ഉൽസവം 

'മ്മക്കോരോ നാരങ്ങാവെള്ളം കാച്യാലോ?' ; പേരിന്റെ ഭാഷാവഴികള്‍

'മ്മക്കോരോ നാരങ്ങാവെള്ളം കാച്യാലോ?' ; പേരിന്റെ ഭാഷാവഴികള്‍

സമകാലിക മലയാളം ഡെസ്ക്


'മ്മക്കോരോ നാരങ്ങാവെള്ളം കാച്യാലോ' എന്നു ചോദിച്ച് ജയകൃഷ്ണന്‍ ഋഷിയെയും കൊണ്ട് കയറിച്ചെന്നത് ശറാബിയിലേക്കാണ്. തൃശൂര്‍ കസീനോ ഹോട്ടലിലെ മദ്യശാല.ഒരു മദ്യശാലയ്ക്കു നല്‍കാവുന്നതില്‍ ഏറ്റവും ഉചിതമായ പേരുകളില്‍ ഒന്നാവണം, ശറാബി. ഉന്മത്തന്‍, 'മുഴുക്കുടിയന്‍ എന്നൊക്കെയാണ് ആ ഉറുദു വാക്കിനര്‍ഥം. ശറാബിയോളം വരില്ലെങ്കിലും പേരില്‍ ചെറിയൊരു കിക്ക് ഒളിപ്പിച്ചു വച്ച മദ്യശാലകള്‍ പലതുണ്ട്, നാട്ടില്‍. അരിസ്‌റ്റോ, വോള്‍ഗ, കല്‍ക്കട്ട... അങ്ങനെയങ്ങനെ.

പേരിടുമ്പോള്‍ പേരിലെന്തിരിക്കുന്നുവെന്ന ചിന്തയോടാവണം നമ്മള്‍ ചേര്‍ന്നു നില്‍ക്കുന്നത്. ശറാബി പോലെ നാമം മാത്രം ധാരാളം എന്നു പറയാന്‍ നമുക്ക് അത്രയധികമൊന്നും ബ്രാന്‍ഡ് നാമങ്ങളില്ല. കുട്ടന്‍പിള്ളയെന്നല്ലേ പേര് എന്ന അപ്പുക്കുട്ടന്റെ ആ ചോദ്യമുണ്ടല്ലോ, അതൊരു ക്ലാസിക് ചോദ്യമാണ്. കഴിച്ചത് മസാല ദോശയെങ്കില്‍ ആര്യഭവനില്‍ നിന്നോ ശരവണഭവനില്‍ നിന്നോ അല്ലേയെന്ന് അതിനര്‍ഥമുണ്ട്. അയക്കൂറ പൊരിച്ചതോ ചിക്കന്‍ ബിരിയാണിയോ എങ്കില്‍ മുബാറക്കില്‍ നിന്നോ റഹ്മത്തില്‍ നിന്നോ അല്ലേയെന്നും. മദ്യത്തിനു പെണ്‍പേരു വേണമെന്നു പറഞ്ഞയാളെ കണ്ടം വഴി ഓടിച്ചു വിട്ട നമ്മുടെ ഉച്ചപ്പട തീയറ്ററുകളില്‍ മിക്കതും ചേലയുടുത്ത് നീണ്ടു നിവര്‍ന്നു കിടന്നവയായിരുന്നു. ഗിരിജ, പുഷ്പ എന്നൊക്കെയായിരുന്നു അവയ്ക്കു പേരുകള്‍.

ബസിന് താമരാക്ഷന്‍ പിള്ള എന്നു പേരിടാമോ? പൊട്ടിപ്പൊളിഞ്ഞ ബസിന് താമരാക്ഷന്‍ പിള്ളയെന്നു പേരിട്ടതിലെ കോമഡി കണ്ട് ചിരിച്ച് തൃശൂരുകാര്‍ തിരിച്ച് വീട്ടിലേക്ക് പോയത് പൊട്ടിപ്പൊളിഞ്ഞ 'കെ കെ മേനോനി'ല്‍ കയറിയായിരുന്നു. ചേട്ടന്‍ എന്നു വിളിപ്പേരുള്ള പഞ്ചായത്ത് പ്രസിഡന്റ് എഡിറ്റ് ചെയ്ത് പുറത്തിറക്കിയിരുന്ന, മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച ആ പത്രത്തിന്റെ പേരിലെ ചിരി ഇപ്പോഴും നമ്മുടെ ചുണ്ടിലുണ്ട്  തകിട ഗുണാരി. ആ ചിരി പക്ഷേ കോഴിക്കോട്ടെത്തുമ്പോള്‍ കുറച്ചു നേരമെങ്കിലും നിന്നു പോവുക തന്നെ ചയ്യും.ഇടിക്കുറ്റി'യെന്നായിരുന്നുഅവിടെ നിന്നിറങ്ങിയിരുന്ന ഒരു പത്രത്തിന് പേര്.

കച്ചവടത്തിനു പേരിടല്‍ ഇന്ന് ഇന്റര്‍നെറ്റിലെ വലിയ കച്ചവടങ്ങളില്‍ ഒന്നാണ്. പേരില്‍ പക്ഷേ അത്രയ്ക്ക് കച്ചവട വിജയമൊന്നും എന്‍കോഡ് ചെയ്യപ്പെടുന്നുണ്ടാവില്ല. അക്ഷരം, ഇംപ്രിന്റ്, പെന്‍ തുടങ്ങി നെയിം ഈസ് ഇനഫ് എന്നു പറയാവുന്ന പ്രസാധന ശാലകള്‍ അടച്ചു പോയപ്പോള്‍ 'ഡൊമിനിക് ചാക്കോ ബുക്‌സ്' ഒന്നാം നിര പ്രസാധനശാലയായി തുടരുന്നതു നമ്മള്‍ കാണുന്നുണ്ട്.ക്ലാസ് മുറികള്‍ ലേബര്‍ റൂമുകള്‍ അല്ലാതിരുന്നിട്ടും ലേബര്‍ ഇന്ത്യ തന്നെയാണ് നാട്ടില്‍ കൂടുതല്‍ പ്രചാരമുള്ള വിദ്യാഭ്യാസ മാസിക.വിദ്യാരംഗവും വിജയവീഥിയും വേണ്ടെന്നു വച്ച് നമ്മുടെ കുട്ടികള്‍ ഇപ്പോഴും വാങ്ങുന്നത് അതു തന്നെയാണ്.

മദ്യത്തില്‍ നിന്നാണത്രേ, ബ്രാന്‍ഡിങ്ങിന്റെ തുടക്കം. ഓക്കു വീപ്പകളില്‍ ഒരുപാടു കാലം കെട്ടി വച്ച് വീര്യം വരുത്തിയ വീഞ്ഞിനെ ഇന്‍സ്റ്റന്റ് മദ്യത്തില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ യൂറോപ്യന്‍ മദ്യോത്പാദകരാണ് അതിനു പേരു നല്‍കുന്ന പതിവ് തുടങ്ങിയത്. മദ്യത്തില്‍ തുടങ്ങിയ ബ്രാന്‍ഡ് ചരിത്രം മൊട്ടുസൂചിയില്‍ വരെ എത്തിയിട്ടും നമ്മുടെ തനത് മദ്യത്തിന് ഇനിയുമില്ല, ബ്രാന്‍ഡ് പേരുകള്‍. അതിപ്പോഴും ശങ്കരന്റെ 'തെങ്ങും' മോഹനന്റെ 'പന 'യും തന്നെയാണ്. പ്രകൃതിയുടെ മിശ്രണവും ഡിയാജിയോയുടെ പാക്കിങ്ങുമായി വന്നിരുന്നെങ്കില്‍ വേറൊന്നായേനെ കള്ളിന്റെ കഥ. അങ്ങനെയെങ്കില്‍ എന്താകും അതിന്റെ ടാഗ് ലൈന്‍? ചങ്ങമ്പുഴയുടെ ആ കള്ളു കവിതയുണ്ടല്ലോ, അതിന്റെ അവസാന വരി തന്നെയാണ് എല്ലാ മദ്യത്തിന്റേയും എല്ലാക്കാലത്തേയും ടാഗ് ലൈന്‍- 'പോക വേദാന്തമേ നീ.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

SCROLL FOR NEXT