ശ്രീനഗര്‍: ക്രിക്കറ്റ് പിച്ചില്‍ പന്തിന് അടികൊണ്ട് വീണ ഓസീസ് ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസിന്റെ ഓര്‍മകള്‍ മായുംമുന്‍പേ ഇന്ത്യയിലും സമാന ദുരന്തം. ദക്ഷിണ കശ്മീരില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ പന്ത് കഴുത്തില്‍ തട്ടി കൗമാര ക്രിക്കറ്റ് താരത്തിന് ജീവന്‍ നഷ്ടമായി.
വടക്കന്‍ കശ്മീരിലെ ബാരാമുളള ജില്ലയില്‍ അണ്ടര്‍ 19 ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിനിടെ പതിനെട്ടുകാരനായ ജഹാംഗീര്‍ അഹമ്മദ് വാറിനാണ് ജീവന്‍ നഷ്ടമായത്.ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും കഴുത്തിലെ മര്‍മപ്രധാനമായ ഭാഗത്ത് പന്ത് തട്ടിയതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. തനിക്ക് നേരെ വന്ന പന്തില്‍ പുള്‍ഷോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ജഹാംഗീറിന്റെ കഴുത്തില്‍ പന്ത് തട്ടിയത്.
പന്ത് തട്ടിയ ഉടന്‍ തന്നെ ജഹാംഗീറിന് ബോധം നഷ്ടമായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഓസീസ് താരം ഫിലിപ്പ് ഹ്യൂസിന്റെ കഴുത്തിന് പിന്നില്‍ പന്ത് തട്ടിയ ഭാഗത്തു തന്നെയാണ് ജഹാംഗീറിനും പരിക്കേറ്റതെന്ന് യൂത്ത് സര്‍വീസസ് ആന്റ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. സലീം ഉര്‍ റഹ്മാന്‍ പറഞ്ഞു. 2014 നവംബര്‍ 25ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്തുവെച്ചാണ് ഫിലിപ്പ് ഹ്യൂസിന്റെ കഴുത്തിനു പിന്നില്‍ ബൗണ്‍സറേറ്റത്. അപകടം നടന്നതിനു തൊട്ടുപിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹ്യൂസ് രണ്ടു ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates