ഡ്യുവല്‍-ചാനല്‍ എബിഎസ്, ടോര്‍ക്ക് കണ്‍ട്രോള്‍ സവിശേഷതകള്‍; 'എന്‍എക്സ്200', പുതിയ ബൈക്ക് പുറത്തിറക്കി ഹോണ്ട

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ബൈക്ക് ആയ എന്‍എക്സ്200 പുറത്തിറക്കി
Honda NX200 launched in India
ഹോണ്ട എന്‍എക്സ്200 IMAGE CREDIT: HONDA
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ബൈക്ക് ആയ എന്‍എക്സ്200 പുറത്തിറക്കി. പുതിയ ഹോണ്ട എന്‍എക്സ്200ന്റെ വില 1,68,499 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി). ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്എംഎസ്ഐ റെഡ് വിങ്, ബിഗ് വിങ് ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാണ്.

ഹോണ്ടയുടെ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുമായി പ്രധാന ഡിസൈന്‍ ഘടകങ്ങള്‍ പങ്കിടുന്ന ഏറ്റവും പുതിയ എന്‍എക്സ്200, എന്‍എക്സ്500ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്‌ട്രൈക്കിംഗ് ഗ്രാഫിക്‌സ്, കമാന്‍ഡിംഗ് സ്റ്റാന്‍സ്, ഓള്‍-എല്‍ഇഡി ഹെഡ്‌ലാമ്പ്, ആകര്‍ഷകമായ എല്‍ഇഡി വിങ്കറുകള്‍, എക്സ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

പുതിയ ഒബിഡി2ബി-കംപ്ലയന്റ് 184.4 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 12.5 കിലോവാട്ട് പവറും 6000 ആര്‍പിഎമ്മില്‍ 15.7 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. എന്‍ജിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണക്കി ചേര്‍ത്തിരിക്കുന്നു. റൈഡര്‍മാരെ നാവിഗേഷന്‍ ആക്‌സസ് ചെയ്യാനും കോള്‍ അറിയിപ്പുകള്‍ സ്വീകരിക്കാനും എസ്എംഎസ് അലര്‍ട്ടുകള്‍ സ്വീകരിക്കാനും സഹായിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടുകൂടിയ 4.2 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്‌പ്ലേയും ഹോണ്ട റോഡ്‌സിങ്ക് ആപ്ലിക്കേഷന്‍ കോംപാറ്റിബിലിറ്റിയുമാണ് മറ്റു പ്രത്യേകതകള്‍. യാത്രയിലായിരിക്കുമ്പോഴും ഉപകരണങ്ങള്‍ പരിധിയില്ലാതെ ചാര്‍ജ് ചെയ്യുന്നതിന് ഒരു പുതിയ യുഎസ്ബി സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്.

വ്യത്യസ്ത റോഡ് സാഹചര്യങ്ങളില്‍ മികച്ച റിയര്‍-വീല്‍ ട്രാക്ഷന്‍ ഉറപ്പാക്കുന്ന ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) സവിശേഷതകളും എന്‍എക്സ്200 അവതരിപ്പിക്കുന്നു. സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ നല്‍കുകയും ആവേശകരമായ ഡൗണ്‍ഷിഫ്റ്റിംഗ് സമയത്ത് റിയര്‍-വീല്‍ ലോക്കിംഗ് തടയുകയും ചെയ്യുന്ന ഒരു അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ചും ഉണ്ട്. മെച്ചപ്പെട്ട സുരക്ഷയ്ക്കായി, മോട്ടോര്‍സൈക്കിളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സജ്ജീകരിച്ചിരിക്കുന്നു.

അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഷേഡുകളുള്ള ഒരൊറ്റ വേരിയന്റില്‍ വാഹനം ലഭിക്കും. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ആവേശകരമായ റൈഡ് നല്‍കുന്ന മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാക്കാനുള്ള ഹോണ്ടയുടെ പ്രതിബദ്ധതയുടെ സാക്ഷാത്കാരമാണ് ഏറ്റവും പുതിയ എന്‍എക്സ്200 എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്‌സുമു ഒട്ടാനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com