ഓക്‌ലന്‍ഡ്: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിന് നാളെ ആംരഭിക്കുന്ന ടി20 പരമ്പരയോടെ തുടക്കമാകുകയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം 12.20ന് മത്സരം ആരംഭിക്കും. പരിക്കേറ്റ ശിഖര്‍ ധവാന് പകരം മലയാളി താരം സഞ്ജു സാംസണെ ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ ടി20യില്‍ ആരായിരിക്കും ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകുക എന്ന കാര്യമാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിനിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്ന ഋഷഭ് പന്തിന് പകരം കെഎൽ രാഹുലായിരുന്നു വിക്കറ്റ് കാത്തത്. ബാറ്റും ഗ്ലൗസും കൊണ്ട് ഒരേസമയം തിളങ്ങാനാവുമെന്ന് രാഹുൽ തെളിയിച്ചതോടെ പന്തിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. ന്യൂസിൻഡിനെതിരായ പോരാട്ടത്തിൽ പന്തും രാഹുലും ടീമിലുണ്ട്.
പന്തിനെ തെറിപ്പിക്കുമോ എന്നതാണ് ഏവരെയും ചിന്തിപ്പിക്കുന്നത്. മത്സരത്തിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോഹ്‌ലി തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരിക്കുകയാണിപ്പോൾ. ഓസീസിനെതിരെ തിളങ്ങിയ രാഹുല്‍ തന്നെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി തുടരുമെന്നാണ് കോഹ്‌ലി നൽകുന്ന സൂചനകൾ. ബാറ്റിംഗിലും വിക്കറ്റ് കീപ്പിങിലും രാഹുല്‍ തിളങ്ങുന്നത് ടീം ഇന്ത്യക്ക് കൂടുതല്‍ സന്തുലനം നല്‍കുന്നുവെന്ന് കോഹ്‌ലി പറഞ്ഞു.
'ഓസ്‌ട്രേലിയക്കെതിരെ രാജ്‌കോട്ടില്‍ എന്താണോ ചെയ്തത് അത് തുടരാനാണ് തീരുമാനം. ടീമെന്ന നിലയില്‍ ഏറ്റവും മികച്ചത് നടപ്പാക്കാനാണ് ശ്രമം. ഏകദിനത്തില്‍ ടോപ് ഓർഡറില്‍ മറ്റൊരു താരവും രാഹുല്‍ മധ്യനിരയിലുമാണ് കളിക്കേണ്ടത്. എന്നാല്‍ ടി20യില്‍ ചില മാറ്റങ്ങളുണ്ടാവും. മികവ് തെളിയിച്ചിട്ടുള്ള കൂടുതല്‍ ബാറ്റ്സ്‌മാന്‍മാര്‍ ഉള്ളതിനാല്‍ ലോവര്‍ ഓഡറില്‍ നിരവധി ഓപ്‌ഷനുകളുണ്ട്. അതിനാല്‍ രാഹുല്‍ ടോപ് ഓഡറില്‍ ഇറങ്ങാനാണ് സാധ്യത'.
'ടീം ആവശ്യപ്പെടുമ്പോള്‍ എന്ത് ചുമതല ഏറ്റെടുക്കാനും രാഹുല്‍ തയ്യാറാവുന്നത് ആശ്ചര്യപ്പെടുത്തുന്നു. രാഹുല്‍ ഒരു ടീം പ്ലെയറാണ്. എപ്പോഴും അവസരങ്ങള്‍ക്കായി ഉറ്റുനോക്കുന്ന, മികവ് കാട്ടാന്‍ ശ്രമിക്കുന്ന താരം. എന്നാല്‍ അതിനെ കുറിച്ചൊന്നും താരത്തിന് ആശങ്കകളില്ല. രണ്ട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ടീമിലുള്ളത് സന്തോഷം നല്‍കുന്നു, ടീമിനെ സന്തുലിതമാക്കുന്നു. വിക്കറ്റ് കീപ്പറായും രാഹുല്‍ തുടരുന്നതോടെ ഒരു ബാറ്റ്സ്‌മാനെ അധികം ഉള്‍ക്കൊള്ളിക്കാന്‍ കഴിയും'- കോഹ്‌ലി വ്യക്തമാക്കി.
ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോഹ്‌ലി (നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിങ്ടൻ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ജസ്‌പ്രീത് ബുമ്റ, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates