

ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ഉയര്‍ന്ന പരിധിയും മറികടന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിലെ 5.5 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 6.09 ശതമാനമായി ഉയര്‍ന്നു. ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള പണപ്പെരുപ്പത്തിന്റെ ഉയര്‍ന്ന സഹനപരിധിയായ ആറ് ശതമാനമാണ് ഇതോടെ മറികടന്നത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് പണപ്പെരുപ്പം ആര്‍ബിഐയുടെ നാല് ശതമാനം ലക്ഷ്യത്തിന് മുകളില്‍ തുടരുന്നത്.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഡിസംബറില്‍ ചേരുന്ന ധനനയ സമിതി (എംപിസി) യോഗത്തിനുശേഷം ആര്‍ബിഐ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പം 5.2 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം. നടപ്പ് പാദത്തില്‍ ഇത് ആറ് ശതമാനമായി ഉയരുമെന്നും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 5.7 ശതമാനമായി കുറയുമെന്നുമാണ് പ്രതീക്ഷ.
ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. ഒക്ടോബറില്‍ ഭക്ഷ്യ പണപ്പെരുപ്പം 8.9 ശതമാനമായി ഉയര്‍ന്നു. സവാളയുടെ വില 116 ശതമാനവും വെളുത്തുള്ളിയുടെ വില 60 ശതമാനവും ഇഞ്ചിയുടെ വില 48 ശതമാനവും വര്‍ധിച്ചു. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട 12 വിഭാഗങ്ങളില്‍ 11 എണ്ണത്തിലും വില വര്‍ധന രേഖപ്പെടുത്തി. അതേസമയം, ചില പച്ചക്കറികളുടെ വിലയില്‍ കുറവുണ്ടായത് ആശ്വാസമായി. ഒക്ടോബറില്‍ ഉരുളക്കിഴങ്ങിന്റെ വില 14 ശതമാനവും കോളിഫ്ലവറിന്റെ വില 10.5 ശതമാനവും വഴുതനങ്ങയുടെ വില 3.3 ശതമാനവും കാബേജിന്റെ വില രണ്ട് ശതമാനവും കുറഞ്ഞു.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ചില്ലറ പണപ്പെരുപ്പം ഏഴ് ശതമാനം പിന്നിട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലും തെലങ്കാനയിലും 7.3 ശതമാനവും ആന്ധ്രാപ്രദേശില്‍ 7.25 ശതമാനവും കര്‍ണാടകയില്‍ 7.1 ശതമാനവുമാണ് പണപ്പെരുപ്പം. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് പണപ്പെരുപ്പം കൂടുതല്‍. ഗ്രാമീണ മേഖലയില്‍ 6.6 ശതമാനവും നഗരമേഖലയില്‍ 5.4 ശതമാനവുമാണ് നിരക്ക്. ഗ്രാമീണ കുടുംബങ്ങളുടെ ചെലവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ളതാണ് ഇതിന് ഒരു കാരണം.
നവംബറിലും ഭക്ഷ്യവില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പാല്, പഞ്ചസാര, സവാള എന്നിവയുടെ വിലയിലുണ്ടാകുന്ന വര്‍ധന പണപ്പെരുപ്പത്തിന് സമ്മര്‍ദം സൃഷ്ടിച്ചേക്കും. മഴയുടെ കുറവും ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളം നിറയാത്തതും റാബി വിളകളുടെ ഉത്പാദനത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
അതേസമയം, പണപ്പെരുപ്പത്തിന്റെ അടിസ്ഥാന നിരക്കിലും വരും മാസങ്ങളില്‍ വര്‍ധനയുണ്ടാകാമെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്നാവിസ് അഭിപ്രായപ്പെട്ടു. എഫ്എംസിജി കമ്പനികള്‍ ഉത്പന്നങ്ങളുടെ വില വര്ധിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് മെയിന്റനന്‍സ്, സേവന ചെലവും ഉയരുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ഉയര്‍ന്ന എണ്ണവിലയുടെ പ്രതിഫലനവും വിവിധ മേഖലകളില്‍ പ്രകടമാണ്. സമീപദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായെങ്കിലും ഗതാഗത മേഖലയില്‍ 5.8 ശതമാനവും ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയിലെ ചെലവുകളില്‍ 10.1 ശതമാനവും വര്‍ധന രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ (എന്‍എസ്ഒ) കണക്കുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates