കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റ്, തൊഴിലാളി യൂണിയനുകളും മാറി: സിജെ ജോര്‍ജ്

'കേരളത്തിന് അനുയോജ്യമായ മേഖലകള്‍ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം'
CJ George, founder and managing director of Geojit Financial Services
CJ George, founder and managing director of Geojit Financial ServicesPhoto | TP Sooraj, Express
Updated on: 
2 min read

കൊച്ചി: കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ സിജെ ജോര്‍ജ്. ഭൂമിയും വൈദ്യുതിയും കുറവെന്ന പരിമിതിയുണ്ടെങ്കിലും ഐടി, പ്രെസിഷന്‍ ഇലക്ട്രോണിക്‌സ് മേഖലകളില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ള ജീവനക്കാരും ഇവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ജീവിതവുമായി ഇഴുകിച്ചേരാന്‍ അവര്‍ക്ക് വളരെ എളുപ്പമാണ്. ബിസിനസ് തുടങ്ങുമ്പോള്‍ കേരളത്തിന് അനുയോജ്യമായ മേഖലകള്‍ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. കൂടുതല്‍ ഭൂമിയോ വലിയ അളവില്‍ വൈദ്യുതിയോ ആവശ്യമില്ലാത്ത വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. തൊഴിലാളി യൂണിയനുകളുടെ കാര്യത്തില്‍ ഗുണപരമായ മാറ്റം വന്നിട്ടുണ്ടെന്നും 'ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'ന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സ്' അഭിമുഖ പരമ്പരയില്‍ സിജെ ജോര്‍ജ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സിജെ. ജോര്‍ജ് ചുമതലയേറ്റത്. മകന്‍ ജോണ്‍സ് ജോര്‍ജ് പുതിയ മാനേജിങ് ഡയറക്ടറായി സ്ഥാനമേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ഓഹരി വിപണിയുടെ നാല് പതിറ്റാണ്ടോളം നീണ്ട വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച അദ്ദേഹം തന്റെ അനുഭവങ്ങളും വിപണിയുടെ മാറ്റങ്ങളും എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കുവെച്ചു.

ഉദാരവല്‍ക്കരണത്തിന്റെ യഥാര്‍ഥ തുടക്കം

ഇന്ത്യയിലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ തുടക്കം 1991ല്‍ മന്‍മോഹന്‍ സിങ്ങിന്റെയും പിവി നരസിംഹറാവുവിന്റെയും കാലത്താണെന്ന പൊതുധാരണ തെറ്റാണെന്നും, അതിന്റെ യഥാര്‍ഥ തുടക്കം രാജീവ് ഗാന്ധി സര്‍ക്കാരില്‍ വിപി സിങ് ധനമന്ത്രിയായിരുന്ന കാലത്താണെന്നും സിജെ ജോര്‍ജ് പറഞ്ഞു. 1980കളുടെ മധ്യത്തില്‍ വിപി സിങ് അവതരിപ്പിച്ച ആദ്യ ബജറ്റിലാണ് കസ്റ്റംസ്, എക്‌സൈസ് തീരുവകള്‍ കുറയ്ക്കാനും ലൈസന്‍സ് രാജ് ലഘൂകരിക്കാനും നടപടിയുണ്ടായത്. 1991-ലെ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ വിശാലവും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായതുമായിരുന്നു. എന്നാല്‍ വിപി സിങ്ങിന്റെ ബജറ്റാണ് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ ഫലമായി പുതിയ കമ്പനികളും നിക്ഷേപകരും വിപണിയിലേക്ക് എത്തി. ജിയോജിത്, മോത്തിലാല്‍ ഓസ്വാള്‍, കോട്ടക് തുടങ്ങിയ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത് ഈ കാലഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

CJ George, founder and managing director of Geojit Financial Services
'പുതിയ ആളുകൾക്കും ഇവിടെ സ്പേസ് ഉണ്ട്, കേരളത്തിൽ ഇനി നിക്ഷേപമില്ല': ഗുണമേന്മയെക്കുറിച്ചും വ്യാവസായിക അന്തരീക്ഷത്തെക്കുറിച്ചും ഡോ. വിജു ജേക്കബ് സംസാരിക്കുന്നു

വിപണിയിലെ അപകടങ്ങള്‍

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O) ട്രേഡിങ് റിസ്‌ക് കുറയ്ക്കാനുള്ളതാണെങ്കിലും, കുറഞ്ഞ ഇടപാട് ചെലവ് കാരണം ഇതൊരു ചൂതാട്ടമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2010-2015 കാലയളവിലെ ഡേറ്റ പരിശോധിച്ച് നടത്തിയ പഠനത്തില്‍, 5 വര്‍ഷം എസ്‌ഐപി തുടര്‍ന്ന എല്ലാ നിക്ഷേപകരും ലാഭമുണ്ടാക്കിയപ്പോള്‍, എഫ് & ഒ ചെയ്ത 95% ചെറുകിടക്കാര്‍ക്കും പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നാണ് ജിയോജിത് എഫ് & ഒ പ്രോത്സാഹിപ്പിക്കുന്നത് കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിപണിയിലെ ദിവസേനയുള്ള വിലമാറ്റങ്ങള്‍ കണ്ട് പരിഭ്രാന്തരാകാതെ, ദീര്‍ഘകാല നിക്ഷേപത്തിന് എസ്‌ഐപി വഴി തുടക്കം കുറിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം. പ്രതിമാസം 10,000 രൂപ വീതം 14% ശരാശരി റിട്ടേണില്‍ 50 വര്‍ഷം നിക്ഷേപിച്ചാല്‍ 100 കോടിയിലധികം രൂപ സമാഹരിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാരേജില്‍ നിന്ന് തുടങ്ങിയ ജിയോജിത്

1984ല്‍ ഡല്‍ഹിയില്‍ സ്റ്റോക്ക് അനലിസ്റ്റായി കരിയര്‍ ആരംഭിച്ച സിജെ ജോര്‍ജ്, 1986ലാണ് സ്വന്തം സംരംഭത്തിലേക്ക് കടക്കുന്നത്. കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അംഗത്വമെടുക്കാന്‍ അപേക്ഷാ ഫീസായ 2,000 രൂപപോലും കൈയിലില്ലാതിരുന്ന താന്‍, ഓഫീസില്‍ നിന്ന് വായ്പയെടുത്താണ് അപേക്ഷ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഫോറെക്‌സ് ബ്രോക്കറായ രണ്‍ജിത് കാഞ്ചിലാലുമായി ചേര്‍ന്ന് 1987 ജനുവരി 1ന് അദ്ദേഹത്തിന്റെ വീടിന്റെ ഗാരേജിലാണ് ജിയോജിതിന് തുടക്കമിട്ടത്. 1992ലെ ഹര്‍ഷത് മേത്ത കുംഭകോണത്തിന് ശേഷം വിപണി തകര്‍ച്ചയിലായപ്പോള്‍ പങ്കാളി പിന്മാറിയെങ്കിലും, സ്ഥാപരേഖകളും ബാധ്യതകളും ഏറ്റെടുത്ത് സിജെ ജോര്‍ജ്ജ് സ്ഥാപനത്തെ മുന്നോട്ട് നയിച്ചു.

1995ല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോംബെയ്ക്ക് പുറത്തേക്ക് വ്യാപിച്ചപ്പോള്‍ അംഗത്വമെടുക്കാന്‍ പണമില്ലാത്തതിനാലാണ് ജിയോജിത് ഐപിഒ നടത്തിയത്. 97 ലക്ഷം രൂപയ്ക്കുള്ള ഐപിഒ 15 മടങ്ങിലധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. അന്ന് കെഎസ്‌ഐഡിസി 50 ലക്ഷം രൂപ നിക്ഷേപിച്ച് 24% ഓഹരി സ്വന്തമാക്കി. അന്ന് അമിതാഭ് കാന്ത് ആയിരുന്നു കെഎസ്‌ഐഡിസി എംഡി. ആ 50 ലക്ഷത്തിന്റെ നിക്ഷേപത്തിന് ഇന്ന് ഏകദേശം 200 കോടി രൂപയുടെ മൂല്യമുണ്ടെന്നും 60 കോടിയോളം രൂപ ഡിവിഡന്റായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കടലാസ് ഓഹരികളില്‍ നിന്ന് ഡീമാറ്റിലേക്ക് മാറിയപ്പോള്‍ കേരളത്തിലെ എല്ലാ പിന്‍കോഡുകളിലും ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് സൗകര്യമെത്തിക്കാന്‍ ജിയോജിതിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CJ George, founder and managing director of Geojit Financial Services
ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍
CJ George, founder and managing director of Geojit Financial Services
യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?
CJ George, founder and managing director of Geojit Financial Services
ഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍, സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടി
Summary

Kerala Not Business-Unfriendly; Trade Unions Have Changed: Geojit Founder CJ George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com