

മുംബൈ: യാത്രാ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍ തുടങ്ങിയവയുടെ നിരയിലേക്കാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളും എത്തുന്നത്. പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് സെപ്റ്റംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത് യാഥാര്‍ഥ്യമായാല്‍ ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 60,640 മുതല്‍ 2.4 ലക്ഷം രൂപ വരെയാണ് വില കുറയുക. ഗ്രാന്‍ഡ് ഐ10 നിയോസിന് 73,808 രൂപയും ഓറയ്ക്കും വെര്‍ണയ്ക്കും യഥാക്രമം 78,465 രൂപയും 60,640 രൂപയും കുറവുണ്ടാകും. ഐ20 യുടെ വില 98,000 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എസ്യുവി വിഭാഗത്തില്‍, എക്സ്റ്ററിന്റെ വില 89,209 രൂപ വരെ കുറയും. വെന്യു, വെന്യു എന്‍ ലൈന്‍ എന്നിവയുടെ വില 1.19 ലക്ഷം മുതല്‍ 1.23 ലക്ഷം രൂപ വരെ കുറയും. ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് 72,145 രൂപ വരെ വിലക്കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍കാസറിന് 75,376 രൂപ വരെ വിലക്കുറയും. ട്യൂസണിന് 2.40 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും.
'യാത്രാ വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരോഗമനപരവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ നീക്കത്തെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഈ പരിഷ്‌കാരം ഓട്ടോമോട്ടീവ് വ്യവസായത്തിന് ഒരു ഉത്തേജനം മാത്രമല്ല, വ്യക്തിഗത യാത്ര കൂടുതല്‍ താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമാക്കി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ ഒരു ചുവടുവയ്പ്പു കൂടിയാണ്.''- ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അന്‍സൂ കിം പറഞ്ഞു.
ജിഎസ്ടി കൗണ്‍സില്‍ ചെറുകാറുകളുടെ ജിഎസ്ടി 28% ല്‍ നിന്ന് 18% ആയി കുറച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്യുവികള്‍) ഉള്‍പ്പെടെയുള്ള പ്രീമിയം കാറുകള്‍ക്ക് 40 ശതമാനം ജിഎസ്ടി ആണ് ചുമത്താന്‍ പോവുന്നത്. നേരത്തെ ജിഎസ്ടി പ്ലസ് സെസ് അടക്കം 48% വരെ ചുമത്തിയിരുന്നു.
മഹീന്ദ്ര എസ്യുവികളുടെ വിലയില്‍ 1.01 ലക്ഷം രൂപ വരെ (താര്‍ 4WD) വില കുറയും. ടൊയോട്ട 3.49 ലക്ഷം രൂപ വരെയും (ഫോര്‍ച്യൂണര്‍) വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 1.55 ലക്ഷം രൂപ വരെയും (നെക്സോണ്‍) വിലക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
