

മുംബൈ: പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോര്‍റാഡ് ഇന്ത്യയില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. എഫ് 450 ജിഎസ് സ്‌പോര്‍ട്ട് എന്ന പേരില്‍ പുറത്തിറക്കിയ മോട്ടോര്‍സൈക്കിളിന് 5.90 ലക്ഷം രൂപയാണ് എക്‌സ്- ഷോറൂം വില.
മറ്റു വേരിയന്റുകളെ അപേക്ഷിച്ച് ഇതിലെ ഏറ്റവും വലിയ മാറ്റം സ്‌പോര്‍ട്ട് സസ്‌പെന്‍ഷന്‍ ആണ്. ഇത് കൂടുതല്‍ കൃത്യതയും നിയന്ത്രണവും നല്‍കുന്നു. ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിരിക്കുന്നു. ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഗിയര്‍ മാറ്റാന്‍ ഇത് സഹായിക്കുന്നു. റെയിന്‍, റോഡ്, എന്‍ഡ്യൂറോ മോഡുകള്‍ക്ക് പുറമേ എന്‍ഡ്യൂറോ പ്രോ എന്നൊരു പ്രത്യേക റൈഡിങ് മോഡും ഇതിലുണ്ട്.
റേസിങ് റെഡ് എന്ന പ്രത്യേക നിറത്തിലാണ് ഈ സ്‌പോര്‍ട്ട് വേരിയന്റ് വരുന്നത്. ഇതിന്റെ സവിശേഷമായ എക്‌സ് ആകൃതിയിലുള്ള എല്‍ഇഡി ഹെഡ് ലാമ്പ്, മുന്‍ഭാഗത്തെ ബീക്ക് ഡിസൈന്‍, നിവര്‍ന്നു നില്‍ക്കുന്ന ഘടന എന്നിവ മുന്‍ വേരിയന്റുകളിലേതിന് സമാനമായി നിലനിര്‍ത്തിയിരിക്കുന്നു. കൂടാതെ റാലി വിന്‍ഡ്‌സ്‌ക്രീന്‍, കറുത്ത നിറത്തിലുള്ള ഹാന്‍ഡ്ഗാര്‍ഡുകള്‍, ഓഫ് റോഡ് ഫുട്‌പെഗുകള്‍ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്.
420 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 8750 ആര്‍പിഎമ്മില്‍ 48 ബിഎച്ച്പി കരുത്തും 6750 ആര്‍പിഎമ്മില്‍ 43 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഇതിന് കഴിയും. ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 178 കിലോഗ്രാമാണ് ഭാരം. ജിഎസ് ട്രോഫി പതിപ്പിലുള്ള പല ഫീച്ചറുകളും സ്‌പോര്‍ട്ട് വേരിയന്റിലും കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates