നടി മഞ്ജു വാര്യരും നടൻ കുഞ്ചാക്കോ ബോബനും തമ്മിലുള്ള സൗഹൃദം ആരാധകർക്കിടയിൽ പലപ്പോഴും സംസാര വിഷയമാകാറുണ്ട്. കുഞ്ചാക്കോ ബോബന്റെ കുടുംബത്തിനൊപ്പം പലപ്പോഴും വിദേശയാത്രകളിൽ മഞ്ജുവും ഉണ്ടാകാറുണ്ട്. കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ ‘ഒരു ദുരൂഹ സാഹചര്യത്തി’ലെ പാട്ടിന് ചുവടുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
‘ഞാൻ ആൽക്കലി’ എന്ന ഗാനത്തിനാണ് ചാക്കോച്ചനും മഞ്ജുവും ചുവടുവയ്ക്കുന്നത്. ഗാനത്തിലെ സിഗ്നേച്ചർ സ്റ്റെപ്പ് ഇരുവരും ചേർന്ന് മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഞാൻ ആൽക്കലി’ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ കുഞ്ചാക്കോ ബോബനും സജിൻ ഗോപുവിനും കയ്യടി ലഭിച്ചത് ഈ സിഗ്നേച്ചർ ഡാൻസിനാണ്.
മഞ്ജുവും ചാക്കോച്ചനും പുനരവതരിപ്പിച്ചപ്പോഴും ചുവടുകൾ ക്യൂട്ട് ആയെന്ന് ആരാധകർ കുറിക്കുന്നു. മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. 'അവസാനം കാണിച്ചത് മീര ജാസ്മിന്റെ കസ്തൂരിമാനിലെ സ്റ്റെപ്പ് അല്ലേ',
'ക്യൂട്ട് കോമ്പോ', 'ഇവർക്ക് പ്രായം ആകുന്നില്ലല്ലോ', 'ഇങ്ങേരു ഈ പ്രായം കുറച്ചു കുറച്ചു എങ്ങോട്ട് പോകുന്നു', 'പ്രായം ആകാൻ മറന്ന് പോയ 2 പേർ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’.
ഞാൻ ആൽക്കലി എന്ന ഗാനം രചിച്ചതും രതീഷാണ്. കപിൽ കപിലനും നേഹ നായരും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതമൊരുക്കിയത് ഡോൺ വിൻസെന്റ് ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ‘ഒരു ദുരൂഹ സാഹര്യത്തിൽ’ നിർമിക്കുന്നത്.
ചിത്രം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates