

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ 110 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കുന്നതോടെ, ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും.
27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 17,739 ഡോളറില്‍ കൂടുതല്‍ വിലയിലുള്ള കാറുകളില്‍ തെരഞ്ഞെടുക്കപ്പെട്ടവയുടെ നികുതി ഉടന്‍ കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്മതിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാലക്രമേണ തീരുവ 10 ശതമാനമായി ആയി കുറയ്ക്കാനും ആലോചനയുണ്ട്. ഫോക്സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം ഇത് എളുപ്പമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ചര്‍ച്ചകള്‍ രഹസ്യമാണെന്നും അവസാന നിമിഷ മാറ്റങ്ങള്‍ക്ക് വിധേയമായേക്കാമെന്നുമാണ് സൂചന. ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും യൂറോപ്യന്‍ കമ്മീഷനും ഇതുസംബന്ധിച്ച് അഭിപ്രായം പറയാന്‍ തയ്യാറായിട്ടില്ല. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ചൊവ്വാഴ്ച ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം ഇരു കക്ഷികളും വിശദാംശങ്ങള്‍ അന്തിമമാക്കുകയും കരാറിന് അംഗീകാരം നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ ഉടമ്പടി ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുകയും ഓഗസ്റ്റ് അവസാനം മുതല്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ത്തുകയും ചെയ്യും. നിലവില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തുന്നതും ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരം ഈ മേഖലയ്ക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തുന്നത്.
വില്‍പ്പനയില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വാഹന വ്യവസായം ഏറ്റവും സംരക്ഷിതമായ ഒന്നാണ്. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നിലവില്‍ 70 ശതമാനവും 110 ശതമാനവും താരിഫ് ഇന്ത്യ ഈടാക്കുന്നുണ്ട്. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവുകള്‍ പലപ്പോഴും ഇന്ത്യയുടെ ഉയര്‍ന്ന താരിഫിനെ വിമര്‍ശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates