കൊച്ചി: അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി നാവിക സേനയില്‍ മംഗ്രോള്‍ എത്തുന്നു. നാവികസേനയുടെ പുതിയ സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് ആണ് മംഗ്രോള്‍. ആഴം കുറഞ്ഞ ജലാശയങ്ങളിലെ വെള്ളത്തിനടിയിലുള്ള ഭീഷണികള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രത്യേകമായി രൂപകല്പന ചെയ്തവയാണിവ.
ഇന്ത്യന്‍ നാവികസേനയ്ക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന എട്ട് ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ മൂന്നാമത്തെ കപ്പലാണ് മംഗ്രോള്‍.മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡില്‍ മംഗ്രോള്‍ ഇന്ന് കമ്മീഷന്‍ ചെയ്യും. വലിയ യുദ്ധക്കപ്പലുകള്‍ പ്രവര്‍ത്തന പരിമിതികള്‍ നേരിടുന്ന തീരദേശ ജലത്തില്‍ സമുദ്ര പട്രോളിങ് വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, മറ്റ് യുദ്ധക്കപ്പലുകള്‍ എന്നിവയ്‌ക്കൊപ്പം അന്തര്‍വാഹിനി ഭീഷണികള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും കഴിയുന്നതാണ് മംഗ്രോളിന്റെ വലിയ സവിശേഷത.
ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ തീരദേശ പട്ടണവും മത്സ്യബന്ധന തുറമുഖവുമായ മംഗ്രോളിന്റെ പേരിലുള്ള ഈ കപ്പല്‍ നേരത്തേ ഇന്ത്യന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ച ഐഎന്‍എസ് മംഗ്രോളിന്റെ പിന്‍ഗാമിയാണ്. 80 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിച്ച മംഗ്രോളിന്റെ വരവ് യുദ്ധക്കപ്പല്‍ രൂപകല്പന, നിര്‍മാണം, നൂതന ആയുധങ്ങളുടെയും സെന്‍സറുകളുടെയും സംയോജനം എന്നിവയില്‍ ഇന്ത്യയുടെ കരുത്ത് എടുത്തുകാണിക്കുന്നതാണ്.
അന്തര്‍വാഹിനി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുറമേ കടലിനടിയിലെ നിരീക്ഷണം, മൈനുകള്‍ വിന്യസിക്കല്‍, കുറഞ്ഞ തീവ്രതയുള്ള മറ്റ് സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും മംഗ്രോള്‍ ഉപയോഗിക്കാനാകും. ആധുനിക ആയുധങ്ങളും സെന്‍സറുകളും സജ്ജീകരിച്ചിരിക്കുന്ന മംഗ്രോള്‍ വരുന്നത് ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിവിരുദ്ധ യുദ്ധശേഷികളെ ശക്തിപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates