

ന്യൂഡല്‍ഹി: ആദ്യമായി വായ്പയെടുക്കുന്നവര്‍ക്ക് സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് വായ്പ നിഷേധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ആദ്യമായി വായ്പയെടുക്കുന്നവര്‍ക്ക് സിബില്‍ സ്‌കോര്‍ ആവശ്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച മണ്‍സൂണ്‍ സമ്മേളനത്തിന്റെ ഭാഗമായി ലോക്‌സഭയില്‍ സഹമന്ത്രി പങ്കജ് ചൗധരിയാണ് ആര്‍ബിഐയുടെ നിലപാട് ആവര്‍ത്തിച്ചത്. ആദ്യമായി അപേക്ഷിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ കുറവോ പൂജ്യമോ ആണെങ്കില്‍ കൂടിയും ബാങ്കുകള്‍ക്ക് വായ്പാ അപേക്ഷകള്‍ നിരസിക്കാന്‍ കഴിയില്ലെന്നും മന്ത്രി പ്രസ്താവിച്ചു.
'വായ്പാ അപേക്ഷകള്‍ അനുവദിക്കുന്നതിന് ആര്‍ബിഐ ഒരു മിനിമം ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിച്ചിട്ടില്ല. നിയന്ത്രണാതീതമായ ഒരു വായ്പ പരിതസ്ഥിതിയില്‍, വായ്പാദാതാക്കള്‍ അവരുടെ ബോര്‍ഡ് അംഗീകരിച്ച നയങ്ങളുടെയും വിശാലമായ നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അവരുടെ വാണിജ്യ പരിഗണനകള്‍ക്കനുസൃതമായി വായ്പ തീരുമാനങ്ങള്‍ എടുക്കുന്നു. ഏതെങ്കിലും വായ്പാ സൗകര്യം നല്‍കുന്നതിന് മുമ്പ് വായ്പാദാതാക്കള്‍ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളെ കുറിച്ച് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്'- പങ്കജ് ചൗധരി വ്യക്തമാക്കി. ആദ്യമായി വായ്പ എടുക്കുന്നവരുടെ വായ്പാ അപേക്ഷകള്‍ വായ്പാ ചരിത്രമില്ലാത്തതിന്റെ പേരില്‍ നിരസിക്കരുതെന്ന് റിസര്‍വ് ബാങ്ക് വായ്പാ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സഹമന്ത്രി ചൂണ്ടിക്കാട്ടി.
സിബില്‍ സ്‌കോര്‍ എന്താണ്?
300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബില്‍ സ്‌കോര്‍. ഇത് ഒരു വ്യക്തിയെ എത്രത്തോളം വായ്പയ്ക്ക് യോഗ്യതയുണ്ടെന്ന് കണക്കാക്കുന്നു. വായ്പകളുടെ സമയബന്ധിതമായ തിരിച്ചടവ്, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐകള്‍ എന്നിവ പോലുള്ള മുന്‍കാല വായ്പാ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ സംഖ്യ കണക്കാക്കുന്നത്. കടം നല്‍കാന്‍ സുരക്ഷിതമാണോ എന്ന് തീരുമാനിക്കാന്‍ വായ്പ നല്‍കുന്നവരെ ഇത് സഹായിക്കുന്നു. വരുമാന തെളിവ്, തൊഴില്‍ വിശദാംശങ്ങള്‍, ഈടുകള്‍ എന്നിവയും സിബില്‍ സ്‌കോര്‍ ഇല്ലാത്തപ്പോള്‍ കടം വാങ്ങുന്നവരെ വിലയിരുത്തുന്നതിനുള്ള മാര്‍ഗങ്ങളായി മാറാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates