

റിട്ടയര്‍ ആയാല്‍ സ്ഥിരം വരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മാസംതോറും നിക്ഷേപിക്കുന്നതിന് പകരം ഒറ്റത്തവണയായി വലിയ തുക നിക്ഷേപിച്ച് മാസംതോറും പെന്‍ഷന്‍ പോലെ സ്ഥിരമായി വരുമാനം ലഭിക്കുന്ന പദ്ധതികളോടാണ് മിക്കവര്‍ക്കും പ്രിയം. റിട്ടയര്‍ കാലത്ത് സ്ഥിര വരുമാനത്തിന് മുടക്കം സംഭവിക്കാതിരിക്കാന്‍ റിസ്‌ക് കുറഞ്ഞ സുരക്ഷിത നിക്ഷേപങ്ങളാണ് കൂടുതലായി പരിഗണിക്കാറ്.
ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ തുക മാസ വരുമാനമായി ഉണ്ടാക്കാന്‍ പറ്റുന്ന റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളില്‍ ചിലതാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയും മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനും. ഇവ ഓരോന്നും പരിശോധിക്കും.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം
സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.
ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും.
5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.
മാസം തോറുമുള്ള വരുമാന പദ്ധതി
കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.
നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.
നിക്ഷേപം
അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം
ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം
15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം
സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP)
നിക്ഷേപങ്ങളില്‍ നിന്ന് പതിവായി വരുമാനം നല്‍കുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. ഇത് സ്ഥിരമായ പണത്തിന്റെ ഒഴുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ഡബ്ല്യൂപി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും തെരഞ്ഞെടുത്ത ഫണ്ടിന്റെ പ്രകടനത്തിനും വിധേയമാണ് ഇതില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍ എന്ന കാര്യം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. വിരമിച്ചവര്‍ക്കോ നിക്ഷേപങ്ങളില്‍ നിന്ന് ആനുകാലിക വരുമാനം തേടുന്ന വ്യക്തികള്‍ക്കോ എസ്ഡബ്ല്യൂപി പ്രയോജനകരമാണ്.
50 ലക്ഷം രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചൊരാള്‍ക്ക് എട്ടു ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ വര്‍ഷത്തില്‍ 1.75 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ലഭിക്കും. ഇത് മാസത്തിലേക്ക് കണക്കാക്കിയാല്‍ 14,600 രൂപ മുതല്‍ 16700 രൂപ വരെയാണ്. നികുതി, പണപ്പെരുപ്പം എന്നിവ പരിഗണിക്കാതെയുള്ള കണക്കാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates