

വൈശാഖ പൗർണമി ദിവസം, ബുദ്ധമത അനുയായികൾ ധർമ്മ പദം, ത്രിപിടകം തുടങ്ങിയ പുണ്യഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നു. ബീഹാറിലെ ബോധ്ഗയയിൽ, ഭക്തർ ബോധിവൃക്ഷത്തെ ആരാധിക്കുന്നു, ഇത് ജ്ഞാനോദയത്തിന്റെ പ്രതീകമായ ഒരു പവിത്രമായ അരയാൽ വൃക്ഷമാണ്. വീടുകളും ക്ഷേത്രങ്ങളും വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, ആളുകൾ ബുദ്ധന്റെ പഠിപ്പിക്കലുകളെക്കുറിച്ചുള്ള ജപം, ധ്യാനം എന്നിവയിൽ ഏർപ്പെടുന്നു.
ഹിന്ദു പാരമ്പര്യങ്ങളിൽ, ഭക്തർ സത്യനാരായണ പൂജ നടത്തുകയും, ലക്ഷ്മി ദേവിയെ ആരാധിക്കുകയും, ചന്ദ്രന് അർഘ്യം സമർപ്പിക്കുകയും ചെയ്യുന്നു. ഉപവാസവും ദാനധർമ്മങ്ങളും ഈ ആചരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വിഷ്ണുവിൻ്റെ അവതാരമായി ഗൗതമബുദ്ധൻ ചില മതഗ്രന്ഥങ്ങൾ ഗൗതമബുദ്ധനെ ഭഗവാൻ വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായി പരാമർശിക്കുന്നു.
ചരിത്രപരമായി, ബി.സി. 563-ൽ കപിലവാസ്തു വിൽ ശാക്യവംശത്തിലെ മഹാമായ രാജ്ഞിയുടെയും ശുദ്ധോദന രാജാവിന്റെയും മകനായി ബുദ്ധൻ ജനിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് സിദ്ധാർത്ഥൻ എന്നായിരുന്നു.
ബുദ്ധമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ബുദ്ധ പൗർണമി. ഗൗതമ ബുദ്ധന്റെ ജനനം, ബോധോദയം, മഹാപരി നിർവ്വാണം ഈ മൂന്നു മഹത്തര സംഭവങ്ങളും ഒരേ ദിവസം നടന്നതായി വിശ്വസിക്കപ്പെടുന്നതിനാൽ ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സമാധാനം, കരുണ, അഹിംസ എന്നീ മൂല്യങ്ങൾ മനുഷ്യർക്കു പകർന്നു നൽകിയ മഹാനായ ഗൗതമ ബുദ്ധന്റെ സ്മരണകളിൽ നമിക്കുന്നു എന്നതു തന്നെയാണ് ബുദ്ധ പൗർണമി ദിനത്തിന്റെ സാരാംശം.1 മെയ് 2026 നാണ് ഈ വർഷം അതാഘോഷിക്കുന്നത്.
ബുദ്ധ പൗർണമി സാധാരണയായി വൈശാഖ മാസത്തിലെ പൗർണ്ണമി ദിവസത്തിലാണ് ആചരിക്കുന്നത്. ഈ ദിവസം ബുദ്ധവിഹാരങ്ങളിൽ പ്രാർത്ഥനകളും ധ്യാനവും നടത്തുകയും, ബുദ്ധന്റെ ഉപദേശങ്ങൾ ഓർമ്മപ്പെടുത്തുന്ന ചടങ്ങുകൾ സംഘടി പ്പിക്കുകയും ചെയ്യുന്നു. ദാനം നൽകുക, വിശപ്പുള്ള വരെ സഹായിക്കുക, സത്യവും ധർമവും പാലിക്കുക തുടങ്ങിയ നല്ല പ്രവൃത്തികൾക്ക് ആളുകൾ മുൻഗണന നൽകുന്നു.
ഗൗതമ ബുദ്ധന്റെ ജീവിതത്തിൽ കുടുംബബന്ധങ്ങളും ഒരു പ്രധാന ഭാഗമാണ്. അദ്ദേഹത്തിന്റെ ആത്മീയ യാത്രയ്ക്ക് മുൻപ്, ഒരു രാജകുമാരനായി കപിലവസ്തുവിൽ ജീവിച്ചിരുന്ന കാലഘട്ടത്തിൽ കുടുംബ ജീവിതം വളരെ സമൃദ്ധമായിരുന്നു. ഗൗതമ ബുദ്ധന്റെ പിതാവ് ശുദ്ധോധനൻ ആയിരുന്നു. ശാക്യവർഗ്ഗത്തിന്റെ രാജാവായിരുന്ന അദ്ദേഹം, മകനായ സിദ്ധാർത്ഥൻ ഒരു മഹാനായ രാജാവാകണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെ ജീവിതത്തിലെ ദുഃഖങ്ങളും കഷ്ടപ്പാടുകളും മകനിൽ നിന്ന് അകറ്റി വെക്കാൻ ശ്രമിച്ചു.
അമ്മ മായാദേവി ആയിരുന്നു. സിദ്ധാർത്ഥൻ ജനിച്ച ഉടൻ തന്നെ മായാദേവി അന്തരിച്ചതിനാൽ, അദ്ദേഹത്തെ വളർത്തിയത് അമ്മാവിയായ മഹാ പ്രജാപതി ഗൗതമിയാണ്. അവൾ മാതൃസ്നേഹത്തോടെ അദ്ദേഹത്തെ പരിപാലിച്ചു. ഭാര്യയായി യശോധര ഉണ്ടായിരുന്നു. ബാല്യകാലത്തു തന്നെ ഇവരുടെ വിവാഹം നടന്നു. രാജകീയ സൗകര്യങ്ങളോടു കൂടിയ ജീവിതം നയിച്ചിരുന്നെങ്കിലും, സിദ്ധാർത്ഥന്റെ മനസ്സിൽ ജീവിതത്തിന്റെ സത്യങ്ങൾ കണ്ടെത്താനുള്ള ആകാംക്ഷ വളർന്നുകൊണ്ടിരുന്നു.
മകൻ രാഹുലൻ ആയിരുന്നു. രാഹുലൻ ജനിച്ചതിന് പിന്നാലെയാണ് സിദ്ധാർത്ഥൻ ലോക സുഖങ്ങൾ ഉപേക്ഷിച്ച് ആത്മാന്വേഷണത്തിനായി പുറപ്പെട്ടത്. പിന്നീട് ബുദ്ധനായി മാറിയ ശേഷം, രാഹുലനും ബുദ്ധമതത്തിൽ പ്രവേശിച്ച് സന്യാസ ജീവിതം സ്വീകരിച്ചു. ഇങ്ങനെ നോക്കുമ്പോൾ, ബുദ്ധന്റെ ജീവിതം ഒരു രാജകുമാരന്റെ ആഡംബരത്തിൽ നിന്ന് ആത്മീയ സത്യാന്വേഷണത്തിലേക്കുള്ള വലിയമാറ്റമാണ്.
കുടുംബബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും, മനുഷ്യരുടെ ദുഃഖം അവസാനിപ്പിക്കാനുള്ള മഹത്തായ ലക്ഷ്യമാണ് അദ്ദേഹത്തെ ലോകം വിട്ട് ആത്മീയ മാർഗത്തിലേക്ക് നയിച്ചത്. ബുദ്ധന്റെ ഉപദേശങ്ങളിൽ പ്രധാനമായത് “മധ്യമ മാർഗം” എന്ന ആശയ മാണ്. അതായത് അതിരുകടക്കുന്ന ആഗ്രഹങ്ങളും കടുത്ത ത്യാഗങ്ങളും ഒഴിവാക്കി, സമത്വത്തോടെ ജീവിക്കുക എന്നതാണ്. മനുഷ്യജീവിതത്തിലെ ദുഃഖങ്ങൾക്ക് കാരണമാകുന്നത് ആഗ്രഹങ്ങളാണെന്നും, അവയെ നിയന്ത്രിച്ചാൽ ശാന്തിയും സന്തോഷവും നേടാനാകുമെന്നും ബുദ്ധൻ പഠിപ്പിച്ചു.
ഈ സന്ദേശങ്ങൾ ഇന്നത്തെ ലോകത്തും അത്രത്തോളം പ്രസക്തമാണ്. ഇന്നത്തെ അതിവേഗ ജീവിതത്തിൽ മാനസിക സംഘർഷങ്ങളും സമ്മർദ്ദങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ബുദ്ധ പൗർണമി നമ്മെ നിമിഷം നിർത്തി ആത്മപരിശോധന നടത്താൻ ഓർമ്മപ്പെടുത്തുന്ന ദിനമാണ്. കരുണയും സഹിഷ്ണുതയും വളർത്തി, മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കി ജീവിക്കാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കുന്നു.
ആകെക്കൂടി നോക്കുമ്പോൾ, ബുദ്ധ പൗർണമി ഒരു മതാഘോഷം മാത്രമല്ല; അത് മനുഷ്യന്റെ ഉള്ളിലെ പ്രകാശം ഉണർത്തുന്ന ആത്മീയ സന്ദേശമാണ്. സമാധാനവും സഹവർത്തിത്വവും നിറഞ്ഞ ലോകം സൃഷ്ടിക്കാൻ ഓരോരുത്തരും സ്വന്തം ജീ വിതത്തിൽ ബുദ്ധന്റെ ഉപദേശങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates