പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രിദിയുടെ ഒരു പഴയ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സീരിയല്‍ കണ്ട് മകള്‍ ആരതി ഉഴിയുന്ന രംഗം അനുകരിച്ചപ്പോള്‍ ടിവി തല്ലിപ്പൊട്ടിച്ചതിനെക്കുറിച്ചാണ് അഫ്രിദി വിഡിയോയില്‍ പറയുന്നത്. താരം മുന്‍പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വിഡിയോയാണ് ഇത്.
'എപ്പോഴെങ്കിലും വീട്ടിലെ ടിവി തല്ലിപ്പൊട്ടിച്ചിട്ടുണ്ടോ?' എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. 'ഞാന്‍ ഒരിക്കല്‍ ടിവി തല്ലിതകര്‍ത്തിട്ടുണ്ട്, എന്റെ ഭാര്യ കാരണം', എന്നായിരുന്നു ചോദ്യത്തോടുള്ള താരത്തിന്റെ മറുപടി.
ഭാര്യ ടിവി സിരിയല്‍ കാണുന്നതിനെക്കുറിച്ചാണ് പിന്നീട് താരം പരാമര്‍ശിച്ചത്. 'സിരിയല്‍ കാണുമ്പോള്‍ ഒറ്റയ്ക്ക് കാണണമെന്നും കുട്ടികളെ ഒപ്പം കൂട്ടരുതെന്നും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഒരു ദിവസം എന്റെ മക്കളിലൊരാള്‍ ടിവി കണ്ടുകൊണ്ട് ആരതി ഉഴിയുന്നതുപോലെ അഭിനയിക്കുന്നത് ഞാന്‍ കണ്ടു. അപ്പോ ഞാന്‍ ടിവി എടുത്ത് ഭിത്തിയിലേക്ക് എറിഞ്ഞു'.
എന്നാല്‍ രൂക്ഷവിമര്‍ശനം നേരിട്ടുകൊണ്ടാണ് വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഷാഹിദ് ഹിന്ദു ആചാരങ്ങളെ കളിയാക്കുകയാണെന്നാണ് വിമര്‍ശനം. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മത വിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ വിഡിയോയും ശ്രദ്ദേയമാകുന്നതെന്നത് വിമര്‍ശനങ്ങള്‍ ശക്തമാക്കി. ഹിന്ദുമതവിശ്വാസിയായ പാക് താരം ഡാനിഷ് കനേരിയയ്ക്ക് ടീമിനുള്ളില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് സഹതാരം ഷൊഹൈബ് അക്തര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഹിന്ദുവാണെന്ന ഒറ്റ കാരണത്താലാണ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതെന്നും കനേരിയയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും ഒപ്പമുള്ളവര്‍ തയ്യാറായില്ലെന്നും അക്തര്‍ പറഞ്ഞു. അക്തര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഡാനിഷ് കനേരിയയും അഭിപ്രായപ്പെട്ടിരുന്നു. ഞാന്‍ ഒരു ഹിന്ദു ആയതിനാല്‍ എന്നോട് സംസാരിക്കാന്‍പോലും സഹകളിക്കാര്‍ തയ്യാറായില്ല. അവരുടെ പേരുകള്‍ ഞാന്‍ വെളിപ്പെടുത്തും. അന്ന് എനിക്ക് അത് തുറന്നു പറയാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതുചെയ്യുമെന്നും കനേരിയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates