

2019ൽ മോട്ടോർ വെഹിക്കിൾ ആക്റ്റ് ഭേദഗതി ചെയ്യുന്നതു വരെ നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി പരമാവധി 20 വർഷമോ അല്ലെങ്കിൽ അമ്പത് വയസാകുന്നതു വരെയോ ആയിരുന്നു. 50 വയസിനു ശേഷം 5 വർഷം വീതം കാലാവധി നൽകിയിരുന്നു. എന്നാൽ 2019ലെ ഭേദഗതിയോടെ അതിനു ശേഷമെടുത്ത/ പുതുക്കിയ ലൈസൻസുകളുടെ കാലാവധിയിൽ മാറ്റം വന്നിട്ടുണ്ട്.
മീഡിയം/ഹെവി വാഹന ലൈസൻസ് കാലാവധി 2019ന് മുൻപ് മൂന്ന് വർഷമായിരുന്നു. 2019ന് ശേഷം എടുത്തതോ പുതുക്കിയതോ ആണെങ്കിൽ 5 വർഷമായി കാലാവധി ഉയർത്തിയിട്ടുണ്ട്. മോട്ടോർ വാഹന നിയമം സെക്ഷൻ 14 പ്രകാരം ലൈസൻസ് നൽകുമ്പോഴോ പുതുക്കുമ്പോഴോ ഉള്ള പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ലൈസൻസിന്റെ പുതുക്കിയ കാലാവധി ചുവടെ:
ലൈസൻസ് എടുക്കുമ്പോൾ 30 വയസിന് താഴെയാണ് പ്രായമെങ്കിൽ പുതിയ ഭേദഗതി അനുസരിച്ച് ലൈസൻസിന്റെ കാലാവധി 40 വയസ് തികയുന്നത് വരെയാണ്.
30 വയസ് മുതൽ 50 വയസിന് താഴെയാണ് പ്രായമെങ്കിൽ ലൈസൻസ് നൽകുമ്പോഴും പുതുക്കുമ്പോഴും ലൈസൻസിന് പത്തുവർഷം കാലാവധിയാണ് ലഭിക്കുക
50 വയസ് മുതൽ 55 വയസിന് താഴെയാണ് പ്രായമെങ്കിൽ ലൈസൻസ് നൽകുമ്പോഴും പുതുക്കുമ്പോഴും ലൈസൻസിന് കാലാവധി 60 വയസ് തികയുന്നത് വരെയാണ്
55 വയസും അതിന് മുകളിലുമാണ് പ്രായമെങ്കിൽ ലൈസൻസ് നൽകുമ്പോഴും പുതുക്കുമ്പോഴും ലൈസൻസിന്റെ കാലാവധി അഞ്ചുവർഷമാണ്.
ലൈസൻസ് കാലാവധി അവസാനിച്ചാലും കാലാവധി അവസാനിച്ച തീയതി മുതൽ 30 ദിവസം വരെ ലൈസൻസ് പ്രാബല്യത്തിൽ തുടരും. 2026 ഓഗസ്റ്റ് 15 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
ഉദാഹരണമായി 28-ാം വയസിൽ ലൈസൻസ് എടുത്ത ആളിന് 40 വയസ് വരെ ലൈസൻസ് ഉപയോഗിക്കാം. ഇതിന് ശേഷം പുതുക്കണം. 35-ാം വയസിലാണ് ലൈസൻസ് എടുക്കുന്നതെങ്കിൽ 45-ാം വയസ് വരെ ലൈസൻസ് ഉപയോഗിക്കാം. തുടർന്ന് പുതുക്കണം. പുതുക്കുമ്പോൾ വീണ്ടും ഒരു പത്തുവർഷം വരെ ലൈസൻസ് ഉപയോഗിക്കാൻ അനുവദിക്കും.
52-ാം വയസിലാണ് പുതുക്കുന്നതെങ്കിൽ 60 വയസ് വരെ ലൈസൻസ് ഉപയോഗിക്കാം. തുടർന്ന് വീണ്ടും പുതുക്കുമ്പോൾ അഞ്ചു വർഷം വരെ മാത്രമേ ലൈസൻസ് ഉപയോഗിക്കാൻ കഴിയൂ. ഇതിന് ശേഷം ലൈസൻസ് പുതുക്കേണ്ടതായി വരും. 58-ാം വയസിൽ പുതുക്കിയാൽ അഞ്ചുവർഷം ലൈസൻസ് ഉപയോഗിക്കാം. അതായത് 63 വയസ് വരെ ഉപയോഗിക്കാം. തുടർന്നും ലൈസൻസ് വേണമെങ്കിൽ വീണ്ടും പുതുക്കണം. ഇത്തരത്തിൽ പുതുക്കിയാൽ അഞ്ചുവർഷം കൂടി ലൈസൻസ് ഉപയോഗിക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates