

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. സ്വന്തം വീട് എന്നത് ഒരു സ്വപ്‌നമായി അവശേഷിച്ച് വര്‍ഷങ്ങളോളം വാടകയ്ക്ക് താമസിക്കുന്നവര്‍ നിരവധിയാണ്. പുതിയതായി ഒരു വീട് വാങ്ങാന്‍ ആലോചിച്ചു തുടങ്ങുമ്പോള്‍ തന്നെ പലതരത്തിലുള്ള ചിന്തകളും ആശയക്കുഴപ്പങ്ങളും ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്.
പുതിയൊരു സ്ഥലത്ത് വീട് വാങ്ങുന്നതാണോ അതോ വാടകയ്ക്ക് കഴിയുന്നത് തന്നെയാണോ മെച്ചം എന്നതാവും കൂടുതല്‍ കണ്‍ഫ്യൂഷന്‍. വീട് വലിയൊരു നിക്ഷേപവും ദീര്‍ഘകാല ബാധ്യതയുമൊക്കെ ആകുമ്പോള്‍ വാടക വീടുകള്‍ കുറച്ചുകൂടി ടെന്‍ഷന്‍ ഫ്രീയായി ജീവിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട് എന്നാണ് ചിലര്‍ പറയുന്നത്.
അതേസമയം ഒരു വീടിന്റെ ഉടമസ്ഥത നല്‍കുന്ന സുരക്ഷയും ഭാവിയില്‍ വില്‍പനമൂല്യം ഉയരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോള്‍ സ്വന്തമായി ഒരു വീട് വാങ്ങുന്നതാണ് നല്ലതെന്നും മറ്റൊരു പക്ഷമുണ്ട്. വീട് വാങ്ങണോ വാടകയ്ക്കെടുക്കണോ എന്നതിനെ ചൊല്ലിയുള്ള ഈ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ഒരു ലളിതമായ മാര്‍ഗമുണ്ട്. അതാണ് ഒരു ശതമാനം റൂള്‍.
വിലയ്ക്ക് വാങ്ങുന്ന വീട്ടില്‍ നിന്നും ലഭിച്ചേക്കാവുന്ന വരുമാനം കണക്കിലെടുത്തു കൊണ്ട് ഉചിതമായ തീരുമാനത്തിലെത്താന്‍ സഹായിക്കുന്ന രീതിയാണിത്. വീടുകളുടേത് അമിത വിലയാണോ എന്നും ഡിമാന്‍ഡ് കുറഞ്ഞ വീടാണോ എന്നും നിര്‍ണയിക്കാന്‍ ഇത് സഹായിക്കും. സംഗതി ലളിതമാണ്. വീടു വാങ്ങാനായി നല്‍കുന്ന ആകെ തുകയുടെ ഒരു ശതമാനം മാസവരുമാനമായി അവിടെ നിന്നും ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് മെച്ചപ്പെട്ട നിക്ഷേപമായി കണക്കാക്കാം. അതായത് വാങ്ങുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ വില ഒരു കോടിയാണെങ്കില്‍ അതില്‍ നിന്നും പ്രതിമാസം ഒരു ലക്ഷം രൂപ വാടക ലഭിക്കാനുള്ള സാധ്യതയുണ്ടാവണം. അതിലും താഴെ മാത്രമാണ് വാടക നിരക്കെങ്കില്‍ അത് സാമ്പത്തിക ഭദ്രത നല്‍കുന്ന നിക്ഷേപമായി കാണാനാവില്ല.
എന്നാല്‍ നിക്ഷേപം എന്ന നിലയില്‍ വീട് സ്വന്തമാക്കുമ്പോഴാണ് അതില്‍ നിന്നുള്ള തിരിച്ചുവരവിനെ അടിസ്ഥാനമാക്കിയുള്ള നിയമം കണക്കിലെടുക്കേണ്ടത്. താമസത്തിനുള്ള ഇടം എന്ന രീതിയിലാണ് പരിഗണിക്കുന്നതെങ്കില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗത സൗകര്യം, വിദ്യാഭ്യാസ- ആരോഗ്യ കേന്ദ്രങ്ങളുടെ സാമീപ്യം, തൊഴില്‍ ചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരം, ജീവിതശൈലിക്ക് ചേര്‍ന്നു പോകുന്ന പ്രദേശം എന്നിവയൊക്കെ തന്നെയാണ് മുഖ്യ പരിഗണനയാക്കേണ്ടത്.
ഒരു പ്രോപ്പര്‍ട്ടി കണ്ട് ഇഷ്ടപ്പെടുന്ന സമയത്ത് ഒരു ശതമാനം റൂള്‍ കണക്കാക്കാന്‍ അതേ പ്രദേശത്ത് ഇതേ സൗകര്യങ്ങളും വിലയുമുള്ള വീടുകള്‍ക്ക് പ്രതിമാസം എത്ര രൂപ വാടകയിനത്തില്‍ നല്‍കേണ്ടി വരുന്നുണ്ട് എന്നത് മനസ്സിലാക്കുക. വിലയുടെ ഒരു ശതമാനം വാടകയായി ലഭിക്കുന്നുണ്ടെങ്കില്‍ ഒരുപക്ഷേ വായ്പാ തിരിച്ചടവ് അത് ഉപയോഗിച്ച് തന്നെ വീട്ടാനാകും. പ്രോപ്പര്‍ട്ടിയിലെ നിക്ഷേപം ലാഭകരമാകുന്നത് അങ്ങനെയാണ്. അറ്റകുറ്റപ്പണികളോ നവീകരണങ്ങളോ ആവശ്യമാണെങ്കില്‍ വിലയ്‌ക്കൊപ്പം ആ തുക കൂടി കൂട്ടിയശേഷം വേണം ഒരു ശതമാനം റൂള്‍ കണക്കാക്കാന്‍.
ഒരു ശതമാനം റൂളിന്റെ പരിമിതികള്‍
വാങ്ങല്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗമാണ് ഇതെങ്കിലും ഈ നിയമത്തിന് ചില പരിമിതികളുമുണ്ട്. ഭാവിയില്‍ പ്രോപ്പര്‍ട്ടിയുടെ വിലയില്‍ പെട്ടെന്നുണ്ടായേക്കാവുന്ന വര്‍ധന, ഭവനവായ്പകളുടെ നികുതി ആനുകൂല്യങ്ങള്‍, വ്യക്തിപരമായ മുന്‍ഗണനകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നില്ല എന്നതാണത്. വില്‍പനമൂല്യം ഏറെയുള്ളതും എന്നാല്‍ വാടക വരുമാനം താരതമ്യേന കുറഞ്ഞുനില്‍ക്കുന്നതുമായ മേഖലകളിലെ വീടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരു ശതമാനം റൂള്‍ അപ്രസക്തമാകുമെന്ന് റസിഡന്‍ഷ്യല്‍ മേഖലകളിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ഇന്ത്യയിലെ കാര്യം മാത്രം പരിഗണിച്ചാല്‍ വാണിജ്യ കെട്ടിടങ്ങളെ അപേക്ഷിച്ച് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ താരതമ്യേന കുറഞ്ഞ വാടക വരുമാനമാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. മുംബൈ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ പ്രോപ്പര്‍ട്ടിയുടെ വിലയും വാടക നിരക്കും തമ്മില്‍ പൊരുത്തമില്ല എന്നത് മറ്റൊരുവശമാണ്. ഇവിടങ്ങളില്‍ വീടുകള്‍ വാടകയ്ക്ക് എടുക്കുന്നതു തന്നെയാണ് മെച്ചപ്പെട്ട ഓപ്ഷന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates