

ന്യൂഡല്‍ഹി: പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350ന്റെ പുതുക്കിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അപ്‌ഡേറ്റ് ചെയ്ത മോഡല്‍ ഇപ്പോള്‍ കൂടുതല്‍ ശക്തവും സ്‌റ്റൈലിഷും ആണ്. നാല് വേരിയന്റുകളും ആകെ ഏഴ് പുതിയ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫയര്‍ബോള്‍ വേരിയന്റ് ഓറഞ്ച്, ഗ്രേ നിറങ്ങളിലും സ്റ്റെല്ലര്‍ വേരിയന്റ് മാറ്റ് ഗ്രേ, മറൈന്‍ ബ്ലൂ നിറങ്ങളിലും അറോറ വേരിയന്റ് റെട്രോ ഗ്രീന്‍ , ചുവപ്പ് നിറങ്ങളിലും, സൂപ്പര്‍നോവ വേരിയന്റ് കറുപ്പ് നിറത്തിലുമാണ് ലഭ്യമാവുക. 1,95,762 രൂപ മുതലാണ് വില ആരംഭിക്കുന്നത് ( എക്‌സ് ഷോറൂം വില, ചെന്നൈ).
ഫയര്‍ബോള്‍, സ്റ്റെല്ലര്‍ വേരിയന്റുകളില്‍ മുമ്പ് കണ്ടിരുന്ന ഹാലോജന്‍ യൂണിറ്റുകള്‍ക്ക് പകരമായി എല്‍ഇഡി ഹെഡ്ലാമ്പുകളും എല്‍ഇഡി ഇന്‍ഡിക്കേറ്ററും ട്രിപ്പര്‍ നാവിഗേഷന്‍ പോഡും ക്രമീകരിച്ചിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ്-ചാര്‍ജിങ് പോര്‍ട്ട്, അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയാണ് മറ്റു സവിശേഷതകള്‍. സൂപ്പര്‍നോവ, അറോറ വേരിയന്റുകളില്‍ ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകള്‍ എന്നിവയും കാണാം. പരീക്ഷിച്ചു വിജയിച്ച 349 സിസി ജെ-സീരീസ് എയര്‍-കൂള്‍ഡ് എന്‍ജിനുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇത് 6100 rpm-ല്‍ 20.2 BHP പവറും 4000 rpm-ല്‍ 27 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ജോഡിയാക്കിയിട്ടുണ്ട്.
അതേസമയം ബൈക്കിന്റെ ഷാസി, സസ്പെന്‍ഷന്‍, ബ്രേക്കിങ് സജ്ജീകരണം എന്നിവ പഴയപടി തന്നെ തുടരുന്നു. പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രഖ്യാപിച്ചതോടെ, അപ്ഡേറ്റുകള്‍ ഉണ്ടെങ്കില്‍ പോലും ബൈക്കിന്റെ വില കുറഞ്ഞിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 നേരത്തെ 2.08 ലക്ഷം രൂപ പ്രാരംഭവിലയിലാണ് വിറ്റഴിച്ചിരുന്നത്. ടോപ്-സ്പെക് വേരിയന്റിന് 2.33 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ മെറ്റിയര്‍ 350ന്റെ എക്സ്-ഷോറൂം വില 1.96 ലക്ഷം രൂപയില്‍ ആരംഭിച്ച് 2.16 ലക്ഷം രൂപ വരെ എത്തിനില്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates