Sports

മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകനാകാൻ ​ഗെരത് സൗത്ത്‌ഗേറ്റ്...?

അതിനിടെ ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകന്‍ ഗെരത് സൗത്ത്‌ഗേറ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന നിര്‍ണായക വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: രണ്ടര പതിറ്റാണ്ടിനപ്പുറം നീണ്ട അലക്‌സ് ഫെര്‍ഗൂസന്‍ കാലം കഴിഞ്ഞ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പച്ചതൊടാത്ത അവസ്ഥയിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ സംഘത്തില്‍ നിന്ന് അവരുടെ പതനം അമ്പരപ്പിക്കുന്നതായിരുന്നു. പ്രതാപ കാലത്തേക്ക് മടങ്ങാനുള്ള റെഡ് ഡെവിള്‍സിന്റെ ശ്രമങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷമായി എങ്ങുമെത്താതെ നില്‍ക്കുന്നു. അതിനിടെ ഡേവിഡ് മോയസും ലൂയീസ് വാന്‍ ഗാലും റ്യാന്‍ ഗിഗ്‌സും ഹോസെ മൗറീഞ്ഞോയുമൊക്കെ പരിശീലകരായി എത്തിയെങ്കിലും ഓള്‍ഡ് ട്രാഫോര്‍ഡില്‍ പോലും മാഞ്ചസ്റ്റര്‍ പഴയ ടീമിന്റെ നിഴല്‍ മാത്രമായിരുന്നു. 

സീസണിലെ മോശം ഫോമിന്റെ പേരില്‍ ഈയടുത്താണ് മൗറീഞ്ഞോയ്ക്ക് കസേര തെറിച്ചത്. താത്കാലിക പരിശീലകനായി എത്തിയ മുന്‍ താരം ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍ പക്ഷേ ഫുട്‌ബോള്‍ ലോകത്തെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. ഫെര്‍ഗൂസന്‍ കാലത്തിന് ശേഷം ആദ്യമായി അഞ്ച് ഗോളുകള്‍ എതിര്‍ ടീമിനെതിരെ അടിച്ചും 73 വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി നാല് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വിജയിച്ചും മാഞ്ചസ്റ്റര്‍ പഴയ പ്രതാപത്തിന്റെ പാതയിലാണെന്ന് തോന്നലുണര്‍ത്തി. 

അതേസമയം സോള്‍ഷ്യര്‍ക്ക് സ്ഥിരം കോച്ചിന്റെ പദവി നല്‍കാന്‍ മാഞ്ചസ്റ്റര്‍ അധികൃതര്‍ തയ്യാറായേക്കില്ല. ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകന്‍ മൗറീഷ്യോ പച്ചേറ്റിനോക്ക് വേണ്ടി മാഞ്ചസ്റ്റര്‍ അരയും തലയും മുറുക്കി രംഗത്തുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അര്‍ജന്റീന പരിശീലകനായി സ്പാനിഷ് കരുത്തര്‍ റയല്‍ മാഡ്രിഡും ശക്തമായി രംഗത്തുള്ളതിനാല്‍ ഈ രണ്ട് വമ്പന്‍മാരും തമ്മില്‍ ടോട്ടനം കോച്ചിനായി കടുത്ത മത്സരമാണ് നടക്കുന്നത്. അതേസമയം ഇക്കാര്യത്തിലെ തന്റെ മനോ വിചാരമെന്താണെന്ന് പച്ചേറ്റിനോ ഇതുവരെ പറഞ്ഞിട്ടില്ല. 

അതിനിടെ ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകന്‍ ഗെരത് സൗത്ത്‌ഗേറ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന നിര്‍ണായക വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തിയത് സൗത്ത്‌ഗേറ്റിന്റെ കീഴിലായിരുന്നു. ദേശീയ ടീമിനെ സെമി വരെ എത്തിക്കാന്‍ ആദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചു. 

നിലവില്‍ പച്ചേറ്റിനോയെയാണ് മാഞ്ചസ്റ്റര്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ അര്‍ജന്റീന കോച്ച് ടോട്ടനം വിട്ട് വരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമൊന്നും പറഞ്ഞിട്ടില്ല. പച്ചേറ്റിനോയെ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ സൗത്ത്‌ഗേറ്റിനെ എത്തിക്കാനാണ് മാഞ്ചസ്റ്റര്‍ അധികൃതര്‍ ഇപ്പോള്‍ കരുക്കള്‍ നീക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

SCROLL FOR NEXT