

കൊച്ചി: കേരളത്തിലെ നികുതിദായകരില്‍ ഏകദേശം 85 ശതമാനം പേരും സത്യസന്ധരാണെന്ന് കേരളത്തിലെ സെന്‍ട്രല്‍ ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ്, കസ്റ്റംസ് ചീഫ് കമ്മീഷണര്‍ ഷെയ്ക് ഖാദര്‍ റഹ്മാന്‍. അവരില്‍ ആരും തന്നെ മനഃപൂര്‍വ്വം നികുതി ഒഴിവാക്കുന്നില്ല. താന്‍ പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ആ സംസ്ഥാനങ്ങളിലെ അനുഭവവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ മനഃപൂര്‍വ്വം നികുതി വെട്ടിക്കുന്നത് വളരെ കുറവാണെന്നും ഷെയ്ക് ഖാദര്‍ റഹ്മാന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തൊഴില്‍ സംസ്‌കാരം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. ഇവിടുത്തെ ആളുകള്‍ വളരെ ബുദ്ധിമാന്മാരും അറിവുള്ളവരുമാണ്. തൊഴില്‍ സംസ്‌കാരം, മുംബൈയില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടത്തെ ആളുകളുടെ മനോഭാവം നല്ലതാണ്. ഉത്തരേന്ത്യന്‍ ഫ്യൂഡല്‍ സമ്പ്രദായം ഇവിടെ ഓടില്ല. ഇവിടുത്തെ ജനങ്ങളുമായി ഇടപഴകാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നികുതി പിരിവിന്റെ കാര്യത്തില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?
2023-24 മുതല്‍ 2024-25 വരെയുള്ള കേരളത്തിലെ വരുമാന വളര്‍ച്ച വെറും അഞ്ചു ശതമാനം മാത്രമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, എക്‌സൈസ് നികുതിയില്‍ നിന്നുള്ള മൊത്തം വരുമാനം ഏകദേശം 26,000 കോടി രൂപയാണ്. എന്നാല്‍ ഈ സംസ്ഥാനത്തെ മൊത്തം ജിഎസ്ടി വരുമാനം 18,000 കോടി രൂപ മാത്രമാണ്. ഏകദേശം 1.67 ലക്ഷം നികുതിദായകരുണ്ട്. വരുമാനത്തിന്റെ 60 ശതമാനം ഇവരില്‍ നിന്ന് ലഭിക്കുന്നു. അതായത് 18,000 കോടി രൂപ. അതിനാല്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് വരുമാനം വര്‍ധിപ്പിക്കുക എന്ന ദൗത്യത്തിനാണെന്നും ഷെയ്ക് ഖാദര്‍ റഹ്മാന്‍ പറഞ്ഞു
കേരളത്തിലെ വ്യവസായങ്ങളുടെ എണ്ണം കുറവാണ്. കേരളം സര്‍വീസ് കേന്ദ്രീകൃതമാണ്. 18,000 കോടി രൂപയുടെ ജിഎസ്ടി വരുമാനത്തില്‍ ഏകദേശം 75 ശതമാനവും സേവനങ്ങളില്‍ നിന്നാണ്. കുറച്ച് വ്യവസായങ്ങള്‍ മാത്രമുള്ളതിനാല്‍, സാധനങ്ങളുടെ വിതരണത്തില്‍ നിന്നുള്ള വരുമാനം കുറവാണ്. ടൂറിസത്തില്‍ നിന്നും ഹോട്ടല്‍ വ്യവസായത്തില്‍ നിന്നുമുള്ള നികുതി വരുമാനം പുറത്തേയ്ക്ക് പോകുകയാണെന്നും ചീഫ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
'കേരളത്തിന് ചില മികച്ച ഗുണങ്ങളുണ്ട്. സംസ്ഥാനത്തിന്റെ ഭൂരേഖകള്‍ വളരെ മികച്ചതാണ്. ജനങ്ങള്‍ വിദ്യാസമ്പന്നരാണ്. ഏറ്റവും വേഗത്തില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തുന്നതിലും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും കേരളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇവിടത്തെ അഭിഭാഷകര്‍ വളരെ നല്ലവരാണ്. തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുന്നു. മിക്ക തര്‍ക്കങ്ങളും 3-4 മാസത്തിനുള്ളില്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. എന്നിരുന്നാലും, ജിഎസ്ടി രജിസ്‌ട്രേഷനുകളില്‍ വളര്‍ച്ചയില്ല. നികുതി അടിത്തറ എങ്ങനെ വികസിപ്പിക്കാം എന്നതാണ് എന്റെ ആശങ്ക. ഇടപെടലുകളിലൂടെയും വ്യാപാര യോഗങ്ങളിലൂടെയും അനൗപചാരിക മേഖലകളിലുള്ളവരുടെ ഭയം ഞങ്ങള്‍ ഇല്ലാതാക്കി.'- ഷെയ്ക് ഖാദര്‍ റഹ്മാന്‍ പറഞ്ഞു.
'വ്യാപാരികളെ സമീപിക്കാനും അവരുടെ വാക്കുകള്‍ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു. ഏകദേശം 40 ശതമാനം പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയും. ഞങ്ങള്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നില്ല. പക്ഷേ അവരെ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നു. കേരളത്തിലെ മറ്റൊരു മികച്ച കാര്യം, സംസ്ഥാനത്ത് നികുതിയുമായി ബന്ധപ്പെട്ട് അഴിമതി ഏതാണ്ട് ഇല്ല എന്നതാണ്. നികുതി അടിത്തറ വിശാലമാകുമ്പോള്‍, കേരളം ഒരു പരിവര്‍ത്തനത്തിന് വിധേയമാകും.'- ചീഫ് കമ്മീഷണര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
