

ചാറ്റ് ജിപിറ്റി ഇപ്പൊ വലിയ താരമാണ്. നമ്മൾ മലയാളികൾ, ഒരു ഇമെയിൽ അയക്കാൻ ഉള്ള സെക്രട്ടറി പണി മുതൽ, ജീവിത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ഒരു മനോരോഗവിദഗ്ധന്റെ പണി വരെ അതിനെകൊണ്ട് എടുപ്പിക്കുന്നുണ്ട്. പക്ഷെ അതിൽ ഒരു എട്ടിന്റെ പണി ഒളിഞ്ഞു കിടപ്പുണ്ട്. ചാറ്റ് ജിപിറ്റി ആളൊരു നിഷ്കളങ്കൻ ആണെങ്കിലും ആള് പറഞ്ഞു തരുന്ന ഉത്തരങ്ങൾ ചിലപ്പോൾ ശരിയായിക്കൊള്ളണം എന്നില്ല. അതായത്, തരുന്ന വിവരങ്ങളിൽ തെറ്റുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പലയിടത്തു നിന്നുള്ള ഡാറ്റകൾ എടുത്തിട്ട് പരിശീലിപ്പിച്ചതിനാൽ, വിവരങ്ങളിൽ ചിലത് പിഴവുള്ളതോ, കാലഹരണപ്പെട്ടതോ, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്നതോ ആകാം; കൂടാതെ എത്തിച്ചേരുന്ന നിഗമനങ്ങൾ അർത്ഥശൂന്യവുമാകാം.
എഐ നൽകുന്ന ഉത്തരം എവിടെ നിന്ന് വരുന്നു എന്ന് കണ്ടെത്താൻ സാധിച്ചാൽ മുകളിൽ പറഞ്ഞ ചില പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാം, അതാണ് പെർപ്ലെക്സിറ്റിയുടെ കരുത്തും. വെറുമൊരു ചാറ്റ്ബോട്ട് എന്നതിനേക്കാൾ, കൂടുതൽ കൃത്യവും വിശദവും കാലികവുമായ ഉത്തരങ്ങൾ തരുന്ന, പരമ്പരാഗത സെർച്ച് എഞ്ചിനുകൾക്ക് ബദൽ എന്ന നിലക്കാണ് പെർപ്ലെക്സിറ്റി കണക്കാക്കപ്പെടുന്നത്. വെബിൽ നിന്ന് മികച്ച രീതിയിൽ വിവരങ്ങൾ കണ്ടെത്താനും സംഗ്രഹിക്കാനുമാണ് പെർപ്ലെക്സിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമ്മറിയിൽ തന്നിരിക്കുന്ന ഓരോ വിവരങ്ങൾക്കും ഒപ്പം അതിന്റെ ഉറവിടവും തന്നിട്ടുണ്ടാകും, അതിനാൽ പെർപ്ലക്‌സിറ്റിയുടെ ഉത്തരം കൂടുതൽ വസ്തുതാപരമായിരിക്കും.
ചാറ്റ് ജിപിറ്റിയെ നമ്മൾ തള്ളിപ്പറയുകയല്ല കേട്ടോ! ചാറ്റ് ജിപിറ്റി ഒരു മൾട്ടി മോഡൽ, "ജനറൽ പർപ്പസ്" ചാറ്റ്ബോട്ടാണ്, നല്ല ക്രിയേറ്റിവിറ്റിയാണ്, പക്ഷെ ആധികാരികമായ ഉത്തരങ്ങൾ തപ്പി പോകാൻ ചിലപ്പോൾ മടിയാണ്. പെർപ്ലെക്സിറ്റി കുറച്ചുകൂടി മികച്ച പ്രതികരണങ്ങൾ നൽകും.
-റിയൽ ടൈം വെബ് സെർച്ച്, ഗവേഷണപ്രാധാന്യമുള്ള രൂപകൽപ്പന.
-പെർപ്ലക്‌സിറ്റിയിൽ രണ്ട് വ്യത്യസ്ത തരം സെർച്ച് ഓപ്‌ഷൻ ഉണ്ട്: പ്രോ പിന്നെ ബേസിക്. പ്രൊ വേർഷൻ കുറച്ചുകൂടി ആഴമേറിയ സെർച്ചിന് സഹായിക്കും (പക്ഷെ സൗജന്യ ഉപയോക്താക്കൾക്ക് ഉപയോഗത്തിന് ലിമിറ്റ് ഉണ്ട്).
- പെർപ്ലക്സിറ്റി നിങ്ങളെ വ്യത്യസ്ത മോഡലുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നു. ( Sonar Large, GPT-4 Omni, Claude 3.5 Sonnet, Grok-2, Gemini 2.0 Flash) എന്നിവയെല്ലാം ഉപയോഗിക്കാം
പെർപ്ലെക്സിറ്റിയും ചാറ്റ് ജിപിറ്റിയെ പോലെ സൗജന്യ പതിപ്പും പണമടച്ചുള്ള പ്ലാനും നൽകുന്നുണ്ട്. മൊബൈൽ ആപ്പും ലഭ്യമാണ്.
പെർപ്ലെക്സിറ്റിയുടെ കളക്ഷൻ ഫീച്ചർ (സ്‌പെയ്‌സസ്) പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കോൺവെർസേഷൻസ് ഗ്രൂപ്പുചെയ്യാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മൂന്നാറിലേക്ക് യാത്ര പോകാൻ പ്ലാൻ ഇടുന്നു എന്ന് കരുതുക. അതിനായി നിങ്ങൾക്ക് ഒത്തിരി കാര്യങ്ങൾ ഒട്ടേറെ തവണ പല സമയങ്ങളിലായി പരതേണ്ടി വരും. പെർപ്ലെക്സിറ്റിയിൽ നിങ്ങൾക്ക് അതെല്ലാം "മൂന്നാർ യാത്ര" എന്ന തലകെട്ടോട്ടെ കളക്ഷൻ ഉണ്ടാക്കാം.
ഉത്തരങ്ങൾ തിരിയേണ്ട ഉറവിടം നിങ്ങൾക്ക് തന്നെ സെറ്റ് ചെയ്യാം
നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ സംബന്ധിച്ചുള്ളതോ, നിങ്ങൾ തിരഞ്ഞ വിവരങ്ങൾ സംബന്ധിച്ചോ ഉള്ള വാർത്തകൾ കിട്ടാൻ "ഡിസ്കവർ" ഉപയോഗിക്കാം
ചാറ്റ് ജിപിറ്റിയെ പോലെ ചിത്രങ്ങൾ ജെനറേറ്റ് ചെയ്യാം (GPT Image 1, Gemini 2.0 Flash Experimental, FLUX.1, DALL-E 3 മോഡലുകൾ ലഭ്യമാണ്)
അപ്പോൾ താമസിക്കേണ്ട. ശരിയായ ഉത്തരങ്ങൾ കണ്ടെത്താൻ പെർപ്ലെക്സിറ്റിയും കണ്ടെത്തിയ ഉത്തരങ്ങൾ ക്രിയേറ്റീവ് ആയി ഉപയോഗിക്കാൻ ചാറ്റ് ജിപിറ്റിയും പ്രയോഗിച്ചാട്ടെ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
