Kerala records highest retail inflation in India at 6.76% in January
ജനുവരിയില്‍ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 6.76 ശതമാനംഫയൽ

രാജ്യത്ത് ഏറ്റവും കൂടുതല്‍ പോക്കറ്റ് കാലിയാകുന്നത് മലയാളികളുടേത്; ജനുവരിയില്‍ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 6.76 ശതമാനം

ജനുവരിയില്‍ രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കേരളത്തില്‍
Published on

തിരുവനന്തപുരം: ജനുവരിയില്‍ രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കേരളത്തില്‍. 6.76 ശതമാനമാണ് ജനുവരിയിലെ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക്. ദേശീയ ശരാശരി അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.31 ശതമാനം രേഖപ്പെടുത്തിയപ്പോഴാണ് കേരളത്തിലെ വര്‍ധന. കേരളത്തില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് തുടരുകയാണ്.

കേരളത്തിന് തൊട്ടുപിന്നില്‍ ഒഡിഷ ആണ്. 6.05 ശതമാനമാണ് ഒഡിഷയിലെ പണപ്പെരുപ്പനിരക്ക്. ഛത്തീസ്ഗഡ് ആണ് മൂന്നാം സ്ഥാനത്ത്. 5.85 ശതമാനം. എണ്ണയുടെ അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് കേരളത്തില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. 7.31 ശതമാനമാണ് കേരളത്തിലെ ഗ്രാമീണ പണപ്പെരുപ്പ നിരക്ക്. നഗര പണപ്പെരുപ്പ നിരക്ക് ആയ 5.81 ശതമാനം മറികടന്നാണ് ഗ്രാമീണ മേഖലയിലെ കുതിപ്പ്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേരളത്തിലെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ ആറുശതമാനത്തിന് മുകളിലാണ്. പണപ്പെരുപ്പ നിരക്ക് ആറുശതമാനത്തില്‍ കൂടാതെ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ വിലക്കയറ്റം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.

'കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം സംസ്ഥാനത്ത് ഉയര്‍ന്ന പണപ്പെരുപ്പമാണ് രേഖപ്പെടുത്തുന്നത്. ജനുവരിയില്‍, കേരളത്തിലെ ഭക്ഷ്യ പണപ്പെരുപ്പം 9.9% ആയിരുന്നു. ദേശീയ ശരാശരിയായ 5.68 ശതമാനം മാത്രമായിരുന്നു. ഇറക്കുമതി ചെയ്ത പണപ്പെരുപ്പമാണിത്, കാരണം എണ്ണകളും കൊഴുപ്പുകളുമാണ് ഇത് ഉയര്‍ത്താന്‍ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍. ജനുവരിയില്‍ ഈ വിഭാഗത്തിന്റെ മാത്രം പണപ്പെരുപ്പനിരക്കില്‍ 52 ശതമാനം വര്‍ധനയുണ്ടായി,'- തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കിരണ്‍ കുമാര്‍ പറഞ്ഞു.

2024 ഒക്ടോബര്‍ മുതല്‍ എണ്ണകളുടെയും കൊഴുപ്പുകളുടെയും വില സ്ഥിരമായി വര്‍ദ്ധിച്ചു. ഒക്ടോബറില്‍ 33%, നവംബറില്‍ 40%, ഡിസംബറില്‍ 44%, ജനുവരിയില്‍ 52% എന്നിങ്ങനെയാണ് പണപ്പെരുപ്പനിരക്ക്. മൊത്തം പണപ്പെരുപ്പത്തില്‍ ഭക്ഷണ, പാനീയങ്ങളുടെ പങ്ക് 47 ശതമാനം ആണ്. ഗതാഗത ചെലവുകളിലെ വര്‍ധനയും വിലക്കയറ്റത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com