ്പിണക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടു കോഹ്‌ലി പ്രതികരിക്കുമോ എന്നേ ഇനി അറിയാനുള്ളു. വിഷയത്തിൽ കോഹ്‌ലിയോ രോഹിത് ശർമയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിൻഡീസ് പര്യടനത്തിലെ ഏകദിന ട്വന്റി20 മത്സരങ്ങളിൽനിന്ന് വിരാട് കോഹ്‌ലി വിട്ടുനിന്നേക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രോഹിത് ശർമ നായകനാകുന്നതു തടയാനാണു കോഹ്‌ലി വിശ്രമം വേണ്ടെന്നുവച്ച് ടീമിൽ മടങ്ങിയെത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. അതിനിടെ, കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയെ ഇൻസ്റ്റഗ്രാമിൽ രോഹിത് ശർമ കഴിഞ്ഞ ആഴ്ച അൺ ഫോളോ ചെയ്തതും വാർത്തയായിരുന്നു. ഇതോടെ കോഹ്‌ലി- രോഹിത് ശീതസമര വാർത്തകൾ കൂടുതൽ ബലപ്പെടുകയാണുണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT