ന്യൂയോർക്ക്: മനുഷ്യന്‍ നിര്‍മിച്ച വസ്തുക്കളില്‍ ഭൂമിയില്‍നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച ബഹിരാകാശ പേടകമായ വോയേജര്‍ 1 പുതിയ ചരിത്രനേട്ടത്തില്‍. ഭൂമിയില്‍നിന്ന് ഒരു പ്രകാശദിനം അകലെയെത്തുന്ന ആദ്യ മനുഷ്യനിര്‍മിത വസ്തുവായി നാസയുടെ വോയേജര്‍ 1 മാറി. 1977ല്‍ യാത്ര ആരംഭിച്ച പേടകം 49 വര്‍ഷത്തോളമായി പ്രപഞ്ചത്തിന്റെ അജ്ഞാത മേഖലകളിലൂടെ സഞ്ചാരം തുടരുകയാണ്. ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.46നാണ് വോയേജര്‍ 1 ചരിത്രനേട്ടത്തിലെത്തിയത്. ഭൂമിയില്‍നിന്ന് ഏകദേശം 2,590 കോടി കിലോമീറ്റര്‍ അകലെയാണ് പേടകം ഇപ്പോഴുള്ളത്.
എന്താണ് ഒരു പ്രകാശദിനം?
പ്രകാശം ഒരു സെക്കന്‍ഡില്‍ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കും. ഈ വേഗത്തില്‍ 24 മണിക്കൂര്‍ കൊണ്ട് പ്രകാശം പിന്നിടുന്ന ദൂരമാണ് ഒരു പ്രകാശദിനം. ഏകദേശം 25.9 ബില്യന്‍ കിലോമീറ്ററാണിത്. വോയേജര്‍ 1 ഭൂമിയില്‍നിന്ന് ഇത്രയും അകലെയെത്തിയതോടെ പേടകവുമായി ആശയവിനിമയം നടത്തുന്നതിനും ഏറെ സമയമെടുക്കും. ഭൂമിയില്‍നിന്ന് അയയ്ക്കുന്ന റേഡിയോ സന്ദേശം പേടകത്തിലെത്താന്‍ ഏതാണ്ട് 24 മണിക്കൂര്‍ വേണം. വോയേജര്‍ 1ല്‍നിന്നുള്ള മറുപടി ഭൂമിയിലെത്താനും അത്രതന്നെ സമയം വേണ്ടിവരും. അതായത്, ഒരു സന്ദേശം അയച്ച് മറുപടി ലഭിക്കാന്‍ രണ്ട് ദിവസത്തോളം കാത്തിരിക്കണം.
1977ല്‍ തുടങ്ങിയ യാത്ര
1977 സെപ്റ്റംബര്‍ അഞ്ചിനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വോയേജര്‍ 1 വിക്ഷേപിച്ചത്. ഇതിന്റെ ഇരട്ടപേടകമായ വോയേജര്‍ 2 വിക്ഷേപിച്ച് 16 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. സൗരയൂഥത്തിലെ വ്യാഴത്തിനപ്പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 1979ല്‍ വ്യാഴത്തെയും 1980ല്‍ ശനിയെയും പേടകം അടുത്തുകൂടി നിരീക്ഷിച്ചു. ഈ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങള്‍, വളയങ്ങള്‍, അന്തരീക്ഷം തുടങ്ങിയവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ നിരീക്ഷിച്ചതിനു പിന്നാലെയാണ് പേടകം ഗ്രഹങ്ങളുടെ സഞ്ചാരപഥത്തിന് പുറത്തേക്ക് നീങ്ങുന്ന ദിശയിലേക്ക് തിരിഞ്ഞത്.
2012 ഓഗസ്റ്റില്‍ വോയേജര്‍ 1 സൗരയൂഥത്തെ ചുറ്റിയുള്ള സൂര്യന്റെ സംരക്ഷണ മേഖലയായ ഹീലിയോസ്ഫിയറിന്റെ അതിര്‍ത്തി കടന്നു. ഇതോടെ നക്ഷത്രാന്തരീയ ബഹിരാകാശത്ത് (Interstellar Space) പ്രവേശിക്കുന്ന ആദ്യ ബഹിരാകാശ പേടകമായി ഇത് മാറി. സൂര്യനില്‍നിന്നുള്ള കണികകളും കാന്തികമണ്ഡലവും സ്വാധീനം ചെലുത്തുന്ന മേഖലയ്ക്ക് പുറത്തുള്ള പ്രദേശമാണ് നക്ഷത്രാന്തരീയ ബഹിരാകാശം.
1970കളിലെ സാങ്കേതികവിദ്യ ഇന്നും പ്രവര്‍ത്തിക്കുന്നു!
വോയേജര്‍ 1ന്റെ യാത്രയിലെ ഏറ്റവും കൗതുകകരമായ കാര്യം അരനൂറ്റാണ്ട് പഴക്കമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇപ്പോഴും ഭൂമിയുമായി ആശയവിനിമയം നടത്തുന്നത് എന്നതാണ്. ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും കാലത്തിന് ഏറെ മുന്‍പ് വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് പേടകത്തിലുള്ളത്. സൗരോര്‍ജം ഉപയോഗിച്ചല്ല വോയേജര്‍ 1 പ്രവര്‍ത്തിക്കുന്നത്. പകരം റേഡിയോ ഐസോടോപ്പ് തെര്‍മോഇലക്ട്രിക് ജനറേറ്ററുകളാണ് (RTG) ഇതിന് ഊര്‍ജം നല്‍കുന്നത്. പ്ലൂട്ടോണിയം-238 എന്ന റേഡിയോ ആക്ടീവ് പദാര്‍ഥം വിഘടിക്കുമ്പോള്‍ പുറത്തുവരുന്ന താപത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നതാണ് ഈ സംവിധാനം.
പേടകത്തിലെ വൈദ്യുതോത്പാദനം കാലക്രമേണ കുറഞ്ഞുവരികയാണ്. അതിനാല്‍ പ്രവര്‍ത്തനം തുടരാന്‍ ആവശ്യമായ ഊര്‍ജം സംരക്ഷിക്കുന്നതിനായി ചില ശാസ്ത്രീയ ഉപകരണങ്ങള്‍ നാസ ഓഫ് ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് കിലോമീറ്ററുകള്‍ അകലെ സഞ്ചരിക്കുന്ന പേടകത്തിലേക്ക് ഭൂമിയില്‍നിന്ന് അയയ്ക്കുന്ന കമാന്‍ഡുകള്‍ വഴിയാണ് എന്‍ജിനീയര്‍മാര്‍ അതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
മണിക്കൂറില്‍ ഏകദേശം 61,000 കിലോമീറ്റര്‍ വേഗത്തിലാണ് വോയേജര്‍ 1 സഞ്ചരിക്കുന്നത്. എങ്കിലും ഏറ്റവും അടുത്ത നക്ഷത്രവ്യവസ്ഥയായ ആല്‍ഫ സെന്റോറിയിലെത്താന്‍ ഇതിന് ഇനിയും വലിയ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രവ്യവസ്ഥകളിലൊന്നായ ആല്‍ഫ സെന്റോറി നാല് പ്രകാശവര്‍ഷത്തിലധികം അകലെയാണ്. നിലവിലെ സഞ്ചാരപാത അനുസരിച്ച് ഗ്ലീസ് 445 എന്ന നക്ഷത്രത്തിന്റെ ദിശയിലേക്കാണ് വോയേജര്‍ 1 നീങ്ങുന്നത്. ഏകദേശം 40,000 വര്‍ഷങ്ങള്‍ക്കുശേഷം ഈ നക്ഷത്രത്തിന് സമീപത്തുകൂടി കടന്നുപോകുമെന്നാണ് കണക്കുകൂട്ടല്‍. അപ്പോഴും നക്ഷത്രത്തില്‍നിന്ന് ഏകദേശം 1.7 പ്രകാശവര്‍ഷം അകലെയായിരിക്കും പേടകം.
ഭൂമിയിലെ ജീവന്റെ ശബ്ദങ്ങള്‍, സംഗീതം, ചിത്രങ്ങള്‍, വിവിധ ഭാഷകളിലുള്ള ആശംസകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗോള്‍ഡന്‍ റെക്കോര്‍ഡും വോയേജര്‍ 1ല്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റേതെങ്കിലും നാഗരികത ഈ പേടകം കണ്ടെത്തിയാല്‍ ഭൂമിയെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ഉള്‍പ്പെടുത്തിയത്. വോയേജര്‍ 1 ഒരു പ്രകാശദിനം അകലെയെത്തിയത് പേടകത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രത്യേക മാറ്റങ്ങളൊന്നും വരുത്തുന്നില്ല. എന്നാല്‍ മനുഷ്യന്റെ ശാസ്ത്രസാങ്കേതിക മികവിന്റെ വലിയ നേട്ടമാണിത്. 1970കളില്‍ നിര്‍മിച്ച ഒരു പേടകം അരനൂറ്റാണ്ടിനുശേഷവും ഭൂമിയില്‍നിന്ന് കോടിക്കണക്കിന് കിലോമീറ്ററുകള്‍ അകലെ പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള യാത്ര തുടരുന്നു എന്നതുതന്നെ വിസ്മയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates