

ന്യൂഡല്‍ഹി: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഉരുക്ക് വ്യവസായിയും ശതകോടീശ്വരനുമായ ലക്ഷ്മി എന്‍. മിത്തല്‍ ദുബൈയിലേക്ക് മാറുന്നതായി റിപ്പോര്‍ട്ട്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ കീഴില്‍ നികുതി മാറ്റങ്ങള്‍ വരാനിരിക്കെയാണ് ദി സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ആര്‍സെലര്‍ മിത്തലിന്റെ സ്ഥാപകനും ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ഏറെക്കാലമായി തുടരുന്ന വ്യക്തിയുമാണ് 75-കാരനായ ലക്ഷ്മി എന്‍ മിത്തല്‍.
നികുതി മാറ്റത്തെ കുറിച്ചുള്ള സൂചനകള്‍ അതിസമ്പന്നരെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തില്‍ നിരവധി കോടീശ്വരന്‍മാര്‍ യുകെ വിടുകയാണ്. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ നികുതിദായകനായ മിത്തല്‍, തന്റെ കൂടുതല്‍ സമയവും യുഎഇയില്‍ ചെലവഴിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎഇയില്‍ മിത്തലിന് നേരത്തെ തന്നെ ആഡംബര വസതിയുണ്ട്. കൂടാതെ നായിയ ദ്വീപില്‍ പുതിയ വസ്തുവകകള്‍ അദ്ദേഹം വാങ്ങുകയാണ്. 15.4 ബില്യണ്‍ പൗണ്ട് ആസ്തിയുള്ള അദ്ദേഹം യുകെയിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പന്നനാണ്.
പൊതുഖജനാവിലെ 20 ബില്യണ്‍ പൗണ്ടിന്റെ കുറവ് നികത്താന്‍ സമ്പന്നര്‍ക്ക് മേല്‍ കൂടുതല്‍ നികുതികള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബുധനാഴ്ചത്തെ ബജറ്റിന് മുന്നോടിയായാണ് ഈ നീക്കം. ആദായനികുതിയോ മൂലധന നേട്ടത്തിനുള്ള നികുതിയോ എന്നതിലുപരി, അനന്തരാവകാശ നികുതിയാണ് പ്രധാന ആശങ്കയെന്ന് മിത്തലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. യുകെയില്‍ നിന്ന് വ്യത്യസ്തമായി ദുബായിലും സ്വിറ്റ്സര്‍ലന്‍ഡിലും അനന്തരാവകാശ നികുതി ഇല്ല. യുകെയില്‍ ലോകമെമ്പാടുമുള്ള ആസ്തികള്‍ക്ക് 40ശതമാനം വരെ നികുതി ചുമത്തിയേക്കാം. എഐ സംരംഭകനായ ഹെര്‍മന്‍ നരുല, റെവല്യൂട്ട് സഹസ്ഥാപകന്‍ നിക്ക് സ്റ്റോറോണ്‍സ്‌കി എന്നിവരുള്‍പ്പെടെ മറ്റ് സമ്പന്നരായ സംരംഭകരുടെ സമാനമായ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് മിത്തലിന്റെയും ഈ മാറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates