

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസും ബജാജും അടുത്തവര്‍ഷം പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ രംഗത്ത് നിരവധി പുതിയ മോഡലുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളയിങ് ഫ്‌ളീ സി6, ഓബര്‍ റോര്‍ ഇവോ, അവോര്‍ ഇഎക്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഈ രംഗത്തേയ്ക്കാണ് ടിവിഎസും ബജാജും കടന്നുവരാന്‍ ഒരുങ്ങുന്നത്.
ഇറ്റലിയിലെ മിലാനില്‍ നടന്ന EICMA 2025ല്‍ ടിവിഎസ് കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. ഐക്യൂബ്, ഓര്‍ബിറ്റര്‍ തുടങ്ങി ചുരുക്കം ചില ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ച ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ആണ് വരാന്‍ പോകുന്നത്. രൂപകല്‍പ്പനയുടെ കാര്യത്തില്‍ സി ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പും ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളുമാണ് ഇഎഫ്എക്‌സ് 3 O എന്ന പേരിലുള്ള ഇലക്ട്രിക് ബൈക്കിന് ഉള്ളത്.
സ്വര്‍ണ നിറത്തിലുള്ള യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, വലിയ അലോയ് വീലുകള്‍, ബെല്‍റ്റ് - ഡ്രൈവ് സെറ്റപ്പ് എന്നിവ ഈ ബൈക്കിലുണ്ട്. ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം സിസ്റ്റത്തോടുകൂടിയ അഡാസ് ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഐക്യൂബ് എസ്ടിയിലുള്ള അതേ 5.3kwh ബാറ്ററി പായ്ക്കായിരിക്കും ഇതിലും ഉപയോഗിക്കാന്‍ സാധ്യത. 200 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ആണ് പ്രതീക്ഷിക്കുന്നത്. 2027 മധ്യത്തോടെ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഈ മോട്ടോര്‍സൈക്കിളിന് രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും എക്‌സ് ഷോറൂം വില. മുന്നിലും പിന്നിലും ഡ്യുവല്‍ ചാനല്‍ എബിഎസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.
ബജാജ് ഇലക്ട്രിക് ബൈക്ക്
ബജാജ് ഓട്ടോയുടെ ആദ്യ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ 2028 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുനെയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് മറ്റു ആഗോള വിപണികളിലേക്കായിരിക്കും ഇത് ആദ്യം കയറ്റുമതി ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates