

ഓരോ ദിവസം കഴിയുന്തോറും ചെലവ് വര്‍ധിച്ച് വരികയാണ്. കിട്ടുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ചെലവിനായി മാറ്റിവെച്ചും ഭാവിക്കായി നിക്ഷേപം നടത്തിയും കൃത്യമായ സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ടു പോകാന്‍ സാധിച്ചാല്‍ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കിട്ടുന്ന വരുമാനത്തിന്റെ തോത് അനുസരിച്ച് വേണം ഇത് പ്ലാന്‍ ചെയ്യേണ്ടത്. ഉദാഹരണമായി 50,000 രൂപ മാസശമ്പളം വാങ്ങുന്ന ഒരാള്‍ കൃത്യമായ പ്ലാനിങ് നടത്തിയാല്‍ ഭാവിയിലേക്ക് വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധിക്കും. അതിനായി സഹായിക്കുന്ന 5 പ്രധാന വഴികള്‍ അറിയാം.
1. 60/20/10 റൂള്‍
മാസവരുമാനം ബജറ്റ് ചെയ്യുന്നതിനായി വ്യാപകമായി പിന്തുടരുന്ന ഒരു രീതിയാണിത്. ഈ രീതി അനുസരിച്ച് വരുമാനത്തെ പ്രധാനമായും മൂന്നായി തിരിക്കാം. മാസവരുമാനത്തിന്റെ 60 ശതമാനം വാടക, വൈദ്യുതി ബില്ലുകള്‍, സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ തുടങ്ങിയ ഒഴിവാക്കാനാവാത്ത ചെലവുകള്‍ക്കായി നീക്കിവെയ്ക്കുക. വരുമാനത്തിന്റെ 20 ശതമാനം ഭാവിയിലെ വളര്‍ച്ചയ്ക്കായി മ്യൂച്ചല്‍ ഫണ്ടുകള്‍, ഓഹരികള്‍, സ്വര്‍ണം തുടങ്ങിയ വിവിധ നിക്ഷേപങ്ങളില്‍ വിനിയോഗിക്കാം. ബാക്കിയുള്ള 20 ശതമാനം ഇഷ്ടങ്ങള്‍ക്കും മറ്റ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാം.
2. 50/30/20 റൂള്‍
ഈ റൂള്‍ പ്രകാരം, വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യ കാര്യങ്ങള്‍ക്കും 30 ശതമാനം ജീവിതശൈലീ ചെലവുകള്‍ക്കും 20 ശതമാനം സമ്പാദ്യത്തിനുമായി മാറ്റിവയ്ക്കുക. വ്യക്തിഗത വായ്പകള്‍, ഭവന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, മറ്റു കടബാധ്യതകള്‍ തുടങ്ങിയവയാണ് അത്യാവശ്യ കാര്യങ്ങള്‍. ഇതിലൂടെ കടം തിരിച്ചടയ്ക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നു.
3. 70/20/10 റൂള്‍
മികച്ച സമ്പാദ്യശീലം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 70-20-10 റൂള്‍ പരീക്ഷിക്കാവുന്നതാണ്. മാസവരുമാനത്തിന്റെ 70 ശതമാനം ഭക്ഷണം, വീട്ടുവാടക, ബില്ലുകള്‍, മറ്റ് ജീവിതശൈലീ ചെലവുകള്‍ എന്നിവയ്ക്കായി മാറ്റിവെക്കുന്നു. വരുമാനത്തിന്റെ 20 ശതമാനം എമര്‍ജന്‍സി ഫണ്ട് (അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തുക), എസ്‌ഐപികള്‍, ഓഹരി വിപണിയിലെ നിക്ഷേപം എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ബാക്കിയുള്ള 10 ശതമാനം ഇന്‍ഷുറന്‍സ് വാങ്ങുന്നതിനും, കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് നീക്കിവെക്കുന്നത്.
4. 80-20 റൂള്‍
സങ്കീര്‍ണ്ണമായ കണക്കുകള്‍ താല്പര്യമില്ലാത്തവര്‍ക്ക് ഈ രീതി സ്വീകരിക്കാം. ശമ്പളം കിട്ടിയാലുടന്‍ അതിന്റെ 20 ശതമാനം സമ്പാദ്യമായി മാറ്റുക. ബാക്കിയുള്ള 80 ശതമാനം (40,000 രൂപ) കൊണ്ട് എല്ലാ ചെലവുകളും നടത്തുക. നിക്ഷേപത്തിന് മുന്‍ഗണന നല്‍കുന്ന രീതിയാണിത്.
5. സീറോ-ബേസ്ഡ് ബജറ്റിങ്
കയ്യിലുള്ള ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. മാസാവസാനം വരുമാനത്തില്‍ നിന്ന് ചെലവുകള്‍ കുറച്ചാല്‍ പൂജ്യം ആയിരിക്കണം ഫലം. അതായത്, ചെലവാക്കിയ പണം കഴിഞ്ഞ് ബാക്കിയുള്ള ഓരോ രൂപയും നിക്ഷേപത്തിലേക്കോ മറ്റ് ലക്ഷ്യങ്ങളിലേക്കോ മുന്‍കൂട്ടി വകയിരുത്തണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates