

റിസ്‌ക് ഇല്ലാതെ തന്നെ മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്എഫ്ഇ ഒരു മികച്ച ഓപ്ഷനാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഈ സ്ഥാപനത്തില്‍ നിക്ഷേപങ്ങള്‍ക്ക് നൂറ് ശതമാനം സുരക്ഷ ഉറപ്പാണ്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്.
എന്നാല്‍ കൃത്യമായ പ്ലാനിങ്ങിലൂടെ കുറഞ്ഞ കാലയളവില്‍ പരമാവധി ലാഭം നേടാനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കെഎസ്എഫ്ഇയുടെ സബ്സ്റ്റിറ്റിയൂഷന്‍ സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഇടയ്ക്കുവെച്ച് മുടങ്ങിപ്പോയ ചിട്ടികളാണ് ഇവിടെ നേട്ടം കൊണ്ടുവരുന്നത്. കെഎസ്എഫ്ഇയില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അടവ് നിര്‍ത്തുകയോ, വീഴ്ച വരുത്തുകയോ ചെയ്ത വരിക്കാരുടെ ഒഴിവുകളിലേക്ക് പുതിയ ആളുകളെ ഉള്‍പ്പെടുത്തുന്ന സംവിധാനമാണിത്. നടന്നു കൊണ്ടിരിക്കുന്ന ചിട്ടിയില്‍ നിന്ന് പിന്മാറിയ ആളുടെ ഒഴിവിലേക്കാണ് ഇവിടെ പുതിയ ആള്‍ എത്തുന്നത്.
മുന്‍ വരിക്കാരന്‍ അതുവരെ അടച്ച തവണകളുടെ തുക ഒറ്റത്തവണയായി അടച്ച് ചിട്ടി സ്വന്തമാക്കാം എന്നതാണ് പ്രധാനം. പ്രവേശിക്കുമ്പോള്‍ തന്നെ ഈ ചിട്ടി ലേലം ചെയ്ത് എടുക്കാനും സാധിക്കും. ഇവിടെ ചിട്ടി തുക ലഭിക്കുന്നത് വായ്പ ആയിട്ടല്ല, മറിച്ച് സ്വന്തം ചിട്ടി വിളിച്ചെടുക്കുന്നതിലൂടെയാണ്. അതിനാല്‍ തന്നെ ഇവിടെ യാതൊരുവിധ പലിശയും വരുന്നില്ല. ചിട്ടി തുക കൈപ്പറ്റിയ ശേഷം ബാക്കിയുള്ള മാസങ്ങളിലെ തവണകള്‍ കൃത്യമായി അടിച്ചുതീര്‍ത്താല്‍ മാത്രം മതിയാവും.
ഉടന്‍ പണം ആവശ്യമുള്ളവര്‍ക്ക് വായ്പകളേക്കാള്‍ മികച്ച ഓപ്ഷന്‍ ആണിത്. വര്‍ഷങ്ങളോളം കാത്തിരിക്കാതെ, പകുതിയോ അതില്‍ കൂടുതലോ പൂര്‍ത്തിയായ ചിട്ടി ഈ സ്‌കീം വഴി സ്വന്തമാക്കാന്‍ സാധിക്കും. പുതിയ ചിട്ടിയില്‍ 40 മുതല്‍ 60 മാസം വരെ കാത്തിരിക്കേണ്ട സ്ഥാനത്ത്, കുറഞ്ഞ മാസങ്ങള്‍ മാത്രം അടച്ച് ചിട്ടി പൂര്‍ത്തിയാക്കാനും സാധിക്കും. മുന്‍ മാസങ്ങളില്‍ ലഭിച്ച ലാഭവിഹിതം കിഴിച്ച് ബാക്കി വരുന്ന തുക മാത്രം അടച്ചാലും മതിയാകും.
ലേലം വിളിച്ചാല്‍ ഉടന്‍ തുക ലഭിക്കാന്‍ ആവശ്യമായ സാലറി സര്‍ട്ടിഫിക്കറ്റ്, വസ്തു പ്രമാണം, സ്ഥിര നിക്ഷേപ രേഖകള്‍, ജാമ്യങ്ങള്‍ പോലുള്ള മുന്‍കൂട്ടി തയ്യാറാക്കുക. മുന്‍ മാസങ്ങളിലെ ലാഭവിഹിതം കുറച്ചുള്ള തുക കണക്കാക്കി, നിക്ഷേപം ലാഭകരമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചിട്ടി തെരഞ്ഞെടുക്കുക. ചിട്ടിയിലെ ലേല കിഴിവ് കുറയുന്ന അവസാന ഘട്ടങ്ങളില്‍ പ്രവേശിച്ച് ലേലം വിളിച്ചാല്‍ പരമാവധി തുക കൈയില്‍ കിട്ടും. മുന്‍ മാസങ്ങളിലെ തുക ഒന്നിച്ച് അടയ്ക്കേണ്ടതിനാല്‍ പ്രാരംഭത്തില്‍ ഉയര്‍ന്ന തുക കൈയില്‍ ആവശ്യമായി വരും. ചിട്ടി ലേലം വിളിച്ചെടുത്താല്‍ കൃത്യമായ ജാമ്യം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തുക കൈപ്പറ്റാന്‍ വൈകും. അല്ലാത്ത പക്ഷം കെഎസ്എഫ്ഇയുടെ തന്നെ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീം ഉപയോഗപ്പെടുത്തേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates