

ഇന്ത്യൻ റെയിൽവേയിൽ അവസാന നിമിഷം ഒരു അടിയന്തിര യാത്ര വരികയും തത്കാൽ ടിക്കറ്റിനായി മൊബൈൽ സ്ക്രീനിലേക്ക് നോക്കി ഇരിക്കുകയും ചെയ്തവർക്ക് അറിയാം അതൊരു വലിയ യുദ്ധമാണെന്ന്. കൃത്യം 10 മണിക്കും 11 മണിക്കും സൈറ്റിൽ കയറി സെക്കൻഡുകൾക്കുള്ളിൽ ടിക്കറ്റ് വെയിറ്റ്‌ലിസ്റ്റ് ആയി മാറുന്നത് കാണുമ്പോൾ പലരും വിചാരിക്കാറുണ്ട് തത്കാൽ ഒരു വലിയ തട്ടിപ്പാണെന്ന്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. നമ്മൾ പരാജയപ്പെടുന്നത് വേഗത കുറഞ്ഞതുകൊണ്ടല്ല, മറിച്ച് റെയിൽവേ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി അറിയാത്തതുകൊണ്ടാണ്. ഒരു തത്കാൽ വിൻഡോ തുറക്കുമ്പോൾ ഏകദേശം 4 ലക്ഷം ആളുകളാണ് വെറും 200 സീറ്റുകൾക്കായി ഒരേസമയം മത്സരിക്കുന്നത്. ഈ വലിയ മത്സരത്തിൽ എങ്ങനെ നമുക്ക് കൺഫേംഡ് ടിക്കറ്റ് ഉറപ്പാക്കാം എന്ന് പരിശോധിക്കാം.
തത്കാൽ ടിക്കറ്റിംഗ് വേഗത്തിലാക്കാൻ 'ദി നൈറ്റ് ബിഫോർ' ഒരുക്കങ്ങൾ
ടിക്കറ്റ് ബുക്കിംഗ് തുടങ്ങുന്ന സമയത്ത് വിവരങ്ങൾ ടൈപ്പ് ചെയ്യാൻ നിന്നാൽ ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പാണ്. സ്പീഡ് കൂട്ടാൻ തലേദിവസം രാത്രി തന്നെ ചില ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഇതിനായി ഐആർസ.ടിസി ആപ്പിലെ മാസ്റ്റർ ലിസ്റ്റ് സവിശേഷത പരമാവധി ഉപയോഗിക്കുക. യാത്രക്കാരുടെ പേര്, പ്രായം, ഐഡി വിവരങ്ങൾ എന്നിവ ബുക്കിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ മാസ്റ്റർ ലിസ്റ്റിൽ കൃത്യമായി സേവ് ചെയ്തു വെക്കുക. ബുക്കിംഗ് സമയത്ത് ഒറ്റ ക്ലിക്കിൽ ഇത് സെലക്ട് ചെയ്യാൻ സാധിക്കും. ബുക്കിംഗ് തുടങ്ങുന്നതിന് രണ്ട് മിനിറ്റ് മുൻപ് അതായത് 9.58 എ.എമ്മിന് തന്നെ ലോഗിൻ ചെയ്ത് ട്രെയിൻ വിവരങ്ങൾ എടുത്തു വെക്കണം. തിരക്കേറിയ സമയങ്ങളിൽ ബ്രൗസറുകളിലെ ഓട്ടോ-ഫിൽ ഫീച്ചർ ആപ്പുകളിൽ ബഗ്ഗുകൾ ഉണ്ടാകാനും ഫോം റീസെറ്റ് ആകാനും കാരണമാകുമെന്നതിനാൽ അത് പൂർണ്ണമായി ഒഴിവാക്കുക. മൊബൈലിലാണ് ബുക്ക് ചെയ്യുന്നതെങ്കിൽ വെബ്‌സൈറ്റിനേക്കാൾ നല്ലത് റെയിൽവൺ പോലുള്ള ആപ്പുകളാണ്. ഇവയിൽ സെർവർ ലോഡ് വിഭജിക്കപ്പെടുന്നത് കൊണ്ട് തടസ്സമില്ലാതെ ബുക്ക് ചെയ്യാം.
പേയ്‌മെന്റ് പരാജയപ്പെടുന്നത് എങ്ങനെ ഒഴിവാക്കാം?
തത്കാൽ സമയത്ത് 60 ശതമാനം ആളുകൾക്കും ടിക്കറ്റ് നഷ്ടപ്പെടുന്നത് പേയ്‌മെന്റ് പരാജയപ്പെടുന്നത് കൊണ്ടാണ്. യു.പി.ഐ. പെയ്‌മെന്റുകൾ ഈ തിരക്കുള്ള സമയത്ത് 60 ശതമാനവും പരാജയപ്പെടാറുണ്ട്. നെറ്റ് ബാങ്കിംഗും കാർഡുകളും സെർവർ തിരക്ക് കാരണം ടൈം-ഔട്ട് ആകും. ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം ഐആർസിടിസി ആർ-വാലറ്റ് അല്ലെങ്കിൽ ഇ-വാലറ്റ് (IRCTC R-Wallet / E-Wallet) ഉപയോഗിക്കുക എന്നതാണ്. യാത്രയുടെ തലേദിവസം രാത്രി തന്നെ നിങ്ങളുടെ ഐആർസിടിസി.വാലറ്റിൽ ആവശ്യത്തിന് പണം ലോഡ് ചെയ്തു വെക്കുക. ഇതിൽ ബാങ്ക് സെർവറുകളുടെ ഇടപെടൽ ഇല്ലാത്തതിനാൽ പണം ആന്തരികമായി അതിവേഗം പ്രോസസ്സ് ചെയ്യപ്പെടുന്നു. ഒ.ടി.പി. വരുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്നതിനാൽ ഇത് നിങ്ങളുടെ ബുക്കിംഗ് സമയം 90 സെക്കൻഡിൽ നിന്നും വെറും 11 സെക്കൻഡായി കുറയ്ക്കും.
തത്കാൽ കിട്ടിയില്ലെങ്കിൽ 'പ്രീമിയം തത്കാൽ' നോക്കാം
പലർക്കും അറിയാത്ത ഒന്നാണ് പ്രീമിയം തത്കാൽതത്കാൽ ടിക്കറ്റുകൾ തീർന്നാലും ഇതിൽ സീറ്റുകൾ ലഭ്യമായിരിക്കും എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇതിൽ ആർഎസി അല്ലെങ്കിൽ വെയിറ്റ്‌ലിസ്റ്റ് ഉണ്ടാകില്ല. ടിക്കറ്റ് എടുത്താൽ അത് കൺഫേംഡ് ആയിരിക്കും. ഫ്ലൈറ്റ് ടിക്കറ്റുകൾ പോലെ ഡിമാൻഡ് കൂടുന്നതനുസരിച്ച് ഇതിന്റെ നിരക്ക് വർദ്ധിക്കും എന്ന പ്രത്യേകതയുമുണ്ട്. ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്താൽ കുറഞ്ഞ പൈസക്ക് കിട്ടും. എന്നാൽ പ്രീമിയം തത്കാൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉറപ്പായും യാത്ര ചെയ്യേണ്ടവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണിത്.
ആപ്പിൽ കാണിക്കാത്ത ഒളിഞ്ഞിരിക്കുന്ന മറ്റ് കോട്ടകൾ
ട്രെയിനിൽ വെയിറ്റ്‌ലിസ്റ്റ് 30 ഒക്കെ കാണിച്ചാലും യഥാർത്ഥത്തിൽ ട്രെയിനിൽ സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ടാകും. റെയിൽവേ മാറ്റിവെച്ചിരിക്കുന്ന ചില പ്രത്യേക കോട്ടകൾ ഇതിനായി ഉപയോഗിക്കാം. ഓരോ കോച്ചിലും 6 ബർത്തുകൾ സ്ത്രീകൾക്കായി മാറ്റിവെച്ചിരിക്കുന്ന ലേഡീസ് കോട്ട പലപ്പോഴും ബുക്ക് ചെയ്യപ്പെടാതെ കിടക്കാറുണ്ട്. വിദേശ വിനോദസഞ്ചാരികൾക്കായി ഉള്ള ടൂറിസ്റ്റ് കോട്ട റെയിൽവേ സ്റ്റേഷനിലെ പിആർഎസ് കൗണ്ടറിൽ നേരിട്ട് ചെന്ന് ചോദിച്ചാൽ മാത്രമേ ലഭിക്കൂ. വിഐപികൾക്കും അടിയന്തിര ആവശ്യങ്ങൾക്കുമുള്ള എമർജൻസി കോട്ടയ്ക്കായി ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് സ്റ്റേഷൻ കൗണ്ടർ വഴി അപേക്ഷിച്ചാൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ലഭിക്കും. റെയിൽവേ ജീവനക്കാർക്ക് ഡ്യൂട്ടി ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്ന ഡ്യൂട്ടി പാസ് കോട്ട സീറ്റുകൾ അവസാന നിമിഷം പൊതുയാത്രക്കാർക്കായി ലഭ്യമാക്കാറുണ്ട്.
വെയിറ്റ്‌ലിസ്റ്റ് കണക്കുകൾ മനസ്സിലാക്കുക
നിങ്ങളുടെ വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റ് കൺഫേം ആകുമോ ഇല്ലയോ എന്ന് മുൻകൂട്ടി അറിയാൻ ചില കണക്കുകളുണ്ട്. സാധാരണയായി ഡബ്ല്യുഎൽ 1 മുതൽ ഡബ്ല്യുഎൽ 6 വരെയുള്ള ടിക്കറ്റുകൾ മിക്കവാറും എപ്പോഴും കൺഫേം ആകാറുണ്ട്. ഡബ്ല്യു.എൽ 7 മുതൽ ഡബ്ല്യുഎൽ 15 വരെ കൺഫേം ആകാൻ 60 മുതൽ 70 ശതമാനം വരെ സാധ്യതയുണ്ട്. എന്നാൽ ഡബ്ല്യുഎൽ 16 മുതൽ ഡബ്ല്യുഎൽ 30 വരെയുള്ളവ വലിയ റിസ്ക് ആണ്. ഇത്തരം സാഹചര്യങ്ങളിൽ മറ്റൊരു യാത്രാ മാർഗ്ഗം കൂടി കരുതണം. ഡബ്ല്യുഎൽ 31-ന് മുകളിലാണെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാതിരിക്കുകയാണ് നല്ലത്. എപ്പോഴും ജിഎൻഡബ്ല്യുഎൽ ടിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുക. ഇതിനാണ് ഏറ്റവും കൂടുതൽ ക്യാൻസലേഷൻ നടക്കുന്നത് എന്നതിനാൽ കൺഫേം ആകാനുള്ള സാധ്യതയും കൂടുതലാണ്. പി.ക്യു.ഡബ്ല്യു.എൽ (Pooled Quota), ആർ.എൽ.ഡബ്ല്യു.എൽ (Remote Location) എന്നിവ കൺഫേം ആകാൻ സാധ്യത വളരെ കുറവാണ്.
ട്രെയിൻ പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് എന്ത് ചെയ്യണം?
ചാർട്ട് തയ്യാറാക്കിയ ശേഷവും സീറ്റുകൾ ഒഴിവുണ്ടോ എന്ന് പരിശോധിക്കാൻ ചില വഴികളുണ്ട്. ഐ.ആർ.സി.ടി.സി. ആപ്പിലെ 'Charts/Vacancy' എന്ന ഓപ്ഷനിൽ കയറി ട്രെയിൻ നമ്പരും തീയതിയും നൽകിയാൽ ഏത് കോച്ചിൽ എവിടെയൊക്കെ സീറ്റുകൾ ഒഴിവുണ്ടെന്ന് കൃത്യമായി കാണാം. അത് ആപ്പ് വഴി തന്നെ ബുക്ക് ചെയ്യാം. രണ്ട് സ്റ്റേഷനുകൾക്കിടയിൽ പൂർണ്ണമായി സീറ്റില്ലെങ്കിലും വഴിയിലുള്ള ചെറിയ സ്റ്റേഷനുകൾക്കിടയിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടാകും. ഇത്തരം സെഗ്‌മെന്റ് ബുക്കിംഗുകൾ കണ്ടെത്താൻ ഗ്യാപ്‌സീറ്റ് (gapseat.in) പോലുള്ള സൈറ്റുകൾ സഹായിക്കും. ചാർട്ട് വന്നിട്ടും ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ട്രെയിനിൽ കയറി ടിടിഇ യെ നേരിട്ട് കണ്ട് സംസാരിക്കുക. ഡ്യൂട്ടി പാസ് കോട്ടയിലോ മറ്റ് കോട്ടകളിലോ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ അവർക്ക് ട്രെയിനിൽ വെച്ച് തന്നെ നിങ്ങൾക്ക് അലോട്ട് ചെയ്തു തരാൻ സാധിക്കും. റെയിൽവേ സിസ്റ്റം നമുക്കെതിരല്ല, ലക്ഷക്കണക്കിന് ആളുകൾ ഒരേസമയം ഉപയോഗിക്കുന്ന ഒരു സംവിധാനത്തെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക മാത്രമാണ് നമ്മൾ ചെയ്യേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates