ആർക്കാണ് പൂക്കൾ ഇഷ്ടമില്ലാത്തത്, അവയുടെ നിറവും സുഗന്ധവും മനസ്സിലും കാഴ്ചയ്ക്കും കുളിർമ നൽകുന്നതാണ്. എന്നാൽ ചർമസംരക്ഷണത്തിനും പൂക്കൾ ബഹുകേമമാണ്.
വിലകൂടിയ പല സൗന്ദര്യവർധക വസ്തുക്കളുടെയും പ്രധാന ചേരുവ പൂക്കളാണ്. പൂക്കളിൽ വിവിധ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് തിളക്കവും യുവത്വം നൽകുന്നു.
റോസാപ്പൂക്കൾ
റോസാപ്പൂക്കളുടെ ഇതളുകൾക്ക് ചർമത്തിന് കൂളിങ് ഇഫക്ട് നൽകാനും ജലാംശം ലോക്ക് ചെയ്യാനും സാധിക്കും. റോസ് വാട്ടർ ഉപയോഗിക്കുന്നത് ചർമത്തിലെ അധിക എണ്ണയെ നിയന്ത്രിക്കുന്നു, റോസ് ക്രീമുകളും മാസ്കുകളും ഉപയോഗിക്കുന്നത് മുഖക്കുരു അകറ്റാനും സഹായിക്കും.
താമര
ചർമത്തിൽ യുവത്വം നിലനിത്താനും, തിളക്കം നൽകാനും താമരപ്പൂക്കൾ സഹായിക്കും. ഇവയിൽ അടങ്ങിയ പോഷകങ്ങൾ മുഖക്കുരു നീക്കം ചെയ്യാൻ സഹായിക്കും. താമര ഇതളുകൾ അരച്ച് ഒരു നുള്ള് മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ചർമം മെച്ചപ്പെടാൻ സഹായിക്കും.
ലാവെൻഡർ
ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ് ലാവെൻഡർ. ഇത് ചർമത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ചർമത്തിന് നല്ല തിളക്കം നൽകാനും സഹായിക്കും. മുഖക്കുരു തടയാനും മികച്ചതാണ് ലാവെൻഡർ.
ചെമ്പരത്തി
ചർമം പുനരുജ്ജീവിപ്പിക്കുന്ന ഗുണങ്ങൾ ചെമ്പരത്തിൽലുണ്ട്. ചർമത്തിന്റെ നിറം, ദൃഢത, എണ്ണ ഉൽപാദനം നിയന്ത്രിക്കൽ, ജലാംശം, അകാല വാർദ്ധക്യത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ചെമ്പരത്തിക്കുണ്ട്. ചെമ്പരത്തി അരച്ച് മുഖത്ത് തേക്കുന്നതും നല്ലതാണ്.
മുല്ല
ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ മുല്ലപ്പൂവ് ചർമത്തിന് പ്രായക്കൂടുതൽ തോന്നിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. ചർമത്തെ ജലാംശം നൽകി മൃദുവാക്കാനും ഇത് സഹായിക്കും, അതിനാലാണ് മുല്ലുപ്പൂ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണത്തിൽ ഉപയോഗിക്കുന്നത്.